വനിതകൾക്ക് ഭാഗിക പൗരോഹിത്യം, പരിണാമ സിദ്ധാന്തത്തിന് അംഗീകാരം; കത്തോലിക്ക സഭയിൽ മാറ്റത്തിന്റെ മണിമുഴക്കം
സ്ത്രീകൾക്ക് പൗരോഹിത്യം നൽകരുതെന്ന ഇന്നോളമുള്ള വിശ്വാസപ്രമാണം കത്തോലിക്കാ സഭ ഉപേക്ഷിക്കുകയാണെന്ന വിവരമാണ് വത്തിക്കാനിൽ നടക്കുന്ന പ്രത്യേക സിനഡിൽ നിന്ന് പുറത്തുവരുന്നത്. സ്ത്രീകൾക്ക് ഭാഗിക പൗരോഹിത്യം നൽകുക എന്ന കാതലായ മാറ്റത്തിനു സിനഡിൽ പൊതു ധാരണയായി എന്നാണ് പുറത്തുവരുന്ന വിവരം.
വത്തിക്കാൻ കാര്യാലയത്തിലെ കർദ്ദിനാൾ മൈക്കിൾ സേർനി വത്തിക്കാൻ വക്താവ് പാബ്ലോ റൂഫിനിക്കൊപ്പം സിനഡാലിറ്റിയെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയിൽ സ്ത്രീകൾക്ക് ഭാഗിക പൗരോഹിത്യം നല്കുമെന്നതിനെപ്പറ്റി വ്യക്തമായ സൂചനയുണ്ടായിരുന്നു. ഇപ്പോൾ തന്നെ കത്തോലിക്ക സഭയിൽപ്പെട്ട ചില വ്യക്തിസഭകളിൽ വിവാഹിതരായ പുരുഷൻമാർക്ക് ഡീക്കൻ പദവി അനുവദിച്ച് നൽകുന്നുണ്ട്. ഇതിന് തുല്യമായി സഭയിൽ ആകമാനം സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകാമെന്നാണ് പൊതുസമവായം. കത്തോലിക്ക സഭയിലെ ഏഴ് കൂദാശകളിൽ, വൈദികരുടെ ആറ് കൂദാശ അവകാശങ്ങളിൽ നിന്ന്, മൂന്നെണ്ണം സ്ത്രീകൾക്ക് നൽകും. വിവാഹം, മാമോദിസ , രോഗിലേപനം എന്നീ കൂദാശകളാണ് ഡിക്കന്മാരായ സ്ത്രീകൾ നൽകുക. കുർബാന, കുമ്പസാരം, സ്തൈര്യ ലേപനം എന്നിവ മാത്രമാണ് സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്തത്. പൗരോഹിത്യം എന്ന കൂദാശ മെത്രാൻ മാർക്ക് മാത്രം അവകാശപ്പെട്ടതാണ്.
കത്തോലിക്ക സഭയിലെ ഏഴ് കൂദാശകളിൽ, വൈദികരുടെ ആറ് കൂദാശ അവകാശങ്ങളിൽ നിന്ന്, മൂന്നെണ്ണം സ്ത്രീകൾക്ക് നൽകും
ഫ്രാൻസിസ് മാർപാപ്പ സ്ത്രീ പൗരോഹിത്യത്തിനായി നടത്തിയ നിരന്തര പോരാട്ടമാണ് ഈ തീരുമാനത്തോടെ ഭാഗിക വിജയം നേടിയിരിക്കുന്നത്. സ്ത്രീ പൗരോഹിത്യം അനുവദിക്കില്ലെന്ന കടുത്ത നിലപാട് യാഥാസ്ഥിതിക പക്ഷം സിനഡിൽ സ്വീകരിച്ചു. ഇതോടെയാണ് സ്ത്രീകൾക്ക് ഡീക്കൻ പദവി എന്ന തന്ത്രപരമായ നിർദ്ദേശം മാർപാപ്പ മുന്നോട്ടുവച്ചത്. സ്ത്രീകൾക്ക് ഭാഗിക പൗരോഹിത്യം നൽകുന്നതിനും വോട്ടെടുപ്പ് വേണമെന്ന് യാഥാസ്ഥിതിക പക്ഷം ആവശ്യപ്പെട്ടു. സിനഡിൽ വോട്ടെടുപ്പ് നടന്നാൽ പരിഷ്കരണ വാദികൾ തോൽക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് അടുത്ത വർഷം നടക്കുന്ന പ്രത്യേക സിനഡിന്റെ രണ്ടാം ഭാഗത്തിൽ മാത്രമേ വോട്ടെടുപ്പ് പറ്റൂ എന്ന് മാർപാപ്പയും നിലപാടെടുത്തു. ഈ തന്ത്രമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.
നിലവിൽ എപ്പിസ് കോപ്പൽ സഭകളിൽ ആംഗ്ലിക്കൻ പാരമ്പര്യം പിൻ തുടരുന്ന പ്രൊട്ടസ്റ്റന്റ് സഭകൾ മാത്രമാണ് സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നത്. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരും പുരുഷന്മാരായിരുന്നു എന്ന വിശ്വാസത്തെ മുൻനിർത്തിയാണ് മറ്റു സഭകൾ സ്ത്രീകളോട് മുഖം തിരിക്കുന്നത്. ഈ സമീപനത്തിലാണ് ചരിത്രപരമായ തിരുത്തൽ ഉണ്ടാകുന്നത്.
സ്വവർഗ വിവാഹം ആശീർവദിക്കുന്നതാണ് ഇനി സിനഡ് ചർച്ച ചെയ്യാൻ പോകുന്ന അജണ്ട
സ്വവർഗ വിവാഹം ആശീർവദിക്കുന്നതാണ് ഇനി സിനഡ് ചർച്ച ചെയ്യാൻ പോകുന്ന അജണ്ട. യാഥാസ്ഥിതിക പക്ഷത്തിന് ഏറ്റവും എതിർപ്പുള്ള കാര്യമാണെങ്കിലും ഈ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പോപ്പ് ഫ്രാൻസിസ് പരസ്യമായി പ്രഖ്യാപിച്ചു. സിനഡ് നടക്കുന്നതിനിടെ സ്വവർഗ അനുരാഗികളുടെ അമേരിക്കൻ ഗ്രൂപ്പുമായി മാർപാപ്പ ചർച്ച നടത്തി. കർദിനാൾ സംഘവും അമേരിക്കൻ മെത്രാൻ സംഘവും വത്തിക്കാനിൽ കടക്കരുതെന്ന് പറഞ്ഞ സ്വവർഗാനുരാഗികളുടെ ഗ്രൂപ്പിനെ വത്തിക്കാനിൽ വിളിച്ചു വരുത്തിയായിരുന്നു മാർപാപ്പയുടെ ചർച്ച. വത്തിക്കാൻ കാര്യാലയത്തിൽ 50 മിനിറ്റ് നീണ്ട കൂടികാഴ്ച്ച യാഥാസ്ഥിതിക ചേരിയെ അങ്ങേയറ്റം ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷെ, ഏറെ വൈകാരികമായ വിഷയമായത് കൊണ്ട് തന്നെ സ്വവർഗ വിവാഹ ആശീർവാദ വിഷയത്തിൽ വിപ്ലവകരമായ തീരുമാനമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചനകൾ.
പരിണാമ സിദ്ധാന്തം അംഗീകരിക്കണമെന്ന് അസാധാരണ സിനഡ് വിളിച്ച് ചേർത്ത് മാർപാപ്പ ആവശ്യപ്പെട്ടപ്പോൾ തുടങ്ങിയ തർക്കമാണ് മറ്റു വിഷയങ്ങളിലേക്കും കടന്നു തുടരുന്നത്. ബൈബിളിലെ ഉല്പത്തി അടക്കമുള്ള പുസ്തകങ്ങൾ നീക്കം ചെയ്യാൻ പറ്റില്ലെന്ന് കൊളംബിയൻ ആർച്ച് ബിഷപ്പ് മിഗ്വേ ൽ ഗോമസ് സിനഡിൽ നിന്നിറങ്ങി മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ പ്രഖ്യാപിച്ചു. ഡിക്കാസ്റ്ററി പുറത്തിങ്ങുമ്പോൾ മാത്രമേ ചർച്ചാ വിഷയങ്ങൾ പുറത്ത് പറയു എന്ന് സത്യപ്രതിജ്ഞ ചെയ്യതവരാണ് സിനഡ് അംഗങ്ങൾ. എന്നാൽ പതിവില്ലാതെ യാഥാസ്ഥിതിക പക്ഷം വിവരങ്ങൾ പരസ്യമാക്കാൻ ബോധപൂർവം ശ്രമിക്കുന്നതായി കാണാം. അതിന്റെ അർഥം നടന്നുവരുന്ന വത്തിക്കാൻ സിനഡിൽ കടുത്ത തർക്കങ്ങൾ തുടരുന്നുവെന്നാണ്.
പരിഷ്കരണവാദികൾക്ക് സംസാരിക്കാൻ സമയം നൽകി തുടങ്ങിയതോടെ ചർച്ചകൾക്ക് തീപിടിച്ച് തുടങ്ങി. ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനും, ഡൊമിനിക്കൻ സന്യാസസമൂഹ അംഗവുമായ ഫാ. തിമോത്തി റാഡ്ക്ലിഫ് ആവശ്യപ്പെട്ടത് സഭയിൽ സമ്പൂർണ അഴിച്ചു പണിയാണ്. ഇതിനെ പിൻതുണച്ച് കർദ്ദിനാൾ ജീൻ - ക്ലൂ ഡേ രംഗത്തെത്തി. സാധാരണ വിശ്വാസികളുടെ അധികാരത്തെക്കുറിച്ച് ചർച്ച വേണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു. പങ്കാളിത്തം, ഭരണം, എന്നിവയിൽ അവസാന വാക്ക് വിശ്വാസികളുടേതാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.