ചാള്‍സ് മൂന്നാമന്‍
ചാള്‍സ് മൂന്നാമന്‍

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവായി അധികാരമേറ്റു

രാജഭരണകൂടത്തിന്റെ ഉപദേഷ്ടാക്കളായ 200 മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന പ്രിവി കൗണ്‍സില്‍ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
Updated on
1 min read

ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. സെന്റ് ജയിംസ് കൊട്ടാരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നായിരുന്നു ചടങ്ങുകള്‍. മുതിര്‍ന്ന രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട അക്‌സെഷന്‍ കൗണ്‍സിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജഭരണകൂടത്തിന്റെ ഉപദേഷ്ടാക്കളായ 200 മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന പ്രിവി കൗണ്‍സില്‍ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി സ്ഥാനാരോഹണ ചടങ്ങുകള്‍ ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്തു.

പ്രിവി കൗണ്‍സിലിന് മുന്നിലാണ് ചാള്‍സ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഭാര്യ കാമില സാക്ഷിയായി ഒപ്പുവെച്ചു. ഇതോടെ ചാള്‍സ് രാജകുമാരന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് എന്നാകും അറിയപ്പെടുക. അധികാരമേറ്റതിനു പിന്നാലെ, ചാള്‍സ് രാജാവ് അക്‌സെഷന്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു. എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രസംഗം.

നന്മയുടേയും ദയയുടേയും മാതൃകയായിരുന്നു അമ്മ. അമ്മയുടെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രമിക്കും. അമ്മ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് നല്‍കിയ ആജീവനാന്ത സേവനം നല്‍കാന്‍ ഞാനും ബാധ്യസ്ഥനാണ്. ഭരണഘടനയില്‍ അനുസൃതമായ ഒരു സര്‍ക്കാരിനെ ചേര്‍ത്തുപിടിച്ച് സമാധാനവും ഐക്യവും സമൃദ്ധിയും നിലനില്‍ക്കുന്ന ലോകം കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. ഭാര്യ കാമിലയുടെ പിന്തുണയ്ക്കും ചാള്‍സ് നന്ദി അറിയിച്ചു.

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ്. 73 വയസുകാരനായ ചാള്‍സ് ബ്രിട്ടീഷ് രാജപദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ചാള്‍സ് ഫിലിപ്പ് ആര്‍ഥര്‍ ജോര്‍ജ് എന്നാണ് യഥാര്‍ഥ പേര്. ചാള്‍സിന്റെ ഭാര്യ കാമിലയാകും ബ്രിട്ടീഷ് രാജ്ഞി. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആധുനികവൽക്കരണത്തെ ഉൾക്കൊള്ളുന്നയാൾ കൂടിയാണ് ചാൾസ്. യൂണിവേഴ്സിറ്റി ബിരുദം നേടിയ ബ്രിട്ടന്റെ ആദ്യ അവകാശി കൂടിയാണ് അദ്ദേഹം. ചാൾസ് രാജാവിന്റെ സ്ഥാനാരോഹണത്തോടെ, 40-കാരനായ വില്യം രാജകുമാരൻ അനന്തരാവകാശിയായി മാറും.

logo
The Fourth
www.thefourthnews.in