അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്; 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്; 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

പ്രീ സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്
Updated on
1 min read

യുഎസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികള്‍ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. പ്രീ സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. കൗമാരക്കാരിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് അക്രമി കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിയാനുള്ള പോലീസിന്റെ ശ്രമം തുടരുകയാണ്. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

സ്കൂള്‍ കെട്ടിടത്തിലെ ഓഫീസ് ഏരിയയിലാണ് ആക്രമണം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെടിയേറ്റ മൂന്ന് കുട്ടികളെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. മരിച്ച കുട്ടികളുടെയും മുതിർന്നവരെയും പ്രായമോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല.

കുറച്ചു വർഷങ്ങളായി യുഎസിലെ സ്കൂളുകളിൽ തോക്കുധാരികളുടെ ആക്രമണങ്ങൾ കൂടിവരികയാണ്. ഞായറാഴ്ച കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റിരുന്നു. ഗുരുദ്വാര സാക്രമെന്റോ സിഖ് സൊസൈറ്റി ക്ഷേത്രത്തിലെ ആഘോഷപരിപാടിക്കിടെയായിരുന്നു വെടിവയ്പുണ്ടായത്.

അടുത്തിടെ ടെക്സസിലെ ഉവാൾഡെയിലെ ഒരു പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 19 വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ഈസ്റ്റ് ലാൻസിങ് മിഷിഗണിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2023ൽ മാത്രം ഏകദേശം 128 കൊലപാതകങ്ങൾ തോക്കുധാരികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. 2022ൽ കൊല്ലപ്പെട്ടവർ 646 ആണ്.

logo
The Fourth
www.thefourthnews.in