ബലൂൺ വെടിവച്ചു വീഴ്ത്തിയതിനെതിരെ ചൈന; തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ്
യു എസ് ആകാശത്തേക്ക് വഴി തെറ്റിയെത്തിയെന്ന് ചൈന അവകാശപ്പെടുന്ന ചൈനീസ് ബലൂണ്‍ വെടിവെച്ച് വീഴ്തിയതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചൈന. ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് യുഎസിന്റേതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിലേക്കുളള കടന്നുകയറ്റമാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം
യുഎസ് ആകാശത്ത് കണ്ട ബലൂണ്‍ ചൈനയുടേതാണെന്ന് ബെയിജിംഗ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ബലൂണ്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ളതാണെന്നും അത് വഴിതെറ്റിവന്നതാണെന്നുമായിരുന്നു വാദം. വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് ചൈന രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ ചൈനയുടെത് ചാര ബലൂണാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് യുഎസ് നിലപാട്. ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും അമേരിക്കയുടെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ പരമാധികാരത്തിലേക്കുളള കടന്നുകയറ്റമാണിതെന്നും അമേരിക്ക ആരോപിച്ചിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനാ യാത്ര മാറ്റിവച്ചിരുന്നു
ചൈനീസ് ബലൂണിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനാ യാത്ര മാറ്റിവച്ചിരുന്നു.
പോര്‍ വിമാനങ്ങളെ ഉപയോഗിച്ചാണ് ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ കരോലിന തീരത്തിന് സമീപം വച്ച് യുഎസ് തകര്‍ത്തത്. അമേരിക്കന്‍ തീരത്ത് നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബലൂണ്‍ പതിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചിന് സമീപം ആഴം കുറഞ്ഞ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയ ശേഷമായിരുന്നു നടപടി.