തായ്‌വാനിലേക്ക് ചൈനയുടെ മിസൈലുകൾ, മേഖല സംഘർഷ ഭരിതം

തായ്‌വാനിലേക്ക് ചൈനയുടെ മിസൈലുകൾ, മേഖല സംഘർഷ ഭരിതം

മിസൈൽ വിക്ഷേപണം സംഘർഷത്തിന് കാരണമാകുമെന്ന് അമേരിക്കയുടെ പ്രതികരണം
Updated on
2 min read

യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി തായ് വാന്‍ കടലിടുക്ക്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈനികാഭ്യാസങ്ങള്‍ക്ക് പിന്നാലെ ചൈന 11 മിസൈലുള്‍ തായ്‌വാനെ ലക്ഷ്യമാക്കി പ്രയോഗിച്ചു. തങ്ങളുടെ ജലാതിർത്തിയാലാണ് മിസൈലുകൾ പതിച്ചതെന്ന് ജപ്പാൻ ആരോപിച്ചു. കൂടുതൽ സൈനിക വിന്യാസത്തിനും പ്രകടനത്തിനും ചൈന തയ്യാറെടുക്കുകയാണെന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ചൈനയുടെ വിക്ഷേപണത്തെ അമേരിക്ക ശക്തമായി വിമർശിച്ചു. ഇതോടെ മേഖല വീണ്ടും സംഘർഷ ഭരിതമായി

അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കറുടെ സന്ദര്‍ശനം മറയാക്കി പ്രകോപനപരമായ നീക്കങ്ങളാണ് ചൈന സ്വീകരിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഇപ്പോള്‍ നടത്തന്നത് പോലുള്ള മീസൈല്‍ വിക്ഷേപങ്ങള്‍ കണക്കുകുട്ടലുകള്‍ പോലെ നടന്നില്ലെങ്കില്‍ അത് വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

വ്യാഴാഴ്ചയാണ് ചൈനീസ് കപ്പലുകളില്‍നിന്ന് തൊടുത്ത മിസൈലുകള്‍ മറ്റ്‌സു, വുഖ്‌ലു, ഡോന്‍ഗ്വിന്‍ ദ്വീപുകള്‍ക്കരികെ പതിച്ചതായി തായ്‌വാന്‍ സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളുടെയും യുദ്ധക്കപ്പുകള്‍ മുഖാമുഖം നില്‍ക്കുന്ന നിലയിലേക്കും സംഘര്‍ഷം നീണ്ടു. ചൈന നിരന്തരം ഭീഷണി സൃഷ്ടിക്കുകയാണെന്ന് തായ്‌വാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മിസൈലുകള്‍ ലക്ഷ്യം തെറ്റി തങ്ങളുടെ പ്രദേശത്താണ് വീണതെന്ന് ജപ്പാന്‍ ആരോപിച്ചു. തങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഈ നീക്കത്തെ കണക്കാക്കുമെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി നോബൗ കിഷി പ്രതികരിച്ചു. യുഎസ് സഖ്യകക്ഷിയായ ജപ്പാന്റെ നിലപാട് മേഖലയെ കുടുതല്‍ ആശങ്കയിലേക്ക് തള്ളിവിടുന്നതാണ്.

ചൈനയുടെ നടപടിയെ കുറ്റപ്പെടുത്തി വൈറ്റ് ഹൗസ് രംഗത്ത് എത്തി. 'തായ്വാന്‍ കടലിടുക്കിലും പരിസരത്തും പ്രകോപനപരമായ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്പീക്കറുടെ സന്ദര്‍ശനത്തെ ചൈന ഉപയോഗിക്കുകയാണ് എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം. വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

അമേരിക്ക തീ കൊണ്ടാണ് കളിക്കുന്നതെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് സ്പീക്കറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈന മുന്നറിയിപ്പ് നല്‍കിയത്. ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നതാണ് ഇപ്പോള്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നത്. തായ് വാന്റെ സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രകാരം ഏകദേശം നൂറോളം വിമാനങ്ങളും പത്തോളം യുദ്ധക്കപ്പലുകളുമാണ് വ്യോമാതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്.

ചൈനയുടെ ഈ സൈനികാഭ്യാസത്തെ ജി 7 രാജ്യങ്ങള്‍ ശക്തമായ അപലപിച്ചിട്ടുണ്ട്. തായ് വാനെന്ന കൊച്ചു ദ്വീപിന് ചൈനയെ പോലൊരു വലിയ സൈനിക ശക്തിയുമായുള്ള ഏറ്റുമുട്ടല്‍ സാധ്യതകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വലിയ സൈനിക ശക്തിയായ ചൈനയുമായി തായ് വാനെപ്പോലൊരു കൊച്ചു ദ്വീപിന് സംഘര്‍ഷത്തിലേര്‍പ്പെടേണ്ട സാഹചര്യം ഒരുപാട് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

സൈനികാഭ്യാസം തുടങ്ങിയെന്ന് ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് വ്യാഴാഴ്ച്ചയാണ്. സൈനികാഭ്യാസം അഞ്ച് ദിവസം തുടരുമെന്നാണ് മുന്നറിയിപ്പ്. അതേ സമയം ചൈനയുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പതിച്ചത്. ഇത്തരത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ സൈനികാഭ്യാസം നടത്തുന്നതില്‍ ജപ്പാനും ചൈനയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ ചൈനയുടെ അക്രമങ്ങളെ തടയാന്‍ തായ് വാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനമാണ് സ്ഥിതിഗതികള്‍ ഇത്തരത്തില്‍ വഷളാക്കിയത്. ശക്തമായ ജനാധിപത്യ ആശയങ്ങളുള്ള ഒരു സ്വതന്ത്ര രാജ്യമാണെന്നാണ് തായ് വാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ തായ് വാന്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

തായ് വാന്റെ നയങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ആരും ഇടപെടരുതെന്നും ചൈന വാദിച്ചിരുന്നു. യുഎസിന്റെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങളില്‍ ഇടപെടല്‍ ശ്രമമുണ്ടായതാണ് ചൈനയെ പ്രകോപിപ്പിച്ചത്. തായ് വാന്റെ നയങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമത്തെ ഇക്കാലമത്രയും ചൈന എതിര്‍ത്തിരുന്നു. ഈ വിഷയത്തില്‍ ചൈനയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in