ഭൂപടത്തില്‍ മാത്രമല്ല ചൈനയുടെ നീക്കം; തുരങ്കങ്ങളും ഷെല്‍ട്ടറുകളും ബങ്കറുകളുമായി അക്സായി ചിന്നില്‍ വന്‍ രഹസ്യനിര്‍മാണങ്ങൾ

ഭൂപടത്തില്‍ മാത്രമല്ല ചൈനയുടെ നീക്കം; തുരങ്കങ്ങളും ഷെല്‍ട്ടറുകളും ബങ്കറുകളുമായി അക്സായി ചിന്നില്‍ വന്‍ രഹസ്യനിര്‍മാണങ്ങൾ

നാല് ബങ്കറുകളും മൂന്ന് ടണൽ ഏരിയകളും അഞ്ച് തുരങ്കങ്ങളും മലഞ്ചെരുവിൽ നിർമിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത്
Updated on
2 min read

അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയ ചൈന അക്സായി ചിൻ മേഖലയിൽ ഭൂമിക്കടിയിൽ വൻതോതിൽ രഹസ്യ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വ്യോമ, മിസൈൽ ആക്രമണങ്ങളിൽനിന്ന് സൈനിക സാമഗ്രികൾ സംരക്ഷിക്കുന്നതിന് മലയിടുക്കിൽ തുരങ്കങ്ങൾ നിർമിച്ച് ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഭൗമനിരീക്ഷ ഉപഗ്രഹ സ്ഥാപനമായ മാസ്‌കര്‍ ടെക്‌നോളജീസാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

വടക്കൻ ലഡാക്കിലെ ഡെപ്‌സാങ് സമതലത്തിൽനിന്ന് 60 കിലോമീറ്റർ കിഴക്കായാണ് സൈനികർക്കും ആയുധങ്ങൾക്കുമായി ഒന്നിലധികം ഷെൽട്ടറുകളും ബങ്കറുകളും ചൈന നിർമിക്കുന്നത്. ഇതിനായി ഇടുങ്ങിയ നദീതടത്തിലൂടെയുളള കുന്നിൻ ചെരുവിലേക്ക് തുരങ്കങ്ങൾ നിർമിക്കുന്നത് ഉപഗ്രഹചിത്രങ്ങളിൽ വ്യക്തമാണ്.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള യഥാർഥ നിയന്ത്രണരേഖയുടെ കിഴക്കാണ് അക്സായി ചിൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യ സ്വന്തം പ്രദേശമായി അവകാശവാദമുന്നയിക്കുന്ന പ്രദേശം നിലവിൽ ചൈനയുടെ കൈവശമാണുള്ളത്.

മാക്‌സർ പുറത്തുവിട്ട ചിത്രങ്ങൾ പ്രകാരം കുറച്ച് മാസങ്ങളായി വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര ജിയോ-ഇന്റലിജൻസ് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. നദീതടത്തിന്റെ ഇരു കരകളിലുമായി 11 പോർട്ടലുകൾ നിർമിച്ച് ഇന്ത്യൻ വ്യോമാക്രമണത്തിൽനിന്നും മിസൈലുകളിൽനിന്നും തങ്ങളുടെ സൈനികരെയും ആയുധങ്ങളെയും സംരക്ഷിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാല് ബങ്കറുകളും മൂന്ന് ടണൽ ഏരിയകളും അഞ്ച് തുരങ്കങ്ങളും മലഞ്ചെരുവിൽ നിർമിച്ചതായാണ് ചിത്രങ്ങളിൽനിന്ന് മനസിലാവുന്നു. നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണ് നീക്കുന്നതിനുള്ള വലിയ യന്ത്രങ്ങൾ ഒന്നിലധികം സ്ഥലങ്ങളിൽ കാണാം. താഴ്‌വരയ്ക്ക് കുറുകെയുള്ള ഒരു റോഡ് വീതികൂട്ടിയതായും ഓഗസ്റ്റ് 18 മുതലുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്നു. നേരിട്ടുള്ള ആക്രമണങ്ങളിൽനിന്ന് അധിക സംരക്ഷണം നൽകുന്നതിനായി ബങ്കറുകൾക്ക് ചുറ്റുമുള്ള മണ്ണ് ഉയർത്തിയതും ചിത്രങ്ങളിൽ വ്യക്തമാണ്.

1962 ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും അക്രമാസക്തമായ ഏറ്റുമുട്ടലായിരുന്നു 2020 മേയിൽ വടക്കുകിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നടന്നത്. ജൂൺ 15 ന്, ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കാലാൾപ്പട ബറ്റാലിയനിലെ കമാൻഡിങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ കരസേനാ ജവാന്മാർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ലഡാക്ക് മേഖലയിലെ റോഡ്, ടണൽ നിർമാണം ഇന്ത്യ വളരെയധികം ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ശ്രീനഗറിലെയും അവന്തിപുരയിലെയും പരമ്പരാഗത യുദ്ധവിമാന താവളങ്ങൾക്കുപുറമെ പാങ്കോങ് തടാകത്തിന് സമീപം 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ന്യോമയിലെ എയർ ലാൻഡിങ് ഗ്രൗണ്ടിന്റെ റൺവേ നീട്ടാനും വ്യോമസേന ശ്രമിക്കുന്നുണ്ട്. ഈ റൺവേ നീട്ടുന്നത് ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്ന് 50 കിലോമീറ്ററിന് അടുത്തുള്ള സ്ഥലത്ത് മേധാവിത്വം പുലർത്താൻ വ്യോമസേനയെ സഹായിക്കും. ഈ സാഹചര്യത്തിൽ ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ഫോഴ്‌സ് അനാലിസിസ് ചീഫ് മിലിട്ടറി അനലിസ്റ്റ് സിം ടാക്ക് വിലയിരുത്തുന്നു.

ഭൂപടത്തില്‍ മാത്രമല്ല ചൈനയുടെ നീക്കം; തുരങ്കങ്ങളും ഷെല്‍ട്ടറുകളും ബങ്കറുകളുമായി അക്സായി ചിന്നില്‍ വന്‍ രഹസ്യനിര്‍മാണങ്ങൾ
'പുതിയ ഭൂപടം ഇറക്കിയത് കൊണ്ട് ഒന്നും മാറില്ല'; ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഇന്ത്യ

അതിർത്തിയോട് ചേർന്ന് ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെയും ചൈന അക്സായി ചിന്നിൽ ഇന്ത്യൻ വ്യോമസേനയുടെ ആധിപത്യത്തിന് ഒപ്പമെത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റലിന്റെ മുൻനിര സാറ്റലൈറ്റ് ഇമേജറി വിദഗ്ധനായ ഡാമിയൻ സൈമൺ പറയുന്നു.

ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം, ഇന്ത്യ ദീർഘദൂര റോക്കറ്റ് സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കണക്കിലെടുത്താണ് ചൈനയുടെ ഇപ്പോഴത്തെ നീക്കങ്ങളെന്നും പ്രമുഖ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പായ ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസിന്റെ സിഇഒ സമീർ ജോഷി വിലയിരുത്തി. ഷെൽട്ടറുകൾ, ബങ്കറുകൾ, തുരങ്കങ്ങൾ, റോഡുകളുടെ വീതി കൂട്ടൽ എന്നിവ ഉൾപ്പെടെയുള്ള വൻ നിർമാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തിൽ അരുണാചൽ പ്രദേശ്, അക്‌സായി ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രം​ഗത്തെത്തിയിരുന്നു. " ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങളുള്ള ഭൂപടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതവരുടെ പഴയ ശീലമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടങ്ങൾ ഇറക്കിയാൽ ഒന്നും മാറാൻ പോകുന്നില്ല. ഞങ്ങളുടെ പ്രദേശങ്ങൾ ഏതാണെന്നത് സംബന്ധിച്ച് സർക്കാരിന് വളരെ വ്യക്തതയുണ്ട്. അസംബന്ധ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് മറ്റുള്ളവരുടെ പ്രദേശങ്ങൾ നിങ്ങളുടേതാക്കില്ല," വിദേശകാര്യ മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in