ചാരവൃത്തിക്കുറ്റം: അമേരിക്കൻ പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ചൈന
ചാരവൃത്തി ആരോപിച്ച് എഴുപത്തിയെട്ടുകാരനായ അമേരിക്കൻ പൗരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ചൈന. ഹോങ്കോങ്ങിലെ സ്ഥിരതാമസക്കാരനായ ജോൺ ഷിങ്-വാൻ ലിയുങിനെയാണ് ശിക്ഷിച്ചതെന്ന് കിഴക്കൻ നഗരമായ സുഷൗവിലെ ഇന്‍റർമീഡിയറ്റ് പീപ്പിൾസ് കോടതിയുടെ പ്രസ്താവനയിൽ പറയുന്നു.
2021 ഏപ്രിലിലാണ് ലിയുങിനെതിരെ സുഷൗ അധികൃതർ നിയമപ്രകാരം നിർബന്ധിത നടപടികൾ സ്വീകരിച്ചത്. എന്നാൽ അറസ്റ്റ് ചെയ്തത് എപ്പോഴാണെന്നത് വ്യക്തമല്ല. കുറ്റാരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങൾ കോടതി പ്രസ്താവനയില്‍ നല്‍കിയിട്ടില്ല.
ലിയുങ്ങിന്റെ വ്യക്തിഗത സ്വത്തുക്കളും കോടതി കണ്ടുകെട്ടി. 2014 ല്‍ ചാരവൃത്തി വിരുദ്ധ നിയമം കൊണ്ടുവന്നതിന് ശേഷം ചൈനയില്‍ തടവിലാക്കപ്പെട്ട പതിനേഴാമത്തെ വിദേശപൗരനാണ് ഇദ്ദേഹം. ലിയുങ്ങിന്റെ ശിക്ഷ സംബന്ധിച്ച് ബീജിങിലെ അമേരിക്കൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയിൽ വിദേശ പൗരന്മാര്‍ക്കെതിരെ ഇത്തരം കനത്ത ശിക്ഷാവിധികള്‍ താരതമ്യേന കുറവാണ്.
അതേസമയം, ലിയുങ്ങിന്റെ അറസ്റ്റ് അമേരിക്ക-ചൈന ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് കരുതുന്നത്. ചാരബലൂണിനെച്ചൊല്ലി ചൈനയും അമേരിക്കയും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് ചൈന ചാരവൃത്തി വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. ചാരവൃത്തിയുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് ഭേദഗതിയിലൂടെ ചെയ്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അധികൃതർക്കല്ലാതെ കൈമാറുന്നത് നിരോധിച്ചതാണ് അതില്‍ പ്രധാനപ്പെട്ടവ.
അതേമാസം പ്രമുഖ മാധ്യമപ്രവര്‍ത്തകനെതിരെ ചൈന ചാരവൃത്തിക്കുറ്റം ചുമത്തി. കമ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്വാങ്‌മിങ് ഡെയ്‌ലിയിലെ മുതിർന്ന കോളമിസ്റ്റായ ഡോങ് യുയുവിനെതിരെയാണ് കുറ്റം ചുമത്തിയത്. ഇതിന് ഒരു വർഷം മുൻപ് 2022 ഫെബ്രുവരിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജാപ്പനീസ് നയതന്ത്രജ്ഞനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ റസ്റ്റോറന്റിൽനിന്നാണ് ഡോങ് യുയുവിനെ അറസ്റ്റ് ചെയ്തത്. നയതന്ത്രജ്ഞനെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഏതാനും മണിക്കൂറുകൾ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.
ഫെബ്രുവരിയിൽ മറ്റൊരു ജാപ്പനീസ് പൗരനെ ചൈനയിൽ ചാരവൃത്തിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. വിദേശികൾ തടവിലാക്കപ്പെട്ട നിരവധി ഉന്നത കേസുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ചൈനയിൽ ജനിച്ച ഓസ്‌ട്രേലിയൻ എഴുത്തുകാരൻ യാങ് ജുൻ ചാരവൃത്തി ആരോപിച്ച് 2019ൽ അറസ്റ്റിലായിരുന്നു.