പ്രായപൂർത്തിയാകാത്തവർക്ക് ഇനി മുതല്‍ രാത്രി ഇന്റർനെറ്റില്ല; കുട്ടികളുടെ അമിത ഫോണ്‍ ഉപയോഗത്തിന് വിലങ്ങിടാൻ ചൈന
കുട്ടികളുടെ ഇന്റര്‍നെറ്റിന്റെ അമിതോപയോഗം തടയുന്നതിന് കര്‍ശന നിയമങ്ങളുമായി ചൈന. രാജ്യത്ത് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും രാത്രിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും നിയന്ത്രിക്കപ്പെടും. സെപ്റ്റംബര്‍ രണ്ട് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.
18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് രാത്രി 10നും രാവിലെ ആറിനും ഇടയില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് വിച്ഛേദിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. എട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ദിവസം പരമാവധി 40 മിനിറ്റ് വരെ മാത്രമേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളു. 16-17 വരെ പ്രായമുള്ളവര്‍ക്ക് രണ്ട് മണിക്കൂര്‍ വരെയാണ് ഉപയോഗിക്കാന്‍ സാധിക്കുക. ആഭ്യന്തര ടെക് ഭീമന്മാരുടെ മേല്‍ പൂര്‍ണനിയന്ത്രണം തുടരുന്നതിന്റെ സൂചനയാണ് നിലവില്‍ കൊണ്ടുവന്ന നിയമങ്ങള്‍.
16-17 വരെ പ്രായമുള്ളവര്‍ക്ക് രണ്ട് മണിക്കൂര്‍ വരെയാണ് ഉപയോഗിക്കാന്‍ സാധിക്കുക
പ്രഖ്യാപനത്തെത്തുടർന്ന് നിരവധി പ്രമുഖ ചൈനീസ് ഇന്റർനെറ്റ് സ്ഥാപനങ്ങളുടെ ഓഹരികൾ ഇടിഞ്ഞു. ഹോങ്കോങ്ങിലെ ടെൻസെന്റിന്റെ ഓഹരികളില്‍ 3.0 ശതമാനം ഇടിവുണ്ടായി. അതേസമയം, വെബ് സെർച്ച്, എഐ, ഓൺലൈൻ സേവന ഭീമനായ ബൈഡു തുടങ്ങിയവയുടെ ഓഹരികൾ 3.75 ശതമാനമാണ് ഇടിഞ്ഞത്.
2021ല്‍ ഇതുപോലെ കുട്ടികള്‍ മൊബൈലില്‍ ഗെയിം കളിക്കുന്നതിലും ചൈന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കൂടാതെ സെക്ടര്‍ ടൈറ്റന്‍ ടെന്‍സെന്റ് ഉള്‍പ്പെടെ നിരവധി കമ്പനികള്‍ക്ക് ഒന്‍പത് മാസത്തേക്ക് പുതിയ ഗെയിമുകള്‍ പുറത്തിറക്കുന്നതിനുള്ള അംഗീകാരവും മരവിപ്പിച്ചിരുന്നു.