പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് കേസുകള്‍ ഉയരുന്നു; വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപനവുമായി ചൈന

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടുള്ള നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തുന്നത്
Updated on
1 min read

കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപനത്തിനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍. അടുത്തയാഴ്ച്ച ബീജിംങില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിർണായക യോഗം ആരംഭിക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

തലസ്ഥാന നഗരമായ ബീജിംങിലും മംഗോളിയയുടെ ഉള്‍ പ്രദേശത്തും പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലും ഷാങ് ഹായിലും ഉള്‍പ്പെടെ കോവിഡ് വര്‍ധിക്കുകയാണ്. 12 ദിവസത്തിനുള്ളില്‍ മംഗോളിയയില്‍ മാത്രം 2000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെയ്ക്ക് പുറത്ത് നിന്നുള്ള യാത്രക്കാർക്കും വാഹനങ്ങള്‍ക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഷാങ്ഹായിലെ രണ്ട് ജില്ലകളിലും ആള്‍ക്കൂട്ടത്തിന് കര്‍ശന നിയന്ത്രണം കൊണ്ട് വന്നു. തീയറ്ററുകളും തിങ്കളാഴ്ച്ച മുതല്‍ അടച്ചു പൂട്ടാന്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രാവിശ്യയിലെ ഫെന്യാങ് നഗരത്തില്‍ ഇതിനോടകം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായിട്ടുള്ള ഒരുക്കത്തിലാണ് ചൈന. ഈ സാഹചര്യത്തിലുയരുന്ന കോവിഡ് സര്‍ക്കാറിനു മേല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സീറോ കോവിഡ് നയം പ്രഖ്യാപിച്ച ചൈനയാണ് ഇപ്പോഴും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്ന ഏക രാജ്യം. പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് പരിശോധനാ റിപ്പോർട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സീറോ കോവിഡ് നയത്തിന്റെ ഭാഗമായുള്ള നിയന്ത്രണം ചൈനയിലെ ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in