ഇന്ത്യക്കെതിരെ ചാരക്കണ്ണുകൾ സജീവമാക്കാൻ ചൈന; ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ പദ്ധതി

ഇന്ത്യക്കെതിരെ ചാരക്കണ്ണുകൾ സജീവമാക്കാൻ ചൈന; ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ പദ്ധതി

ശ്രീലങ്കയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഡോന്ദ്ര ഉൾക്കടലിൽ റഡാർ സ്റ്റേഷൻ വന്നാൽ കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങളടക്കം നിരീക്ഷിക്കാൻ ചൈനയ്ക്കാകും
Updated on
1 min read

ഇന്ത്യയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ ചൈനയ്ക്ക് പദ്ധതി. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളും ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഡോന്ദ്ര ഉൾക്കടലിനു സമീപം റഡാർ ബേസ് സ്ഥാപിക്കാനാണു നീക്കം. ഇതുവഴി ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിലെ യുഎസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ചൈനയ്ക്ക് കഴിയും.

ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ എയ്‌റോസ്‌പേസ് ഇൻഫർമേഷൻ റിസർച്ചാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ശ്രീലങ്കയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഡോന്ദ്ര ഉൾക്കടലിൽ റഡാർ സ്റ്റേഷൻ വന്നാൽ കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങളടക്കം നിരീക്ഷിക്കാൻ ചൈനയ്ക്കാകും. അതേസമയം, പദ്ധതി വിജയിച്ചാൽ, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ അടക്കം അപകടത്തിലാകുമെന്നാണ് വിദ​ഗ്ധർ കരുതുന്നത്. ശ്രീലങ്കയുടെ ചരിത്രത്തിന്റെ തന്നെ പ്രധാന ഭാഗമാണ് ഡോന്ദ്ര ഉൾക്കടൽ.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും റഡാറിന് സാധിക്കുമെന്നാണ് കരുതുന്നത്. ആൻഡമാൻ നിക്കോബാറിനു സമീപം മ്യാന്‍മറിന്റെ അധീനതയിലുളള ഗ്രേറ്റ് കൊക്കോ ദ്വീപുകളില്‍ ചെെനയുടേതെന്ന് സംശയിക്കുന്ന പുതിയ സൈനിക സൗകര്യങ്ങള്‍ ഉയരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ആന്‍ഡമാന്‍ നിക്കോബാറിന് വടക്ക് 55 കിലോമീറ്റര്‍ അകലെയായാണ് ഗ്രേറ്റ് കൊക്കോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ട് പുതിയ സെെനിക ഹാംഗറുകൾ, കോസ് വേ, അക്കോമഡേഷന്‍ ബ്ലോക്ക്, റണ്‍വേ എന്നിവ നിര്‍മിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

നിലവിൽ, ശ്രീലങ്കയിൽ ചൈന നടത്തിവരുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് അതിയായ ആശങ്കയുണ്ട്. കഴിഞ്ഞ വർഷം, ഇന്ത്യൻ സർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്കൻ സർക്കാർ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകിയിരുന്നു. സാമ്പത്തിക പ്രസിസന്ധിയിൽപ്പെട്ട് കഷ്ടപ്പെടുന്ന ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് യുവാൻ വാങ് -5 ഹംബൻതോട്ട തുറമുഖത്തെത്തിയത്.

ഇന്ധനം നിറയ്ക്കാൻവേണ്ടിയാണ് കപ്പൽ ലങ്കൻ തീരത്ത് എത്തിയതെന്നായിരുന്നു വാദമെങ്കിലും ഇന്ത്യ ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തെ നിരീക്ഷിക്കുന്നതിനായിരുന്നു ഒരാഴ്ച കപ്പൽ ശ്രീലങ്കൻ തീരത്തെത്തിയതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എന്നാൽ, ചൈന ശ്രീലങ്കയിൽ നടത്തി വന്നിരുന്ന നിക്ഷേപങ്ങളെ കണക്കിലെടുത്ത് ശ്രീലങ്കൻ സർക്കാരിന് ഇതിൽ വ്യക്തമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞിരുന്നില്ല. 99 വർഷത്തേക്കാണ് ഹംബൻതോട്ട തുറമുഖം ചൈന പാട്ടത്തിനെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in