'ചൈന-പാക് ബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പ്'; സർദാരിക്ക് ആശംസകളുമായി ഷി ജിന്‍പിങ്, മോദിതന്ത്രത്തിന് തട?

'ചൈന-പാക് ബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പ്'; സർദാരിക്ക് ആശംസകളുമായി ഷി ജിന്‍പിങ്, മോദിതന്ത്രത്തിന് തട?

കഴിഞ്ഞ ദിവസം ഷഹബാസ് ഷരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകളറിയിച്ചിരുന്നു
Updated on
1 min read

പാകിസ്താനില്‍ പുതിയ ഭരണകൂടം അധികാരത്തിലേറിയതോടെ സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി സർദാരിയെ ഷി ജിന്‍പിങ് ആശംസകളറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ആശംസകള്‍ നേർന്നതിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമോയെന്ന ചർച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഷി ജിന്‍പിങ്ങിന്റെ നീക്കം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണ്, ലോകത്തിന്റെ നിലവിലെ മാറ്റങ്ങള്‍ അനുസരിച്ച് കൂടുതല്‍ പ്രാധാന്യം അർഹിക്കുന്നതായും ഷി ജിന്‍പിങ് ആശംസയില്‍ വ്യക്തമാക്കി. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബെനസിർ ഭൂട്ടോയുടെ ഭർത്താവു കൂടിയായ സർദാരി ഇത് രണ്ടാം തവണയാണ് പാകിസ്താന്റെ പ്രസിഡന്റ് പദവിയിലെത്തുന്നത്.

"ചൈനയും പാകിസ്താനും നല്ല അയല്‍ക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണെന്നും ഷി ജിന്‍പിങ് പറയുന്നു. ഇരുരാജ്യങ്ങളും അടുത്ത കാലത്ത് താല്‍പ്പര്യങ്ങളിലും ആശങ്കകളിലും പരസ്പരം സഹായിച്ചു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) നിർമാണത്തില്‍ ഫലപ്രദമായ നേട്ടങ്ങള്‍ കൈവരിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തു," ഷി ജിന്‍പിങ് കൂട്ടിച്ചേർത്തു.

പാക് അധിനിവേശ കശ്മീരിലൂടെ ബലൂചിസ്താനിലെ ഗ്വാദാർ തുറമുഖത്തെ ചൈനയുടെ ഷിന്‍ജിയാങ്ങുമായി ബന്ധിപ്പിക്കുന്ന 60 ബില്യണ്‍ യുഎസ് ഡോളറിന്റെ സിപിഇസിയെ ഇന്ത്യ എതിർത്തിരുന്നു.

'ചൈന-പാക് ബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പ്'; സർദാരിക്ക് ആശംസകളുമായി ഷി ജിന്‍പിങ്, മോദിതന്ത്രത്തിന് തട?
മോദിയുടെ അഭിനന്ദന സന്ദേശവും ഷഹബാസിൻ്റെ മറുപടിയും; ഇന്ത്യ - പാക് ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവാകുമോ?

ചൈന-പാകിസ്താന്‍ ബന്ധത്തിലുണ്ടായ വളർച്ചയെ താന്‍ ബഹുമാനിക്കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സൗഹൃദാന്തരീക്ഷം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രസിഡന്റ് സർദാരിയുമായി പ്രവർത്തിക്കാന്‍ തയ്യാറാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി. നേരത്തെ, പാകിസ്താന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷരീഫിനേയും ഷി ജിന്‍പിങ് അഭിനന്ദിച്ചിരുന്നു.

പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്നതിനിടെയാണ് ഷഹബാസും അദ്ദേഹത്തിന്റെ സഹോദരന്‍ നവാസ് ഷരീഫും സർദാരിയും ഉള്‍പ്പട്ടെ സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. മൂവരും നേരത്തെയും പാകിസ്താന്‍ ഭരണകൂടത്തിന്റെ ഭാഗമായവരാണ്. ചൈനീസ് നേതാക്കളുമായി മൂവരും അടുത്ത ബന്ധം പുലർത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഷഹബാസ് ഷരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകളറിയിച്ചിരുന്നു. 'പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷഹബാസ് ഷെരീഫിന് അഭിനന്ദനങ്ങൾ' എന്നാണ് മാർച്ച് അഞ്ചിന് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്. നരേന്ദ്രമോദിയുടെ ആശംസകൾക്ക് 'നന്ദി അറിയിക്കുന്നു' എന്നാണ് മറുപടിയായി മാർച്ച് ഏഴിന് എക്‌സിൽ ഷഹബാസ് എഴുതിയത്.

logo
The Fourth
www.thefourthnews.in