അക്കാദമിക സമ്മർദവും മത്സരവും; ചൈനയിൽ കുട്ടികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നുവെന്ന് പഠനം
ചൈനയിലെ കുട്ടികൾക്കിടയിൽ ആത്മഹത്യകൾ വർധിച്ചതായി പഠനം. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിലാണ് കുട്ടികൾക്കിടയിൽ ആത്മഹത്യ വർധിച്ചതായി കണ്ടെത്തിയത്. അക്കാദമിക സമ്മർദങ്ങളും ഉയർന്ന ഗ്രേഡ് ലഭിക്കാനും മത്സരങ്ങളും നിരക്ക് വർധിക്കാനുള്ള പ്രധാന കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. 2010 മുതൽ 2021 വരെയുള്ള കാലയളവിൽ അഞ്ച് മുതൽ 14 വയസ്സുവരെയുള്ള ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം പ്രതിവർഷം 10% വീതം വർധിച്ചതായും പഠനത്തിൽ കണ്ടെത്തി.
2010 മുതൽ 2021 വരെയുള്ള കാലയളവിൽ അഞ്ച് മുതൽ 14 വയസ്സുവരെയുള്ള ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം പ്രതിവർഷം 10% വീതം വർദ്ധിച്ചതായി പഠനത്തിൽ കണ്ടെത്തി
15 നും 24 നും ഇടയിൽ പ്രായമുള്ള ആളുകളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 2017 ൽ 7 ശതമാനം കുറഞ്ഞു. എന്നാൽ അടുത്ത നാല് വർഷങ്ങളിൽ ഇതിൽ 20 % വർധനവുണ്ടായി. എന്നാൽ ഇതേ കാലയളവിൽ രാജ്യത്തെ മറ്റ് പ്രായക്കാർക്കിടയിലെ ആത്മഹത്യാ നിരക്ക് 5.3% കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നടത്തിയ മാനസികാരോഗ്യ പ്രവർത്തനങ്ങളുടെ ഫലമാണ് നിരക്ക് കുറയാൻ കാരണം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഉയർന്ന മാർക്ക് വാങ്ങുന്നത് വലിയ നേട്ടമായി കണക്കാക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും ചിന്താഗതി കുട്ടികളുടെ മാനസികാവസ്ഥ വലിയ അപകടത്തിലാക്കുന്നു എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ & പ്രിവൻഷനിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളും കൗമാരക്കാരും സ്കൂളിൽ നന്നായി പഠിക്കുന്നതും മറ്റുള്ളവരുമായി മത്സരിക്കേണ്ടി വരുന്നതും മൂലമുള്ള സമ്മർദങ്ങളാൽ കടുത്ത മാനസിക വിഭ്രാന്തി അനുഭവിക്കുന്നതായി പഠനം വ്യക്തമാക്കുന്നുണ്ട്. ഈ വിഭ്രാന്തികൾ ആത്മഹത്യ പ്രവണതകളിലേക്ക് കുട്ടികളെ കടത്തിവിടുന്നുണ്ട്. 2022 ലെ ദേശീയ സർവേ പ്രകാരം ചൈനയിൽ വിഷാദരോഗം ബാധിച്ചവരിൽ പകുതിയും വിദ്യാർഥികളാണ്. കോവിഡ് കാലത്തിന് ശേഷം തൊഴിലില്ലായ്മ വർധിച്ചത് യുവാക്കളെയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു.
2022 ലെ ദേശീയ സർവേ പ്രകാരം ചൈനയിൽ വിഷാദരോഗം ബാധിച്ചവരിൽ പകുതിയും വിദ്യാർഥികളാണ്. കോവിഡ് കാലത്തിന് ശേഷം തൊഴിലില്ലായ്മ വർധിച്ചത് യുവാക്കളെയും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മാനസികാരോഗ്യ പരിപാടികൾ വികസിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഗവേഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ൽ സ്‌കൂൾ പാഠ്യപദ്ധതികൽ തയ്യാറാക്കുന്ന കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിടുന്നു എന്നാരോപിച്ച് ചൈന തങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ നവീകരണങ്ങൾക്ക് തുടക്കമിട്ടിരുന്നു.
ഈ വർഷമാദ്യം ഒരു ബോർഡിങ് സ്കൂൾ വിദ്യാർത്ഥി പഠനസമ്മർദ്ദങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തത് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രശസ്ത പോപ്പ് ഗായിക കൊക്കോ ലീയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. വർഷങ്ങളായി കോകോ ലീ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഗായികയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.