24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങള്‍, ഏഴ് കപ്പലുകള്‍; തായ്‌വാനെ വിടാതെ ചൈന

24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങള്‍, ഏഴ് കപ്പലുകള്‍; തായ്‌വാനെ വിടാതെ ചൈന

2020ല്‍ 146 തവണയാണ് ചൈന തായ്‌വാന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയത്. 2021ല്‍ അത് 969 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 1,700 നുഴഞ്ഞുകയറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Updated on
1 min read

വാരാന്ത്യ സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈന തായ്‌വാനില്‍ 71 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി തായ്പേയ് പ്രതിരോധ മന്ത്രാലയം. ഇക്കാലത്തിനിടയിലെ ഏറ്റവും വലിയ സൈനിക അഭ്യാസമാണ് ചൈന സംഘടിപ്പിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രതിദിന നുഴഞ്ഞുകയറ്റങ്ങളിലൊന്നാണ് ഉണ്ടായിരിക്കുന്നതെന്നും തായ്‌പേയ് വൃത്തങ്ങളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സ്‌ട്രൈക്ക് ഡ്രില്ലിന്റെ ഭാഗമായാണ് സൈനിക നടപടിയെന്നാണ് പിഎല്‍എയുടെ പ്രതികരണം. യുഎസ്-സ്വയംഭരണ ദ്വീപ് 'കൂട്ടുകെട്ടിനും' വ്യക്തമല്ലാത്ത 'പ്രകോപനങ്ങള്‍ക്കും' മറുപടിയായാണ് ഡ്രില്‍ സംഘടിപ്പിച്ചതെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി.

ചൈനയുടെ ആറ് അത്യാധുനിക എസ്‌യു-30 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ 60 പോര്‍വിമാനങ്ങള്‍ സൈനിക അഭ്യാസത്തിന്റെ ഭാഗമായെന്ന് തായ്‌വാന്‍ ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു. മാത്രമല്ല, 47 ആക്രമണങ്ങള്‍ ദ്വീപിന്റെ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖല മറികടന്നെന്നാണ് എ എഫ് പിയുടെ കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍വച്ച് മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കടന്നുകയറ്റമാണിത്.

ചൈന തങ്ങളുടേതെന്ന് അവകാശവാദം ഉന്നയിക്കുന്ന തായ്‌വാന്‍ നിരന്തരമായ അധിനിവേശ ഭീഷണിയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ, പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കീഴില്‍ ചൈന തായ്വാനില്‍ സൈനികവും നയതന്ത്രപരവും സാമ്പത്തികവുമായ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലകളില്‍ ഉള്‍പ്പെടെ ചൈന കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിപ്പിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 1,700 നുഴഞ്ഞുകയറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

2020ല്‍ 146 തവണയാണ് ചൈന തായ്‌വാന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയത്. 2021ല്‍ അത് 969 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 1,700 നുഴഞ്ഞുകയറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഞായറാഴ്ച സൈനിക അഭ്യാസത്തില്‍ എത്ര വിമാനങ്ങള്‍ അണിനിരന്നെന്ന വിവരം ചൈന വ്യക്തമാക്കിയിട്ടില്ല. വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖല ഒരു രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് സമമല്ല. എന്നിരുന്നാലും വിദേശ വിമാനം മേഖലയിലൂടെ പറക്കുകയാണെങ്കില്‍ ബന്ധപ്പെട്ട രാജ്യത്തെ വ്യോമയാന അധികൃതരെ വിവരം അറിയിക്കേണ്ടതുണ്ട്. തായ്‌വാന്റെ കാര്യത്തില്‍ ചൈന അത്തരം മര്യാദകളൊന്നും പാലിക്കാറില്ലെന്നതാണ് ചരിത്രം.

logo
The Fourth
www.thefourthnews.in