സംഘർഷമൊഴിയാതെ തായ്‌വാൻ; രണ്ടാം ദിനവും ആക്രമണം കടുപ്പിച്ച് ചൈന

സംഘർഷമൊഴിയാതെ തായ്‌വാൻ; രണ്ടാം ദിനവും ആക്രമണം കടുപ്പിച്ച് ചൈന

തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍, യുഎസ് ഹൗസ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സൈനിക നടപടി
Updated on
1 min read

തായ്‌വാനെതിരെ രണ്ടാം ദിനവും ആക്രമണം കടുപ്പിച്ച് ചൈന. 12 യുദ്ധ വിമാനങ്ങളാണ് ചൈന ഇന്ന് തായ്‌വാനിലേയ്ക്ക് അയച്ചത്. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍, യുഎസ് ഹൗസ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സൈനിക നടപടി. ഇതുവരെ 58 യുദ്ധ വിമാനങ്ങള്‍ ചൈന തായ്‌വാനിലേയ്ക്ക് അയച്ചുവെന്നാണ് പ്രതിരോധ സേന വ്യക്തമാക്കിയത്. ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്ന് തായ്‌വാന്‍ വ്യക്തമാക്കി.

ഇതുവരെ 58 യുദ്ധ വിമാനങ്ങള്‍ ചൈന തായ്‌വാനിലേയ്ക്ക് അയച്ചുവെന്നാണ് തായ്‌വാന്‍ പ്രതിരോധ സേന വ്യക്തമാക്കിയത്

തായ്‌വാന്‍ പ്രതിരോധ സേന പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ഫൈറ്റര്‍ ജെറ്റ്, റിക്കോണസെന്‍സ് വിമാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ എന്നിവയാണ് കടലിടുക്കിലെ മധ്യരേഖ രേഖ മറികടന്ന് തായ്‌വാനിലേക്ക് എത്തിയത്. ചൈനയുടെ നടപടികള്‍ ഇന്തോ-പസഫിക് സമാധാനത്തെയും സ്ഥിരതയേയും ലംഘിച്ചെന്നും അന്താരാഷ്ട്ര സുരക്ഷയെയും സമ്പദ്‍വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തതായി തായ്‌വാന്‍ കുറ്റപ്പെടുത്തി. ചൈനയുടെ നടപടിക്കെതിരെ മറ്റ് രാജ്യങ്ങള്‍ ശബ്ദമുയര്‍ത്താനും തായ്‌വാന്‍ ആവശ്യപ്പെട്ടു.

സംഘർഷമൊഴിയാതെ തായ്‌വാൻ; രണ്ടാം ദിനവും ആക്രമണം കടുപ്പിച്ച് ചൈന
42 ചൈനീസ് പോർവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിലെ മീഡിയൻ രേഖ മറികടന്നു; മേഖല ആശങ്കയിൽ

ചൈനയുടെ നീക്കങ്ങള്‍ സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടെന്ന് പറഞ്ഞ തായ്‌വാന്‍, രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന അതീവ ജാഗ്രതയിലാണെന്നും വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്നാണ് തായ്‌വാനിലെ അമേരിക്കന്‍ എംബസി വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തായ്‌വാനെതിരെ ചൈന സൈനീക നീക്കങ്ങള്‍ തുടരുകയാണ്. രാജ്യത്തിന് ചുറ്റും സൈനിക അഭ്യാസങ്ങള്‍ നടത്തിയായിരുന്നു ചൈന തായ്‌വാനെതിരെ സമര്‍ദം ചെലുത്തിയിരുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം സായ് ഇങ്-വെന്‍ മടങ്ങിയെത്തി ഒരു ദിവസം മാത്രം പിന്നിടവെയാണ് മൂന്ന് ദിവസം നീണ്ട അഭ്യാസപ്രകടനങ്ങള്‍ക്ക് ചൈന തുടക്കം കുറിച്ചത്. തായ്‌വാനിന്റെ പരമാധികാരം അവകാശപ്പെടുന്ന ചൈനയ്ക്ക്, തങ്ങളുടെ എതിര്‍പ്പ് മറികടന്ന് നടത്തിയ കൂടിക്കാഴ്ച വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

തായ്‌വാനുമായുള്ള ആയുധ ഇടപാട് തുടരുമെന്ന് കെവിൻ മക്കാര്‍ത്തി അറിയിച്ചിരുന്നു

തായ്‌വാന്റെ പൂര്‍ണ അധികാരം സ്വന്തമാക്കാന്‍ വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച അമേരിക്കയില്‍ സായ് ഇങ്-വെന്നും യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിന് പിന്നാലെ തായ്‌വാനുമായുള്ള ആയുധ ഇടപാട് തുടരുമെന്ന് മക്കാര്‍ത്തി അറിയിച്ചിരുന്നു.

ചര്‍ച്ചയ്ക്ക് മുതിര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ചൈന നേരത്തെ തന്നെ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തായ്‌വാന്‍ നടപടികളുമായി മുന്നോട്ട് പോയത്. സായ് ഇങ്-വെന്‍ - കെവിന്‍ മക്കാര്‍ത്തി കൂടിക്കാഴ്ചയെ ചൈന അന്ന് തന്നെ അപലപിക്കുയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in