രാജ്യത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചാൽ തടവും പിഴയും; നിയമ നിർമാണത്തിനൊരുങ്ങി ചൈന
രാജ്യത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ചൈന ക്രിമിനൽ കുറ്റമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവും ശിക്ഷ ലഭിക്കും. എന്നാൽ ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതിൽ വ്യക്തമാക്കിയിട്ടില്ല.
ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈനീസ് സർക്കാർ ഒരുങ്ങുന്നത്. ചൈനയുടെ നിയമനിർമാണ സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദിഷ്ട നിയമനിർമാണത്തിന്റെ കരട് പുറത്തിറക്കി. 2023 അവസാനത്തോടെ പാസാക്കേണ്ട മുൻഗണന പട്ടികയിലാണ് ഈ നിയമമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
കരട് പുറത്തിറക്കിയതോടെ നിയമത്തെ ലഅനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. നിരവധി നിയമവിദഗ്ദരും പുതിയ നിയമത്തിൽ ആശങ്ക പ്രകടിപ്പിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ മുന്നോട്ട്‍വയ്ക്കുമ്പോൾ അത് തീരുമാനിക്കാനുള്ള അധികാരം ആർക്കാണെന്നും വിധിനിർണയങ്ങൾ എങ്ങനെ നടത്താമെന്നും തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് 23 കാരിയായ ബീജിങ് സ്വദേശി എഎഫ്‌പിയോട് പറഞ്ഞു. അത്തരം നിർദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻപ് പക്വമായ വിധിന്യായ മാനദണ്ഡങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. നിയമം എങ്ങനെയാണ് ബാധിക്കുക എന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുന്നത്.
ചൈനയുടെ ആദർശത്തെ ദുർബലപ്പെടുത്തുന്നതോ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ വസ്ത്രങ്ങളും ചിഹ്നങ്ങളും ധരിക്കുകയോ ധരിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുകയോ ചെയ്യുന്നവരെ 15 ദിവസം വരെ തടങ്കലിൽ വയ്ക്കാമെന്നും 5,000 യുവാൻ (ഏകദേശം 57,000 ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കാമെന്നും വരാനിരിക്കുന്ന വിവാദ നിയമവ്യവസ്ഥകൾ സൂചിപ്പിക്കുന്നു. ലേഖനങ്ങളോ പ്രസംഗങ്ങളോ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷാനടപടി നേരിടേണ്ടി വരും.
എന്നാൽ, ഈ മാറ്റങ്ങൾ പൊതുജന ധാർമികതയ്ക്ക് ദോഷകരമെന്ന് തോന്നുന്ന ഏത് വസ്ത്രവും അടിച്ചമർത്താൻ ഭരണാധികാരികള്‍ക്ക് കൂടുതൽ അധികാരം നൽകുമെന്ന വിമർശനവും ഇതിനിടയിൽ ഉയരുന്നുണ്ട്. ചൈനയിലെ പല നിയമവിദഗ്‌ദ്ധരും ഈ നിയമത്തിലെ പദപ്രയോഗങ്ങളുടെ അവ്യക്തതയെക്കുറിച്ച് വിമർശനവുമായി മുന്നോട്ടെത്തിയിരുന്നു. ഭാവിയിൽ ഇവ അനേകം ദുരുപയോഗങ്ങൾക്ക് വഴിവയ്ക്കുമെന്നും അവർ ഉന്നയിക്കുന്നു. വ്യക്തതയില്ലാതെ നടപ്പിലാക്കുന്ന നിയമങ്ങൾ വ്യക്തിപരമായ അവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുമെന്ന് ചൈനീസ് യൂണിവേഴ്സിറ്റി നിയമ അധ്യാപകനായ ഷാവോ ഹോങ് പ്രതികരിച്ചു.