ജനുവരി 8 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഇല്ല; കോവിഡ് രൂക്ഷമാകുമ്പോൾ നിയന്ത്രണങ്ങളില്‍ ഇളവുമായി ചൈന
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങളില്‍ പുതിയ ഇളവുമായി ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റീൻ നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചു. ദേശീയ ഹെല്‍ത്ത് കമ്മീഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെയാണ് കടുത്ത നിയന്ത്രങ്ങളിൽ ഇളവ് വരുത്തനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതോടെ ജോലി-പഠന വിസയുള്ളവർക്ക് ചൈനയിലേക്ക് വീണ്ടും പ്രവേശിക്കാനാകും.
അതേസമയം, വിദേശത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ഹാജരാക്കുകയും വേണം.
ജോലിക്കും പഠനത്തിനുമായി ചൈനയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും കുടുംബത്തെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുമുള്ള വിസ ക്രമീകരണങ്ങളൊരുക്കുമെന്ന് ചൈനീസ് അധികൃർ അറിയിച്ചു. എന്നാൽ ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് ഈ ഇളവുകൾ ബാധകമാണോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും, ചൈനയിൽ കോവിഡ് കേസുകൾ ഉയർന്നുവരുമ്പോഴും അതിർത്തികൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ 2020 മുതല്‍ ചൈനയില്‍ ക്വാറന്റീൻ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പിന്നീടത്, ക്രമതീതമായി കുറയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ മൂന്നാഴ്ചയായിരുന്ന ക്വാറന്റീൻ സമയപരിധി പിന്നീട് അഞ്ച് ദിവസമായി കുറഞ്ഞു. കോവിഡിന്റെ തീവ്രത കാറ്റഗറി ബിയിലേക്കും ചൈന മാറിയിരുന്നു.
കോവിഡ് നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ചൈനയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ കോവിഡ് സ്ഥിതി വിവര കണക്കുകള്‍ പുറത്തുവിടുന്നത് ചൈന അവസാനിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ദിനം പ്രതി നിരവധിപേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏകദേശം മൂന്ന് വര്‍ഷത്തെ ലോക്ഡൗണും,ക്വാറന്റൈനും, കൂട്ടപരിശോധനകളുമെല്ലാം ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു
ഏകദേശം മൂന്ന് വര്‍ഷത്തെ ലോക്ഡൗണും ക്വാറന്റീനും കൂട്ടപരിശോധനകളുമെല്ലാം ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 2020 മുതലാണ് സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ചൈനയില്‍ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എന്നാൽ, ശക്തമായ പ്രതിഷേധ സാഹചര്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കേറ്റ ആഘാതവും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നീക്കി. ഇതിന് പിന്നാലെയാണ് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നത്. എന്നാൽ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്താനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
ദിനംപ്രതി കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍, രാജ്യത്തിപ്പോഴും ജാഗ്രത ശക്തമാണ്. പെട്ടന്നുള്ള പനി, ജലദോഷം പോലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചൈനയിലെ ആശുപത്രികളെല്ലാം പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ പറ്റാത്ത വിധം നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധവും മറ്റ് പ്രോട്ടോക്കോളും എല്ലാ കമ്പനികളിലും മറ്റും തുടരണമെന്നാണ് നിര്‍ദേശം.