ഇനി വിദേശികള്‍ക്കും പ്രവേശനം; മൂന്ന് വര്‍ഷത്തിന് ശേഷം അതിർത്തികൾ വീണ്ടും തുറന്ന് ചൈന

ഇനി വിദേശികള്‍ക്കും പ്രവേശനം; മൂന്ന് വര്‍ഷത്തിന് ശേഷം അതിർത്തികൾ വീണ്ടും തുറന്ന് ചൈന

കോവിഡിന് മുൻപ് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാതിരുന്ന പ്രദേശങ്ങളിൽ ഈ രീതി തന്നെ തുടരുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു
Updated on
1 min read

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട അതിർത്തികൾ, വിദേശ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്ന് ചൈന. മാർച്ച് 15 മുതൽ വിദേശ സഞ്ചാരികൾക്കുള്ള വിസാ നടപടികൾ പുനരാരംഭിക്കും. കോവിഡിന് മുൻപ് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാതിരുന്ന പ്രദേശങ്ങളിൽ ഈ രീതി തന്നെ തുടരുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് വന്ന സാഹചര്യത്തിൽ വളർച്ച നിരക്കിനെ സഹായിക്കാൻ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. വിദേശ യാത്ര നടത്താൻ തങ്ങളുടെ പൗരന്മാർക്കുള്ള നിയന്ത്രണം അടുത്തിടെ ചൈന പിൻവലിച്ചിരുന്നു.

അതിർത്തികൾ തുറന്നെങ്കിലും കുറച്ച് കാലത്തേക്ക് വലിയതോതിലുള്ള സന്ദർശക പ്രവാഹമോ സമ്പദ് വ്യവസ്ഥയിലെ ഗണ്യമായ മുന്നേറ്റമോ പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കുള്ള വിസ വിതരണം പുനരാരംഭിക്കുന്നത് ചൈനയ്ക്കും മറ്റ് രാജ്യങ്ങൾക്കുമിടയിലുള്ള ഗതാഗതം സാധാരണ ഗതിയിലാക്കുക എന്ന ഉദ്ദേശത്തോടെയാണ്. 2020 മാർച്ച് 28ന് മുൻപ് അനുവദിച്ച വിസ കൈവശമുള്ള എല്ലാ വിദേശികൾക്കും നിർദ്ദിഷ്ട തീയതിക്കുള്ളിൽ ചൈനയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഷാങ്ഹായ് തുറമുഖത്തിലൂടെ കടന്നുപോകുന്ന ക്രൂയിസ് കപ്പലുകളും തെക്കൻ ടൂറിസ്റ്റ് ദ്വീപായ ഹൈനാനിലും വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. റഷ്യൻ സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഹൈനാൻ ദ്വീപ്. ഇതോടൊപ്പം ഹോങ്കോങ്ങിൽ നിന്നും മക്കാവിൽ നിന്നുമുള്ള വിദേശികൾക്ക് ഗ്വാങ് ഡോങ്ങിലേക്കുള്ള വിസ രഹിത പ്രവേശനവും പുനരാരംഭിക്കും.

ഈ മാസം അവസാനം ബീജിങ്ങിൽ നടക്കാനിരിക്കുന്ന ചൈന ഡെവലപ്മെന്റ് ഫോറം, ഏപ്രിലിൽ നടക്കുന്ന ഷാങ്ങ്ഹായ് ഓട്ടോഷോ തുടങ്ങിയ പരിപാടികളിലും വിദേശികൾക്ക് പങ്കെടുക്കാൻ സാധിക്കും. കഴിഞ്ഞ വർഷം കോവിഡ് മൂലം മാറ്റിവെച്ച ഏഷ്യൻ ഗെയിംസും സെപ്റ്റംബറിൽ ചൈനയിൽ നടക്കാനിരിക്കുകയാണ്.

ഇനി വിദേശികള്‍ക്കും പ്രവേശനം; മൂന്ന് വര്‍ഷത്തിന് ശേഷം അതിർത്തികൾ വീണ്ടും തുറന്ന് ചൈന
ഒടുവില്‍ കണക്ക് പുറത്തുവിട്ട് ചൈന; ഒരുമാസത്തിനിടെ 60,000 കോവിഡ് മരണം

ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും രാഷ്ട്രീയ കാലാവസ്ഥയും വിദേശനയങ്ങളും കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ രാജ്യത്തിനെതിനെതിരെയുള്ള വികാരം വളർത്തിയെടുത്തുവെന്ന് സെപ്റ്റംബറിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. "കോവിഡിന് ശേഷം ചൈനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ ഇടിവ് കാണുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ വിദേശ സഞ്ചാരികളെ പിന്നോട്ട് വലിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു" ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2019 ൽ അന്താരാഷ്ട്ര ടൂറിസം വരുമാനം ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.9% ആണ്.

logo
The Fourth
www.thefourthnews.in