ചൈനയിലെ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ പുതുക്കുന്നു; മാറ്റം മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യം
സ്ത്രീ സുരക്ഷാ നിയമങ്ങളില്‍ മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി മാറ്റം വരുത്താനൊരുങ്ങി ചൈനാ സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള ലിംഗവിവേചനത്തിനും തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ കൂടുതല്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടു വരുകയാണ് ലക്ഷ്യം. നിയമഭേദഗതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ (നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്) സമര്‍പ്പിച്ചു. ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെ വിഷയങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നിയമങ്ങളെന്ന് പല ആക്ടിവിസ്റ്റുകളും വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ഭേദഗതിക്കുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എത്രത്തോളം പുരോഗമനപരമായിരിക്കും പുതിയ നിയമങ്ങള്‍ എന്നതില്‍ വ്യക്തതയില്ല.
വുമണ്‍സ് റൈറ്റ്‌സ് ആന്‍ഡ് ഇന്‍ട്രസ്റ്റ്‌സ് പ്രൊട്ടക്ഷന്‍ ലോ എന്ന പേരില്‍ പുതുക്കിയ നിയമത്തിന്റെ കരട് രൂപം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു
മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമാണ് സ്ത്രീ സുരക്ഷാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. വുമണ്‍സ് റൈറ്റ്‌സ് ആന്‍ഡ് ഇന്‍ട്രസ്റ്റ്‌സ് പ്രൊട്ടക്ഷന്‍ ലോ എന്ന പേരില്‍ പുതുക്കിയ നിയമത്തിന്റെ കരട് രൂപം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സി അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയാണ് കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പുതുക്കിയ നിയമം സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെയും മുതിര്‍ന്ന സ്ത്രീകളുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും അവകാശങ്ങള്‍ ശക്തമാക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മനുഷ്യക്കടത്ത്. തട്ടിക്കൊണ്ടു പോകുന്നതും മനുഷ്യക്കടത്തിന് ഇരയാകുന്നതുമായ സ്ത്രീകളെ രക്ഷപ്പെടുത്താനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും നിയമത്തില്‍ ഉള്‍പ്പെടുത്തും. കരട് രൂപം നിയമമാക്കാനുള്ള കൃത്യമായ തീയതി തീരുമാനിക്കപ്പെട്ടിട്ടില്ല.