സമാധാന ചര്‍ച്ച പുനരാരംഭിക്കണം, ആണവായുധങ്ങള്‍ ഉപയോഗിക്കരുത്; യുക്രെയ്ന്‍ യുദ്ധ വാര്‍ഷികത്തില്‍ ചൈന
യുക്രെയ്ൻ യുദ്ധത്തിന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ റഷ്യയും യുക്രെയ്നും എത്രയും വേഗം സമാധാന ചർച്ചകൾ നടത്തണമെന്ന ആഹ്വാനവുമായി ചൈന. യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ചൈന അഭ്യർത്ഥിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ചർച്ചകൾ പുനരാരംഭിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം സാഹചര്യങ്ങളും വേദികളും സൃഷ്‌ടിക്കണം. ഇക്കാര്യത്തിൽ ചൈന ക്രിയാത്മകമായ പങ്ക് തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. സംഘർഷത്തിൽ ആണവായുധം ഉപയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവായുധങ്ങളുടെ ഉപയോഗം മാത്രമല്ല, ആയുധങ്ങൾ അയയ്ക്കുന്നതിനെയും ചൈന എതിർത്തിരുന്നു.
സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൈന പ്രസ്താവനയില്‍ ഉയര്‍ത്തിക്കാട്ടി. യുദ്ധത്തില്‍ ഇരു കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ട് തന്നെ യുദ്ധത്തിലുടനീളം നിഷ്പക്ഷ കക്ഷിയായി നിലകൊള്ളാൻ ചൈന ശ്രമിച്ചിരുന്നത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം പാശ്ചാത്യ ശക്തികള്‍ യുക്രൈന് ബില്യണ്‍ കണക്കിന് ഡോളര്‍ ആയുധങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടെ റഷ്യയ്ക്ക് സൈനിക പിന്തുണ നല്‍കുന്നതിനെതിരെ അമേരിക്കയും നാറ്റോയും ബീജിംഗിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന.
അതിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുമായി ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വാങിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള നിര്‍ദേശം മുന്നോട്ടു വച്ചുവെന്നും റഷ്യ വ്യക്തമാക്കി.
അതേസമയം ചൈന യുക്രെയ്നെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത് നല്ല സൂചനയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ചൂണ്ടിക്കാട്ടി. ചൈനയുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും സെല്ന്‍സ്‌കി വ്യക്തമാക്കി. റഷ്യന്‍ ടാങ്കുകള്‍ അതിര്‍ത്തി കടന്ന് യുക്രെയ്‌നിലേക്ക് കടന്നത് മുതല്‍, ചൈന പുടിന് നയതന്ത്രപരവും സാമ്പത്തികവുമായ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ പരസ്യമായ സൈനിക ഇടപെടലില്‍ നിന്നും മാരകമായ ആയുധങ്ങള്‍ അയയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.