തായ്‌വാന്‍ സന്ദര്‍ശിക്കാനൊരുങ്ങി യു എസ് സ്പീക്കർ നാൻസി പെലോസി; പ്രത്യാഘാതം വലുതായിരിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്
തായ്‌വാനെ ചൊല്ലിയുള്ള ചൈനാ-അമേരിക്ക തര്‍ക്കം രൂക്ഷമായിരിക്കെ തായ്‌വാന്‍ സന്ദര്‍ശിക്കാനുള്ള നീക്കവുമായി അമേരിക്കന്‍ സ്പീക്കര്‍. തന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ എത്തുക. തായ്‌വാന്റെയും അമേരിക്കയുടേയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സന്ദര്‍ശന നീക്കത്തെ ശക്തമായി എതിര്‍ത്ത് ചൈന രംഗത്ത് എത്തി.
മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകൾ അവഗണിച്ചുകൊണ്ടാണ് പെലോസിയുടെ സന്ദര്‍ശന നീക്കം. കഴിഞ്ഞ ദിവസം ചൈനയുടേയും അമേരിക്കയുടേയും രാഷ്ട്രതലവന്‍മാര്‍ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. പെലോസിയുടെ സന്ദർശനത്തിൽ ചൈന ആശങ്ക പ്രകടിപ്പിച്ചപ്പോൾ എവിടെ യാത്രചെയ്യണമെന്ന് സ്പീക്കറാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ബെെഡന്റെ മറുപടി. എതിർപ്പറിയിച്ച ശേഷവും തായ്‌വാൻ സന്ദർശിക്കാനുള്ള പെലോസിയുടെ തീരുമാനം ചെെനയ്ക്ക് തിരിച്ചടിയാണ്. 1997 ലാണ് ഒരു അമേരിക്കന്‍ സഭാ സ്പീക്കര്‍ അവസാനമായി തായ്‌വാന്‍ സന്ദര്‍ശിച്ചത്.
ചൈനയുടെ പരമാധികാരത്തെ സംരക്ഷിക്കാന്‍ സൈന്യം എന്നും പ്രതിജ്ഞാബദ്ധമെന്നും രാജ്യം എന്ത് നടപടിക്കും സജ്ജമാണെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
ശക്തമായ ഭാഷയിലാണ് വിഷയത്തില്‍ ചൈന പ്രതികരിച്ചത്. നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ സൈന്യം വെറുതെ നോക്കിയിരിക്കില്ലെന്ന് ചൈനീസ് വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ചൈന ആവര്‍ത്തിച്ചു. ചൈനയുടെ പരമാധികാരത്തെ സംരക്ഷിക്കാന്‍ സൈന്യം എന്നും പ്രതിജ്ഞാബദ്ധമെന്നും രാജ്യം എന്ത് നടപടിക്കും സജ്ജമാണെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സൈന്യമായ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി രൂപീകരണത്തിന്റെ 95ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അമേരിക്കന്‍ സ്പീക്കറുടെ സന്ദര്‍ശനം വരുന്നത്. വാർഷികത്തോട് അനുബന്ധിച്ച വലിയ സൈനിക പ്രകടനമാണ് ഒരുക്കിയത്. ഇത് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്നാണ് വിലയിരുത്തുന്നത്. ചൈനയും അമേരിക്കയും തമ്മില്‍ സമീപ നാളുകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതാണ് പെലോസിയുടെ തായ്‌വാന്‍ സന്ദർശനം. തീരമേഖലകളില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
സിംഗപ്പൂര്‍ , മലേഷ്യ, ദക്ഷിണകൊറിയ ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. ഇതിനിടെ ഒരു ദിവസം നാന്‍സി പെലോസി തായ്‌വാനിലെത്തുമെന്നും ഒരു രാത്രി അവിടെ കഴിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.