ജനസംഖ്യയില്‍ കുറവ്, മരണനിരക്കില്‍ വര്‍ധന; ചൈന വീണ്ടും പ്രതിസന്ധിയിൽ
ചൈനയിലെ ജനസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. നീണ്ട 60 വര്‍ഷത്തിന് ശേഷമാണ് ചൈനയില്‍ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തുന്നത്. 1.41175 ബില്യണ്‍ ജനങ്ങളാണ് നിലവില്‍ ചൈനയിലുള്ളതെന്നാണ് 2022 ന്റെ അവസാനത്തോടെ പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇത് 1.41260 ബില്യണ്‍ ആയിരുന്നു. അതായത് 8.5 ലക്ഷത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജനസംഖ്യയിലുണ്ടായത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ജനസംഖ്യ കുറയ്ക്കാനായി രാജ്യത്ത് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മാവോ സേ തുങ് നടപ്പിലാക്കിയ 'മഹത്തായ വിപ്ലവത്തിന്റെ' ഫലമായി 1961 ലാണ് അവസാനമായി ചൈനയില്‍ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തുന്നത്. അന്ന് നടപ്പിലാക്കിയ കിരാതമായ നയങ്ങള്‍ മൂലം നിരവധി പേർ പട്ടിണി കിടന്ന് മരിച്ചു
നയത്തെ എതിര്‍ത്തവരെ മാവോ സേതുങ്ങിന്റെ സൈന്യം വെടിവെച്ചു കൊല്ലുകയും ചെയ്തു. അതിന് ശേഷം ജനസംഖ്യയില്‍ കുറവ് സംഭവിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിനായി 2016 ല്‍ നടപ്പിലാക്കിയ 'ഒറ്റക്കുട്ടി നയം' ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തിയത്. പ്രായമാവരുടെ എണ്ണം കൂടുകയും അധ്വാനിക്കുന്നവര്‍ കുറയുകയും ചെയ്തതോടെ പദ്ധതി തിരിച്ചടിച്ചു.
അതോടെ 2021 ല്‍ ഒറ്റക്കുട്ടി നയം പിന്‍വലിക്കുകയും മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഒറ്റക്കുട്ടി നയം നടപ്പിലാക്കി ജനസംഖ്യയില്‍ കുറവ് വന്നതോടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനുള്ള പദ്ധതികളും ചൈനയില്‍ നടപ്പിലാക്കി. സബ്‌സിഡികള്‍ ഉള്‍പ്പെടെ രക്ഷാകര്‍തൃ അവധി വര്‍ധിപ്പിച്ചു കൊണ്ടുള്ള നയങ്ങളൊക്കെ കൊണ്ടു വന്നെങ്കിലും ഫലപ്രദമായില്ലെന്നാണ് ജനസംഖ്യയിലുണ്ടാകുന്ന കുറവുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടൊപ്പമാണ് ചൈനയിൽ മരണനിരക്കില്‍ വർധന രേഖപ്പെടുത്തുന്നത്. 1976 ന് ശേഷം ആദ്യമായാണ് മരണനിരക്ക് കൂടുന്നത്. വയോജന പരിചരണവും പെന്‍ഷനും ഉള്‍പ്പെടെ ചൈനയുടെ സാമൂഹിക നയങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നാണ് കണക്കുകള്‍ വിലയിരുത്തി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇത് ഭാവിയില്‍ ചൈനയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. 2022 ല്‍ ജിഡിപി മൂന്ന് ശതമാനം വളര്‍ച്ച നേടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിഡിപി വളര്‍ച്ചയും കുറവാണ്. മൂന്ന് വര്‍ഷമായി ചൈനയില്‍ നടപ്പിലാക്കിയ സീറോ കോവിഡ് നയങ്ങൾ കൂടുതല്‍ വിപത്തുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ