സമാധാന സന്ദേശവുമായി ഷീ ജിൻ പിങ്? നിർണായക റഷ്യൻ സന്ദർശനത്തിന് തുടക്കം; ഉറ്റുനോക്കി ലോകം
യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് നിര്‍ണായകമായേക്കാവുന്ന റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. യുക്രെയ്ന്‍ അധിനിവേശ വിഷയത്തില്‍ ചൈന മുന്നോട്ടുവെച്ച സമാധാന പദ്ധതിയില്‍ നിര്‍ണായക തീരുമാനം ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഷീ ജിന്‍ പിങ്ങിന്‌റെ മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഉറ്റുനോക്കുകയാണ് ലോകം. യുദ്ധമവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും പുടിന്‍- ഷീ ജിന്‍പിങ് ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
''സമാധാനത്തിന്‌റെ യാത്ര''യെന്നാണ് റഷ്യന്‍ സന്ദര്‍ശനത്തെ ചൈന വിശേഷിപ്പിക്കുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഷീ ജിന്‍ പിങ് ആദ്യമായെത്തുകയാണ് മോസ്‌കോയിൽ. പുടിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡന്‌റിന്‌റെ സന്ദര്‍ശനം. പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഷീയുടെ വരവ് എന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളിലെ സാമ്പത്തിക-രാഷ്ട്രീയ സഹകരണവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തലുമടക്കമുള്ള വിഷയങ്ങള്‍ ചൈനീസ് പ്രസിഡന്‌റിന്‌റെ റഷ്യന്‍ സന്ദര്‍ശനത്തിന്‌റെ ലക്ഷ്യങ്ങളാണ്. ഇന്ന് പുടിനുമൊത്ത് ഷീ ജിന്‍ പിങ്ങ് അത്താഴ വിരുന്നില്‍ പങ്കെടുക്കുമെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ ആവും നടക്കുക. ചൊവ്വാഴ്ചയാണ് ഔദ്യോഗിക ചര്‍ച്ചകള്‍.
യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യയുടെ നിലപാടുകള്‍ സംബന്ധിച്ച് ഷീ ജിന്‍ പിങ്ങിന് വ്യക്തമായ വിവരങ്ങള്‍ പുടിന്‍ നല്‍കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രെയ്ന്‍ വിഷയത്തില്‍ ചൈന മുന്നോട്ട് വെച്ച സമാധാന പദ്ധതികളിലെ നിര്‍ദേശങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണം, ഏകപക്ഷീയമായ ഉപരോധങ്ങള്‍ അവസാനിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നോട്ടുവച്ചത്. പാശ്ചാത്യ ഇതര രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാന്‍ ശ്രമിക്കുന്ന റഷ്യയ്ക്ക് സുഹൃത്ത് രാജ്യമെന്ന നിലയില്‍ ചൈനയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളിക്കളയാനാകില്ല. അതേസമയം സമാധാന സ്ഥാപകനെന്ന നിലയില്‍ ലോകത്തിന് മുന്നിൽ സ്വയം അവരോധിക്കാനുള്ള അവസരമാണ് ഷീ ജിന്‍ പിങ്ങിനിത്.
ഷീയുടെ റഷ്യന്‍ സന്ദര്‍ശനം യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. റഷ്യന്‍ സൈന്യത്തിന്‌റെ പിന്‍മാറ്റത്തില്‍ ആരംഭിക്കുന്ന സമാധാന പദ്ധതി മാത്രമേ അംഗീകരിക്കാനാകൂ എന്നാണ് യുക്രെയ്‌ന്‌റെ നിലപാട്. രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി റഷ്യന്‍ സൈന്യം കീഴടങ്ങുകയോ പിന്മാറുകയോ ചെയ്യാതെ സമാധാനശ്രമങ്ങള്‍ക്ക് തുടക്കമാകില്ലെന്ന് യുക്രെയ്ന്‍ ദേശീയ സുരക്ഷാ സെക്രട്ടറി ഒലക്‌സി ഡാനിലോവ് പ്രതികരിച്ചു. ഷീ ജിന്‍ പിങ്ങിന്‌റെ റഷ്യന്‍ സന്ദര്‍ശനം നിരീക്ഷിച്ചു വരികയാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ വക്താവ് ഒലേവ് നിക്കരെങ്കോയും പറഞ്ഞു. ചൈനയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് യുക്രെയ്ന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‌റിനെതിരെ റഷ്യ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചു. ഐസിസി ന്യായാധിപന്‌റെ നടപടി നിയമവിരുദ്ധമെന്നാണ് റഷ്യ നിയോഗിച്ച അന്വേഷണ സംഘത്തിന്‌റെ നിലപാട്. അറസ്റ്റ് വാറന്റിന് പിന്നാലെ പുടിന്‍ മരിയൂപോളില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് ഷീ മോസ്‌കോയിലെത്തയത്.
2019 ലായിരുന്നു ഷീ അവസാനമായി റഷ്യ സന്ദര്‍ശിച്ചത് . വിന്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി പുടിന്‍ ചൈനയിലും സന്ദര്‍ശനം നടത്തിയിരുന്നു. 2022ലെ ഉസ്‌ബെസ്‌ക്കിസ്ഥാന്‍ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ഒടുവില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.