ചൈനയിൽ മുസ്‌ലിം പള്ളികൾക്കെതിരെ നടപടി; പൂട്ടുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യുന്നുവെന്ന് മനുഷ്യാവകാശ സംഘടന
ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ നൂറുകണക്കിന് മുസ്‌ലിം പള്ളികൾ അധികൃതർ പൂട്ടുകയോ രൂപം മാറ്റുകയോ ചെയ്തതായി റിപ്പോര്‍ട്ട്. സിൻജിയാങിനുശേഷം ചൈനയിലെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള നിങ്സിയ, ഗാൻസു മേഖലകളിലെ പ്രദേശങ്ങളിലെ പള്ളികളിൽ ചിലതാണ് പൂട്ടുകയോ, രൂപമാറ്റം വരുത്തുകയോ ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതന്യൂനപക്ഷ ആരാധനാലയങ്ങളെ ചൈനീസ് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടികള്‍.
നിങ്സിയ സ്വയംഭരണ പ്രദേശത്തും ഗാൻസു പ്രവിശ്യയിലും പള്ളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ (എച്ച്ആർഡബ്ല്യു) ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മതന്യൂനപക്ഷങ്ങളുടെ ആരാധനലായങ്ങള്‍ ചൈനീസ് വല്‍ക്കരിക്കണമെന്ന നിര്‍ദേശം 2016 ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പുറപ്പെടുവിച്ചത്.
ചൈനീസ് സർക്കാർ അവതരിപ്പിച്ച മസ്ജിദ് ഏകീകരണ നയം പ്രകാരം 2.5 കിലോമീറ്റർ പരിധിയിലുള്ള എല്ലാ പള്ളികളും ലയിപ്പിക്കണം. സമീപ വർഷങ്ങളിൽ ഇത്തരത്തിൽ നിരവധി ആരാധനാലയങ്ങൾ സർക്കാർ പൊളിച്ചുനീക്കിയിട്ടുണ്ട്. സർക്കാർ റിപ്പോർട്ടുകൾ പ്രകാരം 10 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സോങ്‌വേയിൽ 2019 ൽ 214 പള്ളികൾ പരിഷ്‌കരിക്കുകയും 58 എണ്ണം ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്ത 37 ആരാധനാലയങ്ങൾ ഈ മേഖലയിൽ മാത്രം നിരോധിച്ചതായും സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജിംഗുയി പട്ടണത്തിൽ ഇസ്ലാമിക വാസ്തുവിദ്യാ സവിശേഷതകളുള്ള 130-ലധികം കെട്ടിടങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയതായി ചൈനീസ് സർക്കാർ പറയുന്നു.
നിങ്‌സിയയിലെ രണ്ട് ഗ്രാമങ്ങളിലെ മസ്ജിദ് ഏകീകരണ നയം പരിശോധിക്കാൻ ഹ്യൂമൻ റൈറ്സ് വാച്ച് ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ വിശകലനത്തിൽ 2019 നും 2021 നും ഇടയിൽ ഏഴ് പള്ളികളുടെ താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്തതായി കണ്ടെത്തി. നാല് പള്ളികളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. മൂന്ന് പ്രധാന കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും ഒന്നിന്റെ വുദു ഹാളിന് (പ്രാർത്ഥനക്ക് മുൻപ് അംഗശുദ്ധി വരുത്തുന്ന സ്ഥലം )കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വുദു സൗകര്യങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ആരാധനയങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉടനടി ഉറപ്പുവരുത്തുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആരാധനയുടെ പ്രധാന ഭാഗങ്ങളിലൊന്ന് അംഗശുദ്ധി വരുത്തലായതിനാൽ അതിന് കേടുപാടുകൾ സംഭവിച്ചാൽ പിന്നീട് ഈ പള്ളികൾ ഉപയോഗിക്കാൻ സാധിക്കില്ല.
മസ്ജിദ് ഏകീകരണ നയ പ്രകാരം 2017 മുതൽ സിൻജിയാങ്ങിലെ 16,000 പള്ളികളിൽ 65 ശതമാനം നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു.
രാജ്യത്തെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങൾക്കുമേൽ കർശനമായ നടപടികളാണ് വളരെക്കാലമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കുന്നത്. "ചൈനയിലെ മുസ്‌ലിം ആചാരങ്ങൾ തടയുന്നതിനുള്ള ചിട്ടയായ ശ്രമത്തിന്റെ ഭാഗമാണ് പള്ളികൾ അടച്ചുപൂട്ടലും നശിപ്പിക്കലും പുനഃനിർമിക്കലും," എച്ച്ആർഡബ്ല്യുവിലെ ആക്ടിങ് ചൈന ഡയറക്ടർ മായ വാങ് പറയുന്നു.
രാജ്യത്ത എത്ര മുസ്ലിം പള്ളികളാണ് ഇത്തരത്തില്‍ ഇല്ലാതാക്കുകയോ, രൂപമാറ്റം വരുത്തുകയോ ചെയ്തതെന്ന് കണക്ക് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കിയിട്ടില്ല. അതേസമയം രാജ്യത്തെ നിയമമനുസരിച്ച് മത വിശ്വാസങ്ങള്‍ അനുവദിക്കുന്നുണ്ടെന്ന് ചൈനീസ് സര്‍ക്കാറിന്റെ വക്താവ് പറഞ്ഞു. ' എന്നാല്‍ തീവ്രവാദത്തെ നേരിടും.' സാധാരണ വിശ്വാസികളുടെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.