ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ബാവോ തോങ് അന്തരിച്ചു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ബാവോ തോങ് അന്തരിച്ചു. 1980കളിൽ ചൈനയെ പിടിച്ചുകുലുക്കിയ ടിയാനൻമെൻ പ്രതിഷേധത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട നേതാവാണ് ബാവോ. ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രീയ പരിഷ്കരണത്തിന് അദ്ദേഹം നേതൃത്വം നൽകി. അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ഏഴ് വര്ഷം ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള ചൈനീസ് ആക്ടിവിസ്റ്റുകൾ 90-കാരനായ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ചു. എന്നാൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ചൈനയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മകൻ ബാവോ പു ആണ് കഴിഞ്ഞ ദിവസം പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്.
1932-ൽ ചൈനയുടെ കിഴക്കൻ സെജിയാങ് പ്രവിശ്യയിലാണ് ബാവോയുടെ ജനനം. 1949-ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. മുൻ ചൈനീസ് പ്രധാനമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ഷാവോ സിയാങ്ങിന്റെ അടുത്ത അനുയായി ആയിരുന്നു ബാവോ. 1980-കളിൽ ഷാവോയുടെ രാഷ്ട്രീയ സെക്രട്ടറിയായി. പിന്നീട് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും രാഷ്ട്രീയ പരിഷ്കരണ വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചു.
മാവോ സെതൂങ്ങിന്റെ മരണ ശേഷവും മാറ്റമില്ലാതെ തുടർന്ന ചൈനീസ് രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയെ പൊളിച്ചെഴുതുന്നതിന് ചുക്കാൻ പിടിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. അധികാരം ഒരു നേതാവിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് തടയാൻ ആവിഷ്കരിച്ച കൂട്ടായ നേതൃത്വമെന്ന മാതൃകയുടെ ശില്പികളിലൊരാൾ കൂടിയാണ് ബാവോ തോങ്.
എന്നാൽ 1989ൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ ഉയർന്നതോടെ പാർട്ടി അനുകൂലികൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായി. ഒടുവിൽ പ്രതിഷേധങ്ങളെ അതിക്രൂരമായി അടിച്ചമർത്തി. പ്രതിഷേധക്കാരോട് പരസ്യമായി അനുഭാവം പുലർത്തിയിരുന്ന ഷാവോയുടെയും ബാവോയുടെയും രാഷ്ട്രീയ ജീവിതവും അതോടു കൂടി അവസാനിച്ചു.
ബാവോയെ 1989 മെയ് മാസത്തിൽ അറസ്റ്റ് ചെയ്യുകയും 1992-ൽ വിചാരണ ചെയ്യുകയും ചെയ്തു. "രാജ്യ രഹസ്യങ്ങൾ വെളിപ്പെടുത്തിയതിനും പാർട്ടിക്കെതിരെ നടത്തിയ പ്രചാരണത്തിനും" അദ്ദേഹത്തെ ശിക്ഷിച്ചു. ജയിൽ മോചിതനായെങ്കിലും കർശന നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. എന്നിരുന്നാലും അന്ന് മുതൽ അദ്ദേഹം ചൈനീസ് പാർട്ടിയുടെ വിമർശകനായി തന്നെ നിലകൊണ്ടു. ടിയാനൻമെൻ സ്‌ക്വയറിലെ കൂട്ടക്കൊലയുടെ ദിവസമായ "ജൂൺ 4" ചൈനീസ് നേതാക്കൾ ഏറ്റുപറയണമെന്നും ബാവോ ആവശ്യപ്പെട്ടിരുന്നു. 2012 മുതൽ അദ്ദേഹം ട്വിറ്ററിൽ സജീവമായിരുന്നു.
ചൈനയുടെ ഔദ്യോഗിക രേഖകളിൽ നിന്ന് ടിയാന്മെൻ ചത്വര കൂട്ടക്കൊല അപ്രത്യക്ഷമായത് പോലെ ബാവോയുടെ വിവരങ്ങളും ലഭ്യമല്ല. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിൽ ബാവോയുടെ പേര് തിരയുമ്പോൾ 'നിയമവിരുദ്ധ'മായതിനാൽ കാണിക്കാൻ കഴിയില്ല എന്നാണ് ദൃശ്യമാകുക.