വിവാഹേതര ബന്ധവും വിവാഹമോചനവും പാടില്ല! വൈറലായി ചൈനീസ് കമ്പനിയുടെ സ്റ്റാഫ് റൂള്‍
വിവാഹേതര ബന്ധങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് ചൈനീസ് കമ്പനി. ചൈനയിലെ ജീജാങ്ങിലുള്ള ഒരു കമ്പനി അടുത്തിടെ പുറത്തിറക്കിയ റൂളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹിതരായ എല്ലാ ജീവനക്കാർക്കും മുന്നറിയിപ്പ് ബാധകമാണെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഇത്തരത്തിലൊരു പ്രസ്താവ പുറത്തിറക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല.
കുടുംബത്തോട് വിശ്വസ്തത പുലർത്തുന്നതിനും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹം നിലനിർത്തുന്നതിനും കോർപ്പറേറ്റ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിവാഹിതരായ എല്ലാ ജീവനക്കാരെയും മോശം പെരുമാറ്റങ്ങളിൽ നിന്ന് തടയുന്നുതിനുമാണ് തീരുമാനമെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.
നിബന്ധന ലംഘിക്കുന്ന ജീവനക്കാരെ പുറത്താക്കും. എല്ലാ ജീവനക്കാരും സ്‌നേഹത്തിന്റെ മൂല്യം മനസ്സിലാക്കണം. വിവാഹേതര ബന്ധങ്ങൾ, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കാതിരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ കമ്പനിയുടെ പുതിയ പ്രഖ്യാപനത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചൈനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലെ സീനിയർ എക്‌സിക്യൂട്ടീവിനെ വിവാഹേതര ബന്ധത്തിലേർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സ്ത്രീയുമായി അദ്ദേഹം കൈകോർത്ത് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.