ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ മാറ്റും
സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ ഒഴിവാക്കാന്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രാലയം. പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലസ് പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിലെ പ്രധാന കെട്ടിടങ്ങളില്‍ ചൈനീസ് നിർമിത ക്യാമറകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ വകുപ്പിന്റെ ഓഫീസുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ചൈനീസ് നിര്‍മ്മിത നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
സുരക്ഷാ വിവരങ്ങള്‍ ചെെന ചോര്‍ത്തുമെന്ന ആശങ്കയില്‍ അമേരിക്കയും യുകെയും സമാനമായ രീതിയിലുളള നീക്കം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഹാങ്‌സ്ഹൗ ഹിക്ക്വിഷന്‍ ഡിജിറ്റല്‍ ടെക്‌നോളജി, ദൗഹുവ ടെക്‌നോളജി കോ. എന്നീ ചൈനീസ് കമ്പനികളുടെ ക്യാമറകള്‍ 250 ഓളം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് എംപി ജെയിംസ് പാറ്റേര്‍സണ്‍ പറഞ്ഞു. വ്യക്തിഗത ഓഡിറ്റിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ക്യാമറകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് വിദേശ ഇടപെടലുകളും സൈബര്‍ സുരക്ഷാ വകുപ്പുകളും കൈകാര്യം ചെയ്യുന്ന ജെയിംസ് പാറ്റേര്‍സണ്‍ നിര്‍ദേശിച്ചു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനോ, ഓസ്‌ട്രേലിയന്‍ ക്ലൗഡ് ഡാറ്റ വില്‍ക്കാനോ കഴിയില്ല. അതിനാല്‍ കമ്പനി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ആരോപണം തെറ്റാണെന്ന് ചൈനീസ് കമ്പനി വക്താവ് പറഞ്ഞു. തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങള്‍ എല്ലാ ഓസ്‌ട്രേലിയന്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതായും കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ക്ക് വിധേയമാണെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
കാന്‍ബറയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ നിന്ന് ചൈനീസ് നിര്‍മ്മിത നിരീക്ഷണ ക്യാമറകള്‍ മാറ്റുമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ ചൈനീസ് കമ്പനിയായ ഹുവായുടെ 5ജി ബ്രോഡ്ബാന്‍ഡ് ഓസ്‌ട്രേലിയയില്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ചൈനയും ഓസ്‌ട്രേലിയയും തമ്മിലുളള നയതന്ത്ര ബന്ധത്തിന് വിളളലേല്‍ക്കുന്നത്.
കോവിഡ്19 ന്റെ ഉത്ഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് ഓസ്‌ട്രേലിയ ഉത്തരവിട്ടതും ബന്ധം വഷളാകുന്നതിന് കാരണമായി. പിന്നീട് നിരവധി ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന താരിഫ് ഏര്‍പ്പെടുത്തി. നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യുന്നതിനോട് ചൈന എങ്ങനെ പ്രതികരിക്കും എന്നതില്‍ ആശങ്കയില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ദേശീയ താല്‍പര്യത്തിന് അനുസരിച്ച്, സുതാര്യമായാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു