ഷീ ജിന്‍പിങ്
ഷീ ജിന്‍പിങ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വീട്ടുതടങ്കലിൽ! ചൈനയിൽ പട്ടാള അട്ടിമറി? : സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ നിറയുന്നു

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഔദ്യോഗിക മാധ്യമങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല
Updated on
1 min read

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വീട്ടുതടങ്കലിലാണെന്ന പ്രചാരം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. ചൈന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) തലപ്പത്ത് നിന്ന് ഷീ ജിൻപിങ്ങിനെ നീക്കിയതായും ഷാങ്ഹായ്‌ സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത് ചൈനയിൽ തിരിച്ചെത്തിയ ഷീ ജിന്‍പിങ്ങിനെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലാക്കി എന്നുമാണ് ഉയരുന്ന പ്രധാന അഭ്യൂഹം. എന്നാൽ ഇതുവരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോ ചൈനീസ് മാധ്യമങ്ങളോ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററില്‍ വന്ന ചില പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച ആരംഭിച്ചത്.

അടുത്തിടെ ഉസ്ബസ്ക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ ഷീ ജിൻപിങ് പങ്കെടുത്തിരുന്നു. ഉച്ചകോടിയിൽ അദ്ദേഹ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമടക്കം നിരവധി രാഷ്ട്രത്തലവന്മാരുമായി ചർച്ചകള്‍ നടത്തി. സെപ്റ്റംബർ 16ന് തിരിച്ച് ചൈനയിൽ എത്തിയ ഷീ ജിന്‍ പിങിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

സെപ്റ്റംബർ 22ന് നാഷണൽ ഹൈലാൻഡ് വിഷൻ എന്ന ട്വിറ്റർ അക്കൗണ്ടാണ് ഷീ ജിൻപിങിനെ തടവിലാക്കിയെന്ന സൂചന ആദ്യമായി പങ്കുവെച്ചത്. "ഷീ ജിൻപിങ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പോയതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ചർച്ച നടത്തി അദ്ദേഹത്തെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഈ വിവരം അറിഞ്ഞ് തിരിച്ചെത്തിയ ഷീജിന്‍ പിങിനെ അറസ്റ്റ് ചെയ്തു. ഇരുപതാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിൽ അറസ്റ്റ് വിശദാംശങ്ങള്‍ നേതാക്കള്‍ അറിയിക്കും" ട്വീറ്റില്‍ പറയുന്നു.

സെപ്റ്റംബർ 21ന് രാജ്യത്തെ 60 ശതമാനം വിമാനങ്ങളും മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബീജിങ്ങിലേക്ക് സൈന്യത്തിന്റെ വാഹനവ്യൂഹം കുതിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇന്റർനെറ്റിൽ വാർത്ത കാട്ടുതീ പോലെ കത്തി പടരുമ്പോഴും ചൈനീസ് പാർട്ടി പുലർത്തുന്ന നിസ്സംഗ നിലപാട് സംശയങ്ങൾ സത്യമാണെന്നതിന്റെ സൂചനയാണെന്ന് നെറ്റിസൻസ് അഭിപ്രായപ്പെടുന്നു.

ചൈനയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലും പലതും പുക മറയായി അവശേഷിക്കുന്നു. ചൈന നിലവിൽ അസ്ഥിരമാണ്, എന്തൊക്കെയോ സംഭവിക്കുന്നുണ്ട്" എഴുത്തുകാരനായ ഗോർഡൻ ജി ചാങ് പറഞ്ഞു.

2013 മുതല്‍ ചൈനീസ് പ്രസിഡന്റ് പദവി വഹിക്കുന്ന നേതാവാണ് ഷീ ജിന്‍ പിങ്.

logo
The Fourth
www.thefourthnews.in