ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ 
ചൈനയിൽ മുപ്പത് ദിവസം വിവാഹ അവധി

ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ചൈനയിൽ മുപ്പത് ദിവസം വിവാഹ അവധി

കുറഞ്ഞ സാമ്പത്തിക വികസനമുള്ള പ്രവിശ്യകളിലും നഗരങ്ങളിലുമാണ് വിവാഹ അവധി നീട്ടിയിരിക്കുന്നത്
Updated on
1 min read

ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ചൈനയിലെ ചില പ്രവിശ്യകള്‍ നവദമ്പതികൾക്ക് 30 ദിവസം ശമ്പളത്തോടു കൂടിയ വിവാഹ അവധി പ്രഖ്യാപിച്ചതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഹെല്‍ത്ത് ചൊവ്വാഴ്ച അറിയിച്ചു. ചൈനയിൽ ശമ്പളത്തോടുകൂടിയുള്ള വിവാഹ അവധി മൂന്ന് ദിവസമാണ്. എന്നാല്‍ ഫെബ്രുവരിയോടെ പുതിയ ആനുകൂല്യങ്ങൾ ഏര്‍പ്പെടുത്താന്‍ പ്രവിശ്യകള്‍ക്ക് സാധിക്കും. പീപിള്‍സ് ഡെയ്‌ലി ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവും കൽക്കരി നിര്‍മ്മാണ പ്രദേശമായ ഷാങ്‌സിയും മുപ്പത് ദിവസം വിവാഹ അവധി നല്‍കും. ഷാങ്ഹായ് പത്തും സിചുവാന്‍ മൂന്ന് ദിവസവുമായിരിക്കും നല്‍കുക.

പ്രത്യുല്‍പാദന നിരക്ക് വര്‍ധിപ്പിക്കാനുള്ള വളരെ നല്ല മാര്‍ഗമാണ് വിവാഹ അവധി കൂട്ടുന്നതെന്ന് സൗത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സിൻ്റെ സോഷ്യല്‍ ഡെവലപ്മെൻ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ യാങ് ഹയാങ് ചൂണ്ടികാട്ടി. കുറഞ്ഞ സാമ്പത്തിക വികസനമുള്ള പ്രവിശ്യകളിലും നഗരങ്ങളിലുമാണ് വിവാഹ അവധി നീട്ടിയിരിക്കുന്നത്. ഭവന സബ്‌സിഡിയും പുരുഷന്‍മാര്‍ക്കായുള്ള ശമ്പളത്തോടു കൂടിയ പിതൃത്വ അവധിയും തുടങ്ങി മറ്റ് നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആറ് ദശകങ്ങള്‍ക്ക് ശേഷം ചൈനയുടെ ജനസാന്ദ്രത കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞു. ഇത് വലിയ തകര്‍ച്ചയ്ക്കുള്ള തുടക്കമായാണ് കണക്കാക്കുന്നത്.

1000 പേര്‍ക്ക് 6.77 ശതമാനമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തുകയുണ്ടായി. 1980 മുതല്‍ 2015 വരെ രാജ്യത്തെ ജനസംഖ്യ നിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ''ഒരു കുട്ടി'' നിയമം നടപ്പിലാക്കിയതാണ് കാരണം. ഉയര്‍ന്ന പഠന ചിലവും ജനത്തെ ഒരു കുട്ടി അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് എത്തിക്കുകയാണ് ഉണ്ടായത്.

logo
The Fourth
www.thefourthnews.in