കോവിഡ്  വൈറസിന്റെ ഉത്ഭവത്തിന് പിന്നിൽ റാക്കൂൺ നായയോ? കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ

കോവിഡ് വൈറസിന്റെ ഉത്ഭവത്തിന് പിന്നിൽ റാക്കൂൺ നായയോ? കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ

വിപണിയിൽ വില്‍ക്കാന്‍ വെച്ചിരുന്ന മൃഗങ്ങളുമായി വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം ബന്ധിപ്പിക്കുകയാണ് ശാസ്ത്രജ്ഞർ
Updated on
2 min read

ലോകത്തെ വിറപ്പിച്ച കോവിഡിന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഇതിനിടെ കോവിഡിന്റെ ഉത്ഭവത്തെകുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈനീസ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുകയാണ്. മൂന്നുവർഷം മുൻപ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്താണ് ചൈനയിലെ ഗവേഷക സംഘം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം തേടിയുള്ള അന്വേഷണത്തിൽ വുഹാനിലെ സമുദ്രോൽപ്പന്ന മാർക്കറ്റാണ് പ്രധാന ഇടം. ഇവിടെ നിന്നുമാണ് ലോകത്തിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 2020-ൽ ചൈനയിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ മാർക്കറ്റിൽ നിന്നും ശേഖരിച്ച ജനിതക സാമ്പിളുകൾ പരിശോധിച്ചുള്ള ആദ്യ അവലോകന പഠനം കൂടിയാണിത്.

ഹുവാനൻ മാർക്കറ്റിൽ വ്യാപകമായി മൃഗങ്ങളെയും വിൽക്കാറുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ റാക്കൂൺ ഇനത്തിൽപ്പെട്ട നായയും ഉൾപ്പെട്ടിരുന്നു. വിപണിയിൽ വിറ്റിരുന്ന മൃഗങ്ങളിലേക്ക് വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം ബന്ധിപ്പിക്കുകയായിരുന്നു ശാസ്ത്രജ്ഞർ. 2020ൽ കോവിഡ് വ്യാപിക്കുന്നതിന് മുൻപ് ഹുവാനൻ മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ നായകൾ അടക്കമുള്ള മൃഗങ്ങളുടെ ഫോട്ടോകൾ ശാസ്ത്രജ്ഞർ ശേഖരിച്ചിരുന്നു. വന്യജീവികളെ വിൽക്കുന്ന ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ചില സാമ്പിളുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച മനുഷ്യരുടെ സ്രവങ്ങളിൽ ഈ വന്യമൃഗങ്ങളുടെ ജനിതക ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണ റിപ്പോർട്ടില്‍ പറയുന്നു . ഇതോടെ രോഗബാധയേറ്റ ഒരു മൃഗത്തിൽ നിന്നും മനുഷ്യനിലേക്ക് വൈറസ് പടരുകയിരുന്നുവെന്നും ചില ശാസ്ത്രജ്ഞർ വാദിച്ചു.

അതേസമയം ഉറവിടം വ്യാഖ്യാനിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ പഠന റിപ്പോർട്ട് പരസ്യമാക്കുന്നതിന് മൂന്ന് വർഷക്കാലമെടുത്തതിന്റെ കാരണം വ്യക്തമല്ല. കോവിഡിന്റെ പ്രഭവകേന്ദ്രം വുഹാനിലെ ഒരു ലബോറട്ടറിയാണെന്ന തരത്തിലുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. 2022 ഫെബ്രുവരിയിലാണ് ചൈനീസ് ഗവേഷണ സംഘം പഠനത്തിന്റെ ആദ്യ ഭാഗം ഓൺലൈനായി പ്രസിദ്ധീകരിച്ചത്. എന്നാൽ മാർക്കറ്റിൽ നിന്ന് ശേഖരിച്ച എല്ലാ സാമ്പിളുകളുടെയും ജനിതകഘടകങ്ങളുടെ വിവരം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് 2023 മാർച്ചിൽ മറ്റൊരു ഗവേഷക സംഘം മാർക്കറ്റിൽ നിന്നും ശേഖരിച്ച സ്രവങ്ങൾ പരിശോധിച്ച ശേഷമുള്ള കണ്ടെത്തലുകളും നിഗമനങ്ങളും കൂടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. മാർക്കറ്റിനകത്തെ സ്റ്റാളുകൾ, ഉപരിതലങ്ങൾ, കൂടുകൾ, യന്ത്രങ്ങൾ എന്നിവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ വിശദാംശങ്ങളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, മൃഗങ്ങളിലടക്കം വൈറസ് ബാധ എങ്ങനെയുണ്ടായി എന്നതിനെ കുറിച്ച് കൃത്യമായ വിവരം ഈ ഗവേഷണപ്രബന്ധത്തിലും വ്യക്തമാക്കിയിട്ടില്ല. അതിനിടെ മൃഗത്തിൽ നിന്നല്ല മനുഷ്യനിൽ നിന്നുമാണ് വൈറസ് മാർക്കറ്റിനുള്ളിൽ വ്യാപിച്ചതെന്ന ആരോപണവും നിലനിൽക്കുകയാണ്. അതേസമയം മാർക്കറ്റിലുണ്ടായിരുന്ന മൃഗങ്ങൾക്ക് വൈറസ് ബാധ ഉണ്ടായിരുന്നിരിക്കാമെന്നതിന് ശക്തമായ തെളിവാണ് പുതിയ പഠന റിപ്പോർട്ടെന്ന് കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ആദ്യകാലം മുതൽ പഠനം നടത്തിവരുന്ന വൈറോളജിസ്റ്റ് പ്രൊഫ. ഡേവിഡ് റോബർട്ട്‌സൺ പ്രതികരിച്ചു. വുഹാനിലെ ലാബിൽ നിന്നും വൈറസ് ചോർന്നുവെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഉറച്ച് വിശ്വസിക്കുമ്പോഴാണ് മാർക്കറ്റിൽ വിറ്റിരുന്ന മൃഗങ്ങളായിരിക്കാം വൈറസിന്റെ ഉത്ഭവത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടുന്ന പഠനം പുറത്തുവരുന്നത്. ലാബിൽ നിന്നും വൈറസ് ചോർന്നുവെന്ന ആരോപണം ചൈന ഇതുവരെയും അംഗീകരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in