ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്: നീക്കം നിരീക്ഷിച്ച് ഇന്ത്യ

ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്: നീക്കം നിരീക്ഷിച്ച് ഇന്ത്യ

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാവികസേനാ കേന്ദ്രമായി ഹംബൻടോട്ട മാറുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ താല്‍പ്പര്യങ്ങൾക്ക് ദോഷകരമാണ്
Updated on
1 min read

ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക് അടുക്കുന്നു. ചൈനീസ് നിരീക്ഷണ കപ്പലാണ് യുവാൻ വാങ് 5 ആണ് തന്ത്രപ്രധാനമായ ഹംബൻടോട്ട തുറമുഖത്തേക്ക് എത്തുന്നത്. ഓഗസ്റ്റ് 11ന് എത്തുന്ന കപ്പല്‍ 17 വരെ തുറമുഖത്ത് തങ്ങും. ചൈനീസ് കപ്പല്‍ എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പലിന്റെ നീക്കങ്ങൾ ഇന്ത്യൻ നാവികസേന നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ചൈനയുടെ ധനസഹായത്തോടെയായിരുന്നു ഹംബൻടോട്ട തുറമുഖത്തിന്റെ നിർമാണം

ഹംബൻടോട്ട തുറമുഖത്തിന്റെ പ്രാധാന്യം

രണ്ടാമത്തെ വലിയ ലങ്കൻ തുറമുഖമാണ് ഹംബൻടോട്ട. തെക്കുകിഴക്കൻ ഏഷ്യയെ ആഫ്രിക്കയോടും പശ്ചിമേഷ്യയോടും ബന്ധിപ്പിക്കുന്ന പാതയിലാണ് തുറമുഖം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിൽ വളരെ പ്രധാനപ്പെട്ട പ്രദേശമാണിത്. ചൈനയുടെ ധനസഹായത്തോടെയായിരുന്നു ഹംബൻടോട്ട തുറമുഖത്തിന്റെ നിർമാണം. എന്നാൽ ശ്രീലങ്കയ്ക്ക് അതിന്റെ പ്രവർത്തനം നിലനിർത്താൻ കഴിയാത്തതിനെ തുടർന്ന് 2017 മുതൽ തുറമുഖം ചൈന മർച്ചന്റ് പോർട്ട് ഹോൾഡിംഗ്സിന് പാട്ടത്തിന് നൽകിയിരിക്കുകയാണ്.

ഇന്ത്യയുമായി കൂടുതൽ അടുത്തുനിൽക്കുന്ന തുറമുഖം കൂടിയാണ് ഹംബൻടോട്ട. അതുകൊണ്ട് ചൈനയുടെ നാവികസേന വളരെക്കാലമായി ഈ തുറമുഖത്തെ ലക്ഷ്യം വെക്കുന്നുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാവികസേനാ കേന്ദ്രമായി ഹംബൻടോട്ട മാറുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടേയും യു എസ്സിന്റെയും താല്പര്യങ്ങളെ ദോഷകരമായി ബാധിക്കും.

ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നതോടെ ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പ്രദേശങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാന്‍ യുവാൻ വാങ് 5ന് കഴിയും.

ഇന്ത്യയുടെ ആശങ്ക

ചൈനയുടെ നിരീക്ഷണ കപ്പലുകളുടെ സീരിസിൽ പെട്ടതാണ് ‘യുവാൻ വാങ് 5'. ഏകദേശം 750 കിലോമീറ്റർ വരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് കപ്പലിലുള്ളത്. അതിനാല്‍, ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നതോടെ ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പ്രദേശങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാന്‍ യുവാൻ വാങ് 5ന് കഴിയും. കിഴക്കൻ തീരത്തെ ഇന്ത്യൻ നാവിക താവളങ്ങളും ചന്ദിപൂരിലെ ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രങ്ങളും അത്തരമൊരു അപകടസാധ്യത നേരിടുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഉപഗ്രഹങ്ങളും ട്രാക്ക് ചെയ്യാനുള്ള ശേഷി കൂടെയുള്ള കപ്പലാണിത്.

വ്യാപാര താൽപ്പര്യങ്ങൾക്കായി മ്യാൻമർ മുതൽ കിഴക്കൻ ആഫ്രിക്ക വരെ ‘സ്ട്രിംഗ് ഓഫ് പേൾ’ സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയെ നേരിട്ട് വെല്ലുവിളിക്കുന്നതാണ്. 'സ്ട്രിംഗ് ഓഫ് പേളി'ന്റെ ഭാഗമായി ചൈന നിർമിച്ച തുറമുഖങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൈനിക താവളങ്ങളായി ഉപയോഗിക്കപ്പെടുമെന്ന ആശങ്ക നേരത്തെ മുതൽ ഉണ്ടായിരുന്നു.

2020ൽ ഗാൽവാനിൽ ഇൻഡോ-ചൈന ഏറ്റുമുട്ടലുകൾ ഉണ്ടായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ല. ഹംബൻടോട്ടയിൽ യുവാൻ വാങ് 5 നങ്കൂരമിടുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ സംഘർഷങ്ങളിലേക്ക് വഴി വെക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ബാധിക്കുന്ന ഏതൊരു വികസനവും സർക്കാർ ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പ്രതികരിച്ചത്. സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in