നിയന്ത്രണ രേഖയില്‍ ചൈനീസ് പിന്മാറ്റം; പുതിയ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

നിയന്ത്രണ രേഖയില്‍ ചൈനീസ് പിന്മാറ്റം; പുതിയ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

2020 ൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശത്തിന് സമീപത്ത് നിന്നുമാണ് ചൈനീസ് സൈന്യം നിലവിൽ പിൻവാങ്ങിയിരിക്കുന്നത്.
Updated on
1 min read

കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിലെ നിയന്ത്രണ രേഖയില്‍ നിന്നു ചൈനീസ് സൈനികർ പിൻവാങ്ങിയതായി റിപ്പോർട്ട്. നേരത്തെ ചൈനീസ് സൈന്യം കടന്നുകയറിയ ഇവിടെ നിന്ന് ഇപ്പോള്‍ മൂന്നു കിലോമീറ്ററോളം പ്രദേശത്തു നിന്ന് അവര്‍ പിന്‍വാങ്ങിയതായി എൻഡിടിവിയ്ക്ക് ലഭിച്ച പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2020 ൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശത്തിന് സമീപത്ത് നിന്നുമാണ് ചൈനീസ് സൈന്യം നിലവിൽ പിൻവാങ്ങിയിരിക്കുന്നത്.

സാറ്റലൈറ്റ് ഇമേജറി സ്പെഷ്യലിസ്റ്റുകളിൽ നിന്നും ലഭിച്ച ചൈനീസ് സൈന്യം വരുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളിൽ പക്ഷേ കരാറിന്റെ ഭാഗമായി ഇരുവശത്തുമുള്ള സൈന്യങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുളള ബഫർ സോണിന്റെയോ മനുഷ്യന്റെ സാന്നിധ്യം ഇല്ലാത്ത ഭൂമിയുടെയോ വ്യാപ്തി കാണിക്കുന്നില്ല. ഈ മേഖലയിൽ പട്രോളിംഗും അനുവദനീയമല്ല.

2020-ൽ ലഡാക്കിൽ ചൈനീസ് കടന്നുകയറ്റത്തിന് മുമ്പ് ഇവിടെ ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തിയിരുന്നതാണ്. ഈ പ്രദേശത്തിന് സമീപമുളള നിയന്ത്രണ രേഖയ്ക്ക് കുറുകെ ചൈനീസ് സൈന്യം കെട്ടിടം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ചൈനക്കാർ ഈ കെട്ടിടം പൊളിക്കുകയും നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പൊളിച്ചുമാറ്റിയ പോസ്റ്റിന് വടക്കുകിഴക്കായി 3 കിലോമീറ്റർ അകലെയാണ് മാറ്റിസ്ഥാപിച്ച പുതിയ ചൈനീസ് പോസ്റ്റ്.
പൊളിച്ചുമാറ്റിയ പോസ്റ്റിന് വടക്കുകിഴക്കായി 3 കിലോമീറ്റർ അകലെയാണ് മാറ്റിസ്ഥാപിച്ച പുതിയ ചൈനീസ് പോസ്റ്റ്.

കരാറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ഇന്ത്യൻ പ്രദേശത്തിനുള്ളിലെ പോസ്റ്റുകൾ നീക്കം ചെയ്തതായി ലഡാക്കിലെ പ്രാദേശിക കൗൺസിലർമാർ പ്രസ്താവിച്ചിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ ഡൽഹിയിലെ സൈനിക ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ സൈന്യം കഴിഞ്ഞ 50 വർഷത്തോളമായി പട്രോളിംഗ് നടത്തിയിരുന്ന പട്രോൾ പോയിന്റ് 15ന് പുറമെ പട്രോൾ പോയിന്റ് 16ൽ നിന്നും പിന്നോട്ട് പോയെന്ന് ലഡാക്കിലെ ചുഷൂലിന്റെ കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൻ പറഞ്ഞു. നാടോടികളായ ജനതയുടെ പ്രധാന മേച്ചിൽ സ്ഥലമായിരുന്ന ഈ പ്രദേശം ഇപ്പോൾ ബഫർ സോണായി മാറിയത് വലിയ തിരിച്ചടിയൈയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ജൂലൈ 17ന് നടന്ന കോർപ്സ് കമാൻഡർ റാങ്കിലുള്ള കരസേനാ ഉദ്യോഗസ്ഥർ തമ്മിലുള്ള 16-ാം റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം സംബന്ധിച്ച് ധാരണയായത്.

logo
The Fourth
www.thefourthnews.in