ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള പത്ത് നഗരങ്ങള്‍
ലോകത്ത് ഏറ്റവുമധികം കോടീശ്വരന്മാര്‍ താമസിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ന്യൂയോര്‍ക്ക്, ടോക്കിയോ, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ എന്നീ നഗരങ്ങളിലാണ് ഏറ്റവുമധികം കോടീശ്വരന്മാര്‍ താമസിക്കുന്നത്. ലണ്ടന്‍, സിംഗപ്പൂര്‍, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, ഹൂസ്റ്റണ്‍, ബെയ്ജിംങ്, ഷാങ്ഹായ് എന്നിവയാണ് ആദ്യ പത്തിലിടം പിടിച്ച മറ്റ് നഗരങ്ങള്‍. ഹെന്‍ലി ആന്റ് പാര്‍ട്ടണേഴ്‌സ് ഗ്രൂപ്പാണ് പട്ടിക തയ്യാറാക്കിയത്.
കോടീശ്വരന്മാരുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കിന് തിരിച്ചടി, സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് നേട്ടം
2022 ന്റെ ആദ്യ പകുതിയില്‍ ന്യൂയോര്‍ക്ക് നഗരത്തിന് 12 ശതമാനവും ലണ്ടന്‍ നഗരത്തിന് 9 ശതമാനവും കോടീശ്വരന്മാരെ നഷ്ടമായി. എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നേട്ടം രേഖപ്പെടുത്തി. ഇവിടെ കോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായത് നാല് ശതമാനത്തിലധികം വര്‍ധനയാണ്.
കുറഞ്ഞ നികുതി വ്യവസ്ഥ യുഎഇയിലേക്ക് സമ്പന്നരെ ആകര്‍ഷിച്ചു
രഹസ്യാന്വേഷണ സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും യുഎഇയും ഷാര്‍ജയുമാണ് ഈ വര്‍ഷം അതിവേഗം വളരുന്ന കോടീശ്വരന്മാരുടെ കണക്കില്‍ മുന്നില്‍. കുറഞ്ഞ നികുതി വ്യവസ്ഥയും പുതിയ താമസ പദ്ധതികളും ഉപയോഗിച്ച് യുഎഇ അതിസമ്പന്നരെ ആകര്‍ഷിക്കുന്നതില്‍ മികവ് കാണിച്ചു. ഇത് രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി. അതിസമ്പന്നരായ റഷ്യക്കാര്‍ യുഎഇയിലേയ്ക്കുള്ള കുടിയേറിയതും അവര്‍ക്ക് ഗുണകരമായി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് നഗരങ്ങളുമായി ചൈനയും മുന്നില്‍ തന്നെയുണ്ട്. ചൈനയിലെ ബെയ്ജിംങും ഷാങ്ഹായും യഥാക്രമം പട്ടികയില്‍ ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണ്.
ഒരു മില്യണ്‍ ഡോളറോ അതില്‍ കൂടൂതലോ ആസ്തിയുള്ളവരെയാണ് കോടീശ്വരന്മാരായി നിര്‍വചിക്കുന്നത്.