യുഎസിന്റെ സുപ്രധാന രഹസ്യരേഖകൾ ചോർന്നു; പുറത്തുവന്നത് അന്താരാഷ്ട്ര വിഷയങ്ങളും യുക്രെയ്ൻ യുദ്ധവും സംബന്ധിച്ച വിവരങ്ങളും

യുഎസിന്റെ സുപ്രധാന രഹസ്യരേഖകൾ ചോർന്നു; പുറത്തുവന്നത് അന്താരാഷ്ട്ര വിഷയങ്ങളും യുക്രെയ്ൻ യുദ്ധവും സംബന്ധിച്ച വിവരങ്ങളും

ഇസ്രായേലും ദക്ഷിണ കൊറിയയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ചോർന്ന രേഖകളിൽ ഉൾപ്പെടുന്നു
Updated on
1 min read

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകൾ ചോർന്നു. റഷ്യക്കെതിരായ ആക്രമണങ്ങൾക്ക് യുക്രെയ്നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ വിശദാംശങ്ങൾ അടങ്ങിയ രഹസ്യരേഖകളാണ് ചോർന്നത്. ട്വിറ്ററിലും ടെലഗ്രാമിലുമാണ് രേഖകൾ പ്രത്യക്ഷപ്പെട്ടതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം പ്രതിരോധ വകുപ്പ് പരിശോധിച്ചുവരികയാണെന്ന് പെന്റഗൺ അറിയിച്ചു.

യുഎസ് സൈനിക, രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് പുറത്തുവന്ന രേഖകളിൽ, യുക്രെയ്ൻ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാരഹസ്യങ്ങൾ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതിൽ പെടുന്നു.

അമേരിക്കയുടെ ദേശീയ സുരക്ഷാര ഹസ്യങ്ങൾ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതിൽ പെടുന്നു

സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം, ചോർന്ന രേഖകൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ളതാണെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിക്കുന്ന രേഖകളും ഇതിലുണ്ട്. ഫെബ്രുവരി 23-ലെ ഒരു രേഖയിൽ വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കാൻ പാടില്ലാത്തത് എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

യുക്രെയ്നിലെ ആയുധ വിതരണവും ബറ്റാലിയൻ ശക്തിയും ഉൾപ്പെടുന്ന സുപ്രധാന വിവരങ്ങളുടെ ചാർട്ടും വിശദാംശങ്ങളും രേഖകളിലുണ്ട്. 12 യുക്രെയ്ൻ കോംബാറ്റ്‌ ബ്രിഗേഡുകളുടെ പരിശീലന ഷെഡ്യൂളുകൾ ഉൾപ്പെട്ടിരിക്കുന്ന ഒരു രേഖയിൽ ഇതിൽ ഒൻപതെണ്ണത്തിനെ പരിശീലിപ്പിക്കുന്നത് യുഎസിന്റെയും നാറ്റോയുടെയും സേനയാണെന്ന് പറയുന്നു. അഞ്ച് ദിവസം മുൻപ് വരെയുള്ള വിവരങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു. എന്നാൽ യുക്രെയ്‌ന്റെ യുദ്ധത്തിലെ പദ്ധതികളെ സംബന്ധിച്ച് ഇവ വ്യക്തമാക്കുന്നില്ല.

ചോർന്ന വിവരങ്ങളിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നതായ് യു എസ് സൈനിക വിശകലന വിദഗ്ധർ ആരോപിച്ചിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളിലാണ് മാറ്റം വരുത്തിയെന്നാണ് ആരോപണം. രേഖകൾ ചോർന്നതിന് പിന്നിൽ റഷ്യയോ റഷ്യൻ അനുകൂല ഗ്രൂപ്പുകളോ ആകാനാണ് സാധ്യതയെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിസായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ വരുത്തിയ മാറ്റങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് യുഎസ് കരുതുന്നത്.

രഹസ്യരേഖകളിൽ 'ടോപ് സീക്രട്ട്' ലേബലുകൾ പതിച്ച ചിലത് റഷ്യൻ അനുകൂല വാർത്താചാനലുകളിൽ സംപ്രേക്ഷണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തോട് യുക്രെയ്ൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് വ്ലോദിമിർ സെലെൻസി ഉയർന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കിഴക്കൻ യുക്രെയ്‌നിലെ ബഖ്മുത്തിൽ ഇരുസേനകളും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലാണ് റിപ്പോട്ടുകൾ പുറത്തുവരുന്നത്.

"യുക്രെയ്ൻ പ്രതിരോധ സേനയുടെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ചോരുന്നത് നടയാനുള്ള നടപടികളെക്കുറിച്ചാണ് ചർച്ച നടന്നത്," യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in