കൊടുംചൂട്, വെള്ളപ്പൊക്കം, ഭക്ഷ്യക്ഷാമം; കാലാവസ്ഥാ വ്യതിയാനംമൂലം ദിവസവും പലായനം ചെയ്യുന്നത് 20,000 കുട്ടികൾ
ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന വിഭാഗങ്ങള്‍ എക്കാലവും സ്ത്രീകളും കുട്ടികളുമാണ്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ ഈ പതിറ്റാണ്ടിലും അതിന്റെ വലിയ ദുരിതം പേറുന്നത് ലോകത്തെ വലിയൊരു വിഭാഗം കുട്ടികളാണെന്നതാണ് കണക്കുകള്‍. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 4.3 കോടി കുട്ടികൾ തീവ്ര കാലാവസ്ഥാ പ്രതിസന്ധികളുടെ ഇരകളായി മാറിയെന്നാണ് കണക്കുകള്‍.
യുണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ ആഗോള തലത്തിൽ ഒരു ദിവസം ഇരുപതിനായിരം എന്ന നിരക്കിൽ കുട്ടികൾക്ക് വീടും സ്കൂളും ഉപേക്ഷിച്ച് പോവേണ്ടി വന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 44 രാജ്യങ്ങളിലെ കുട്ടികൾ ഇത്തരത്തില്‍ ദുരന്തങ്ങളുടെ ഭാരം പേറിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
ആറ് വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 4.3 കോടി കുട്ടികൾ തീവ്ര കാലാവസ്ഥ പ്രതിസന്ധികളുടെ ഇരകളായി മാറി
യുണിസെഫും ഇന്റേണൽ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്ററും (ഐഡിഎംസി) നടത്തുന്ന ആദ്യത്തെ വിശകലന പഠനമാണിത്. 2016 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ദുരന്തബാധിതതായ കുട്ടികളില്‍ 95 ശതമാനത്തിനും സ്വന്തം സ്ഥലം വിട്ട് പോകേണ്ടി വന്നത് കൊടുങ്കാറ്റുകളും പ്രളയങ്ങളും മൂലമാണ്. ബാക്കിയുള്ള 2 ദശലക്ഷത്തിലധികം കുട്ടികളുടെ പലായനത്തിന് വഴി തുറന്നത് കാട്ടുതീയും വരൾച്ചയുമാണ്.
കാലാവസ്ഥാ ദുരന്തങ്ങളുടെ കെടുതികള്‍ നേരിട്ട കുട്ടികളില്‍ കൂടുതലും ചൈന, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 2.2 കോടി കുട്ടികൾക്കാണ് സ്വന്തം ജീവിത സാഹചര്യങ്ങള്‍ വിട്ട് മാറേണ്ടിവന്നത് എന്നാണ് കണക്കുകള്‍. ദുരന്തങ്ങള്‍ ബാധിക്കപ്പെട്ട കുട്ടികളുടെ പകുതിയോളം വരുന്നവരാണ് ഈ കുട്ടികള്‍. ഈ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. മൺസൂൺ മഴയെയും ചുഴലിക്കാറ്റും പോലെയുള്ള ദുരന്തങ്ങളാണ് മൂന്ന് രാജ്യങ്ങളിലെയും പലായനത്തിന് പ്രധാന കാരണം.
"അതിഭീകരമായ ഒരു കാട്ടുതീയോ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഏതൊരു കുട്ടിയേയും ഭയപ്പെടുത്തുന്നതാണ്,” യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറയുന്നു. പലായനങ്ങള്‍ എന്നും ഭീകരമാണ്, ആ സാഹചര്യത്തിന്റെ ആഘാതം അവരെ എന്നും വേട്ടയാടും. വീട്ടിലേക്ക് മടങ്ങാനാകുമോ, സ്കൂള്‍ ജീവിതം നഷ്ടപ്പെടുമോ തുടങ്ങിയ നിരവധി ആശങ്കകള്‍ അവരെ വേട്ടയാടും. കാതറിൻ റസ്സൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, ജീവൻരക്ഷാ വാക്‌സിനുകൾ, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവ നഷ്‌ടമായേക്കാവുന്ന കുട്ടികൾക്ക് അതിന്റെ അനന്തരഫലങ്ങൾ കൂടുതൽ വിനാശകരവും ദോഷകരവുമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം വലിയ അസ്തിത്വ ഭീഷണി നേരിടുന്ന പല ചെറിയ ദ്വീപ് രാജ്യങ്ങളും ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ കണക്കുകളിൽ മുന്നിൽ നിൽക്കുന്നു. കാലാവസ്ഥയ്ക്ക് പുറമെ സംഘർഷം, മോശം ഭരണം, വിഭവ ചൂഷണം എന്നിവയാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രധാന പ്രശ്നങ്ങള്‍. 2017-ൽ മരിയ ചുഴലിക്കാറ്റ് നാശം വിതച്ച ചെറിയ കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ 76 ശതമാനം കുട്ടികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ക്യൂബ, സെന്റ് മാർട്ടിൻ, വടക്കൻ മരിയാന ദ്വീപുകൾ എന്നിവിടങ്ങളിൽ നാലിലൊന്ന് കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിനും ഈ കൊടുങ്കാറ്റ് കാരണമായി. സൊമാലിയയിലും ദക്ഷിണ സുഡാനിലുമാണ് വെള്ളപ്പൊക്കം മൂലം ഏറ്റവും കൂടുതൽ കുട്ടികളെ മാറ്റിപ്പാർപ്പിച്ചത്. സൊമാലിയിലെ 12 ശതമാനം കുട്ടികള്‍ ദുരിതം നേരിട്ട് അനുഭവിച്ചപ്പോള്‍, ദക്ഷിണ സുഡാനിലെ 11 ശതമാണം കുട്ടികളും ദുരിത ബാധിതരായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.