ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സിഎന്‍എന്‍

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സിഎന്‍എന്‍

പിരിച്ചുവിടലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ലിച്ച് ജീവനക്കാരെ അറിയിച്ചു
Updated on
1 min read

ആഗോള വാര്‍ത്ത ശൃഖലയായ സിഎന്‍എൻ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു.സിഎന്‍എന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പിരിച്ചുവിടലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ലിച്ച് ജീവനക്കാരെ അറിയിച്ചു. പിരിച്ചുവിടല്‍ നൂറ് കണക്കിന് ജീവനക്കാരെ ബാധിക്കുമെന്നാണ് സൂചന.

പിരിച്ചുവിടലിനെ 'ഗട്ട് പഞ്ച് ' എന്നാണ് ക്രിസ് ലിച്ച് വിശേഷിപ്പിച്ചത്. സിഎന്‍എന്നിലെ ഏതെങ്കിലും ഒരു അംഗത്തോട് വിടപറയുന്നത് ഏറെ പ്രയാസം നിറഞ്ഞ കാര്യമാണെന്ന് ക്രിസ് ലിച്ച് ജീവനക്കാരോട് പറഞ്ഞു. അതേസമയം അര്‍ഹതയുള്ള എല്ലാവര്‍ക്കും 2022ലെ ബോണസ് കാര്യക്ഷമമായ രീതിയില്‍ ലഭ്യമാക്കുമെന്നും ലിച്ച് കൂട്ടിച്ചേര്‍ത്തു.

2018ല്‍ കമ്പനിയുടെ ഡിജിറ്റല്‍ പുനഃക്രമീകരണത്തിന്റെ ഭാഗമായി നടന്ന പിരിച്ചുവിടലില്‍ സിഎന്‍എന്നിലെ 50 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിരുന്നു. അതിനു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള പുതിയ നീക്കം. അതേസമയം എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് സിഎന്‍എന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സിഎന്‍എന്നിന്റെ തലവനായി ലിച്ച് ചുമതലയേറ്റ ശേഷം, ബിസിനസിനെക്കുറിച്ച് മാസങ്ങള്‍ നീണ്ട അവലോകനം നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി കമ്പനിയില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും ഒക്ടോബറില്‍ ലിച്ച് അറിയിച്ചിരുന്നു.അതിനു പിന്നാലെയാണ് പുതിയ നീക്കം. ഇതിനോടകം ചില മാറ്റങ്ങള്‍ സ്ഥാപനത്തില്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, ട്വിറ്റർ, ആമസോൺ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാർക്ക് പിന്നാലെ, ചെലവ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാധ്യമ സ്ഥാപനങ്ങളിലും പിരിച്ചുവിടലുകള്‍ ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in