ചാൾസ് മൂന്നാമൻ രാജാവും കമീല രാജ്ഞിയും
ചാൾസ് മൂന്നാമൻ രാജാവും കമീല രാജ്ഞിയും

കോളനിവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങൾക്ക് ബ്രിട്ടീഷ് രാജകുടുംബം മാപ്പ് പറയണം; ചാൾസ് മൂന്നാമന് കത്ത്

12 കോമൺവെൽത്ത് രാജ്യങ്ങളിലെ തദ്ദേശീയ നേതാക്കൻമാരാണ് കത്തയച്ചത്
Updated on
1 min read

ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ചാള്‍സ് മൂന്നാമന്‍ ഔപചാരികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോമണ്‍വെല്‍ത്തിലെ തദ്ദേശീയ നേതാക്കള്‍. ഓസ്‌ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ കോമണ്‍വെല്‍ത്ത് അംഗങ്ങളായ 12 രാജ്യങ്ങളുടെ നേതാക്കൻമാരാണ് ബ്രിട്ടീഷ് രാജഭരണത്തിന്റെ സമ്പത്ത് പുനര്‍വിതരണം ചെയ്തുകൊണ്ട് കോളനിവല്‍ക്കരണം നടത്തിയതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നും കരകൗശല വസ്തുക്കളും ആ കാലത്തെ അവശേഷിപ്പുകളും തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് ചാൾസ് മൂന്നാമന് കത്തയച്ചിരിക്കുന്നത്.

ലണ്ടനില്‍ ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പാഴാണ് ഔപചാരിക ക്ഷമാപണം ആവശ്യപ്പെട്ട് 12 രാജ്യങ്ങള്‍ മുമ്പോട്ട് വന്നിരിക്കുന്നത്.

'അപോളജി, റെപറേഷന്‍, റെപറേഷന്‍ ഓഫ് ആര്‍ട്ടിഫാക്ട്‌സ് ആന്റ് റീമെയിന്‍സ്' (ക്ഷമാപണം, നഷ്ടപരിഹാരം, പുരാവസ്തുക്കളും അവശിഷ്ടങ്ങളും തിരിച്ചയക്കല്‍) എന്ന് പേരിട്ടിരിക്കുന്ന കത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഓട്ടിയറോവ (ന്യൂസിലാന്റ്), ഓസ്‌ട്രേലിയ, ബഹാമാസ്, ബെലീസ്, കാനഡ, ഗ്രനേഡ, ജമൈക്ക, പാപ്പുവ ന്യൂ ഗിനിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനഡൈന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പു വച്ചിട്ടുണ്ട്.

'ബ്രിട്ടീഷ് രാജാവായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ തീയതിയായ 6 മെയ് 2023 ന്, തദ്ദേശീയരും അടിമകളുമായ ജനങ്ങളുടെ വംശഹത്യയുടെയും കോളനിവല്‍ക്കരണത്തിന്റെയും ഭയാനകമായ പ്രത്യാഘാതങ്ങളും പാരമ്പര്യവും അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി' കത്തില്‍ പറയുന്നു.

ജൂണ്‍ 2022ല്‍ നടന്ന കോമണ്‍വെല്‍ത്ത് മേധാവികളുടെ യോഗത്തില്‍, കഴിഞ്ഞുപോയ കാലത്തിന്റെ തെറ്റുകള്‍ അംഗീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കേണ്ട സമയം വന്നിരിക്കുന്നെന്ന് കിങ് ചാള്‍സ് പറഞ്ഞതായി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്നുണ്ടായ അടിമത്തത്തിൽ നിന്നുണ്ടായ നിലനില്‍ക്കുന്ന ആഘാതങ്ങളെ കുറിച്ച് അടിയന്തരമായി സംസാരിക്കേണ്ടതായുണ്ടെന്നും കത്തില്‍ പറയുന്നു.

കോളനിവല്‍ക്കരിച്ച രാജ്യങ്ങളിലെ ജനങ്ങളെ അടിച്ചമര്‍ത്തിയതിനും, സ്രോതസ്സുകള്‍ കൊള്ളയടിച്ചതിനും, അവരുടെ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തിയതിനും നഷ്ടപരിഹാരം നല്‍കണം. രാജഭരണത്തിന് കീഴിൽ സമ്പത്ത് നഷ്ടപ്പെട്ട ആളുകള്‍ക്ക് അവ തിരിച്ച് നല്‍കുന്ന വിഷയത്തിൽ ചർച്ചകൾ വേണമെന്നും നേതാക്കൻമാർ ആവശ്യപ്പെട്ടു.

ഇത്കൂടാതെ, ബ്രിട്ടീഷ് സ്ഥാപനങ്ങളിലും മ്യൂസിയങ്ങളിലുമുള്ള മനുഷ്യാവശിഷ്ടങ്ങള്‍ ഉടന്‍ അതാത് രാജ്യങ്ങളിലെത്തിക്കുന്നതിനും സാംസ്‌കാരിക നിധികളും പുരാവസ്തുക്കളും തിരികെ നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇവയെല്ലാം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ അധികാരികള്‍ നടത്തിയ നൂറ്റാണ്ടുകള്‍ നീണ്ട വംശഹത്യ, അടിമത്തം, വിവേചനം, കൂട്ടക്കൊല, വംശീയ വിവേചനം എന്നിവയിലൂടെ കൈവന്നതാണെന്നും കത്തില്‍ പറയുന്നു.

അതേസമയം, ബ്രിട്ടീഷ് രാജകുടുംബത്തിന് കീഴ്പ്പെടുന്നതിനോടുള്ള എതിര്‍പ്പ് ഓസ്‌ട്രേലിയന്‍ രാഷട്രീയ നേതാവായ ലിഡിയ തോര്‍പ് പ്രകടിപ്പിക്കുകയുണ്ടായി. ഈ രാജ്യത്തിന് പുതിയ രാജാവുണ്ടാകുകയാണെന്നും പാര്‍ലമെന്റും പ്രധാനമന്ത്രിയും ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത ഒരാള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണെന്നുമായിരുന്നു ചാൾസ് മൂന്നാമന്റെ കിരീടാരോഹണത്തെ കുറിച്ചുള്ള ലിഡിയയുടെ ആരോപണം. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം വിച്ഛേദിച്ച് റിപ്പബ്ലിക്കായി മാറുന്നതിലേയ്ക്ക് ഓസ്‌ട്രേലിയ നീങ്ങണമെന്ന് പറഞ്ഞ ലിഡിയ തോര്‍പ് റിപ്പബ്ലിക്ക് വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശീയ ഓസ്‌ട്രേലിയക്കാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴില്‍ നിന്ന് സ്വതന്ത്രരാകാനുള്ള ഓസ്‌ട്രേലിയക്കാരുടെ ആഗ്രഹം ഇതില്‍ നിന്ന് വ്യക്തമാണ്.

logo
The Fourth
www.thefourthnews.in