ഇളവുകള്‍ വന്നതോടെ ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.ആയിരകണക്കിന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയോടെയാണ് ചൈന മിക്ക കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന.
കഴിഞ്ഞ ദിവസം തലസ്ഥാനമായ ബീജിംഗിലുള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിട്ടത്. കോവിഡ് ബാധയെ തുടര്‍ന്ന് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെയാണ് സ്ഥാപനങ്ങള്‍ അടച്ചിട്ടത്. മിക്കയിടങ്ങളിലും രോഗം പകരാനുള്ള സാധ്യത ഭയന്ന് ആളുകളും പുറത്തിറങ്ങുന്നില്ല.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്. ഒരാളില്‍ നിന്ന് ഏകദേശം 18 പേരിലേക്ക് പകരുന്നതിന് ശേഷിയുള്ളവയാണ് ഈ വൈറസ് വകഭേദമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബീജിംഗിന് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ നിരവധി പേര്‍ രോഗബാധിതരാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവില്‍ ബീജിംഗില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റുകളില്‍ മുന്‍തൂക്കം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്കിടയില്‍ ഡിസംബര്‍ 10ന് 1661 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ ആറിലെ 3974 എന്ന ദൈനംദിന കോവിഡ് ബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കുകള്‍ ആശ്വാസകരമാണ്. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ മാത്രമാണിത്. രോഗബാധിതരില്‍ പലരും ടെസ്റ്റ് പോലും നടത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 22 ദശലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന തലസ്ഥാന നഗരത്തില്‍ ഇത്രയുമായിരിക്കില്ല രോഗബാധിതരെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിരോധത്തിനായി ചൈനീസ് ഭരണകൂടം സ്വീകരിച്ച 'സീറോ കോവിഡ് ' നയം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടതോടെ ഈമാസം ആദ്യത്തോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നു. പൊതുഗതാഗതം, പൊതുസ്ഥലങ്ങളിലെ പ്രവേശനം തുടങ്ങിയവയ്ക്ക് നിർബന്ധമാക്കിയ ആർടിപിസിആർ പരിശോധനകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. ആഭ്യന്തര കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും ചൈന നീക്കം ചെയ്തെങ്കിലും അന്താരാഷ്ട്ര അതിർത്തികൾ ഇപ്പോഴും വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ തുറന്ന് നല്‍കിയിട്ടില്ല.