ബ്രിട്ടൺ പ്രാദേശിക
കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക്  തിരിച്ചടി

ബ്രിട്ടൺ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി

230 കൗണ്‍സിലുകളിലുമായി 8000 സീറ്റുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്
Updated on
1 min read

ബ്രിട്ടണിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി. 246 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. 230 കൗണ്‍സിലുകളിലുമായി ആകെ 8000 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വലിയ നേട്ടമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടാക്കിയിരിക്കുന്നത്. 122 സീറ്റുകള്‍ കൂടി ലേബർ പാർട്ടി നേടി. 63 സീറ്റുകളാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. 2024ന്റെ അവസാനത്തോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിനും ഋഷി സുനകിനും വളരെ നിര്‍ണായകമാണ്.

കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഭരണത്തെ ബാധിക്കില്ലെന്ന് ഋഷി സുനക് പ്രതികരിച്ചു

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അതിനാല്‍ ഭരണവിരുദ്ധ വികാരം കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ഋഷി സുനക് പ്രതികരിക്കുകയും ചെയ്തു. മാത്രമല്ല, നല്ല രീതിയില്‍ പ്രവര്‍ത്തിച്ച കഠിനാധ്വാനികളായ ഒരുപാട് കൗണ്‍സിലര്‍മാരെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഭരണത്തെ ബാധിക്കില്ല. പണപ്പെരുപ്പം കുറയ്ക്കുക, കുടിയേറ്റ നിയന്ത്രണം, സാമ്പത്തിക വളര്‍ച്ച പുനഃസ്ഥാപിക്കുക തുടങ്ങിയ ജനങ്ങളുടെ മുന്‍ഗണനകള്‍ പരിഗണിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

1998ന് ശേഷം ആദ്യമായാണ് ലേബര്‍ പാര്‍ട്ടി പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുന്നത്

എന്നാല്‍, ഭരണവിരുദ്ധ വികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ലേബര്‍ പാര്‍ട്ടിയുടെ ദേശീയ പ്രചാരണ കോര്‍ഡിനേറ്റര്‍ ഷബാന മഹമൂദ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 246 സീറ്റുകളാണ് നിലവില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ അവകാശവാദം. 1998ന് ശേഷം ആദ്യമായാണ് ലേബര്‍ പാര്‍ട്ടി പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുന്നത്. ലേബര്‍ പാര്‍ട്ടി പ്രധാനമായും വടക്കന്‍ ഇംഗ്ലണ്ടിലെ ശക്തികേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ പൊതു തിരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാറായിട്ടില്ല.

ബോറിസ് ജോൺസൺ വലിയ വിമർശനമേറ്റു വാങ്ങി സ്ഥാനമൊഴിഞ്ഞതുകൊണ്ട് ഋഷി സുനകിന്റെ പ്രവർത്തനങ്ങള്‍ക്കുള്ള തിരിച്ചടിയല്ലെന്നും വിലയിരുത്തലുകളുണ്ട്

ബ്രിട്ടണില്‍ ഋഷി സുനക് നടത്തിയ പ്രവര്‍ത്തനങ്ങളുടെ തിരിച്ചടിയല്ല തിരഞ്ഞെടുപ്പ് ഫലം എന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബോറിസ് ജോണ്‍സണ്‍ വലിയ വിമര്‍ശനങ്ങളേറ്റ് വാങ്ങിയതിന് ശേഷമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. പിന്നീട് ലിസ് ട്രസ്സും അധികാരത്തിലേറി. എന്നാല്‍, ഒരു മാസത്തിന് ശേഷം അവരും സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഈ പ്രതിസന്ധികളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരച്ചടിയായെന്നാണ് വിലയിരുത്തലുകള്‍.

logo
The Fourth
www.thefourthnews.in