ഗാസ സംബന്ധിച്ച നിലപാട്: ചെങ്കടൽ സംയുക്തനീക്കത്തിൽ അമേരിക്കയോട് ഇടഞ്ഞ് സഖ്യരാജ്യങ്ങൾ
ചെങ്കടലിൽ യെമൻ വിമതസംഘമായ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സംയുക്ത നാവികസേനാ ദൗത്യത്തിന് തിരിച്ചടിയായി സഖ്യകക്ഷികളുടെ വിമുഖത. യൂറോപ്യൻ യൂണിയനിലെ സഖ്യരാജ്യങ്ങൾ ഉൾപ്പടെ നിരവധി രാജ്യങ്ങൾ 'ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ' എന്ന ദൗത്യത്തിൽനിന്ന് അകലം പാലിച്ചിരിക്കുകയാണ്. തങ്ങൾ ഇതിന്റെ ഭാഗമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറ്റലിയും സ്പെയിനും പരസ്യ പ്രസ്താവനയുമിറക്കിയിരുന്നു.
ഇരുപതോളം അംഗരാജ്യങ്ങളുള്ള സംയുക്ത സുരക്ഷാ സംഘമാണ് 'ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയന്' നേതൃത്വം നൽകുന്നത്. ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാൽ ഈ പറഞ്ഞ ഇരുപത് രാജ്യങ്ങളിൽ പകുതി രാജ്യങ്ങൾ പോലും ഈ നീക്കത്തോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടില്ല.
അമേരിക്ക നേതൃത്വം നൽകുന്ന ഈ നീക്കത്തിനൊപ്പം നിൽക്കാൻ രാജ്യങ്ങൾ തയാറാകാത്തതിനു കാരണം ഗാസയിൽ നടക്കുന്ന ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടാണ്. നിലവിൽ 21000 പലസ്തീൻ പൗരർ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചതായാണ് കണക്ക്. ബ്രിട്ടൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അമേരിക്കയ്‌ക്കൊപ്പം നിൽക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയം യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്.
നവംബർ 19 മുതൽ ചെങ്കടലിൽ ഹൂതികൾ ആക്രമണം ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 12 കപ്പലുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും നാവികസേനകൾ പ്രത്യാക്രമണവും നടത്തി. ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും ഇവർ വെടിവച്ചിട്ടു.
ആഗോളതലത്തിൽ കപ്പൽ മാർഗം നടക്കുന്ന ചരക്കുനീക്കങ്ങളുടെ 12 ശതമാനവും നടക്കുന്ന സൂയസ് കനാലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലൂടെയാണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ നടക്കുന്ന ചരക്കുനീക്കങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന കടലിടുക്കാണ് സൂയസ് കനാൽ. മിക്കവാറും കപ്പലുകളും ആഫ്രിക്കയിലെ പ്രതീക്ഷാ മുനമ്പിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഡെന്മാർക്കിലെ കണ്ടെയ്നർ കമ്പനികൾ സൂയസ് കനാലിലൂടെതന്നെ ചരക്കുനീക്കം തുടരുമെന്നാണ് ഇപ്പോൾ അറിയിക്കുന്നത്. എന്നാൽ ജർമൻ കമ്പനികൾ ചെങ്കടൽ സുരക്ഷിതമല്ലെന്ന് കരുതുന്നു.
ഗാസ എന്ന ചോദ്യം
ഇരുപത് രാജ്യങ്ങളിൽ 12 രാജ്യങ്ങൾ മാത്രമാണ് സംയുക്ത നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. യൂറോപ്യൻ യൂണിയൻ അനുകൂലമായി സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ടെങ്കിലും പല യൂറോപ്യൻ രാജ്യങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇറ്റലി ഒരു യുദ്ധക്കപ്പൽ ചെങ്കടലിലേക്ക് അയയ്ക്കും എന്നറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് അമേരിക്കയുടെ സംയുക്ത നീക്കത്തിന്റെ ഭാഗമായല്ല, ഇറ്റാലിയൻ ചരക്കുകപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണെന്നാണ് ഇറ്റലി അറിയിക്കുന്നത്. ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം സാധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ട്, എന്നാൽ ഫ്രഞ്ച് യുദ്ധക്കപ്പലുകൾ നിയന്ത്രിക്കുന്നത് ഫ്രാൻസ് തന്നെയായിരിക്കുമെന്നും അവർ അറിയിക്കുന്നു.
സംയുക്ത സുരക്ഷാ നീക്കമായ ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയന്റെ ഭാഗമാകില്ലെന്ന് സ്പെയിൻ അറിയിച്ചു. സൗദി അറേബ്യയും യുഎഇയും സംയുക്ത നീക്കത്തിൽ താല്പര്യമില്ല എന്നറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് അമേരിക്കയുമായി യോജിപ്പാണെങ്കിലും സംയുക്ത നീക്കത്തിന്റെ ഭാഗമായാൽ തങ്ങൾ വേട്ടയാടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് സുരക്ഷിതമായ അകലം പാലിക്കാനാണ് സാധ്യത.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെയുള്ള പ്രതിഷേധമായാണ് തങ്ങൾ ചെങ്കടലിൽ ചരക്കു കപ്പലുകൾ അക്രമിക്കുന്നതെന്ന് ഹൂതികൾ പറഞ്ഞതുകൊണ്ടുതന്നെ, ഈ ആക്രമണത്തിൽ രണ്ടുവട്ടം ചിന്തിക്കാതെ ഒരു സുരക്ഷാ നീക്കത്തിന്റെ ഭാഗമാകാൻ രാജ്യങ്ങൾക്കു സാധിക്കില്ല. ചെങ്കടലിൽ ഒരു തീരുമാനമെടുക്കണമെങ്കിൽ, ഗാസയുടെ കാര്യത്തിലും ഒരു തീരുമാനത്തിലേക്കെത്തണം.