ട്രംപിന് തിരിച്ചടി; മാർ-എ-ലാഗോ രേഖകൾ യുഎസ് നീതിന്യായ വകുപ്പിന് പരിശോധിക്കാമെന്ന് കോടതി, സ്പെഷ്യല്‍ മാസ്റ്ററെ റദ്ദാക്കി

ട്രംപിന് തിരിച്ചടി; മാർ-എ-ലാഗോ രേഖകൾ യുഎസ് നീതിന്യായ വകുപ്പിന് പരിശോധിക്കാമെന്ന് കോടതി, സ്പെഷ്യല്‍ മാസ്റ്ററെ റദ്ദാക്കി

വൈറ്റ് ഹൗസിൽ നിന്ന് 11 സെറ്റ് രഹസ്യ രേഖകൾ ട്രംപ് കൈവശപ്പെടുത്തിയെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം
Updated on
2 min read

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാനായി അനുവദിച്ച സ്പെഷ്യൽ മാസ്റ്ററെ യുഎസ് അപ്പീൽ കോടതി റദ്ദാക്കി. ട്രംപിന്റെ ആവശ്യപ്രകാരം കീഴ്ക്കോടതി അനുവദിച്ച സ്പെഷ്യല്‍ മാസ്റ്ററെ ഒഴിവാക്കിയ കോടതി രേഖകൾ യുഎസ് നീതിന്യായ വകുപ്പിന് പരിശോധിക്കാമെന്ന് വ്യക്തമാക്കി. ഏതെങ്കിലും രേഖകൾ പ്രത്യേക പ്രവിലേജിന് കീഴിലാണെന്ന് തീരുമാനിക്കാൻ ഒരു സ്വതന്ത്ര അഭിഭാഷകനെ വെയ്ക്കുന്നത് തെറ്റാണെന്ന് കോടതി വിലയിരുത്തി.

യുഎസ് അപ്പീല്‍ കോടതിയിലെ മൂന്നംഗ പാനലാണ് വിധി പുറപ്പെടുവിച്ചത്. 13,000-ലധികം രേഖകൾ വീണ്ടെടുത്തതിന് പിന്നാലെയാണ് ഇവയിൽ ചിലതിൽ തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയത്. ട്രംപ് വൈറ്റ് ഹൗസ് വിടുമ്പോൾ രഹസ്യ രേഖകൾ അദ്ദേഹത്തോടൊപ്പം കൊണ്ടുപോയോ എന്ന് അന്വേഷിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ വിജയമായിട്ടാണ് ഇപ്പോഴത്തെ വിധിയെ കണക്കാക്കുന്നത്. വൈറ്റ് ഹൗസിൽ നിന്ന് 11 സെറ്റ് രഹസ്യ രേഖകൾ ട്രംപ് കൈവശപ്പെടുത്തിയെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം.

അതേസമയം, അപ്പീൽ കോടതിയുടെ തീരുമാനം നീതിന്യായ വകുപ്പിന്റെ ശക്തമായ വിജയമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ, രേഖകളോ വ്യക്തിഗത വിവരങ്ങളോ പരിശോധിക്കുന്നതില്‍ നിന്ന് സർക്കാരിനെ തടയാൻ ഒന്നിലധികം തവണ കോടതിയിൽ പോയ ട്രംപിനേറ്റ കനത്ത പ്രഹരം കൂടിയാകുകയാണ് കോടതി വിധി. അന്വേഷണ ഉദ്യോഗസ്ഥർക്ക് രേഖകൾ പൂർണമായും പരിശോധിക്കാനാണ് കോടതി വഴിയൊരുക്കിയത്. സാ​ധാരണ​ഗതിയിൽ, യുഎസ് പ്രസിഡന്റുമാർ സ്ഥാനമൊഴിയുമ്പോള്‍ തന്നെ ഇത്തരം രേഖകളെല്ലാം നാഷണൽ ആർക്കൈവ്‌സിന് കൈമാറുന്നതാണ് പതിവ്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടാൻ ജുഡീഷ്യറി ലൈസൻസ് ഇല്ലെന്നാണ് അപ്പീൽ കോടതി വിധിയിൽ എഴുതിയത്. വിധിക്കെതിരെ ട്രംപ് അപ്പീൽ നൽകുമോ എന്ന് വ്യക്തമല്ല. വൈറ്റ് ഹൗസ് വിട്ടശേഷം ഫ്‌ളോറിഡയിലെ മാർ-എ-ലാഗോയിലെ സ്വകാര്യ വസതിയിലേക്ക് രഹസ്യരേഖകൾ കൊണ്ടുപോയി എന്നാരോപിച്ചാണ് ട്രംപിനെതിരെ അന്വേഷണം നടക്കുന്നത്.

ഈ വർഷം ജനുവരിയിൽ എഫ്ബിഐ വൈറ്റ് ഹൗസ് രേഖകളുടെ 15 പെട്ടികൾ പിടിച്ചെടുത്തിരുന്നു. ട്രംപിന്റെ കൈയ്യെഴുത്ത് കുറിപ്പുകൾ അടക്കം വളരെ രഹസ്യാത്മകമായ റിപ്പോർട്ടുകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഏപ്രിലിലാണ് ഇത് സംബന്ധിച്ച് എഫ്ബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. തുടർന്ന് മാർ-എ-ലാഗോയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ ട്രംപിന് സമൻസ് ലഭിച്ചിരുന്നു. ഓ​ഗസ്റ്റ് 8ന് വാറണ്ട് പ്രകാരം മാർ-എ-ലാഗോയിൽ നിന്നും അതീവരഹസ്യമായ ഫയലുകൾ അടങ്ങിയ 33-ലധികം പെട്ടികളാണ് പിടിച്ചെടുത്തത്. എന്നാൽ, സെപ്തംബർ 5ന് രേഖകൾ പരിശോധിക്കാനായി ഒരു സ്പെഷ്യൽ മാസ്റ്ററെ വയ്ക്കണമെന്ന ട്രംപിന്റെ അഭ്യർത്ഥന കീഴ്ക്കോടതി അനുവദിച്ചിരുന്നു. ഇതാണ് അപ്പീല്‍ കോടതി തള്ളിയത്.

എല്ലാ രേഖകളും ട്രംപിന്റെ സ്വകാര്യ വസതിയായ മാർ-എ-ലാഗോയിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം. എന്നാൽ, ഇവയിൽ ചില രേഖകൾ അറ്റോർണി-ക്ലയന്റിന്റെ പരിധിയിലാണെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം. .

ഫ്ലോറിഡയിലെ യുഎസ് ജില്ലാ ജഡ്ജി എയ്‌ലിൻ എം. കാനനാണ് മാസങ്ങൾക്ക് മുമ്പ് ബ്രൂക്ലിനിലെ ജഡ്ജി റെയ്മണ്ട് ജെ. ഡിയറിയെ മാർ-എ-ലാഗോ രേഖകൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക മാസ്റ്ററായി നിയമിച്ചത്. മുൻ പ്രസിഡന്റുമാർ പദവിയിൽ നിന്നും വിട്ടുപോയതിന് ശേഷം എക്സിക്യൂട്ടീവ് പ്രിവിലേജ് അവകാശപ്പെടാനാവില്ലെന്ന നീതിന്യായ വകുപ്പിന്റെ വാദമാണ് അന്ന് കോടതി നിരസിച്ചത്. ട്രംപിന്റെ ചില സ്വകാര്യ വസ്തുക്കളും സർക്കാർ രേഖകളും എഫ്ബിഐ പിടിച്ചെടുത്തതായും കാനൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, മുൻ പ്രസിഡന്റുമാർക്ക് മാത്രമായി ഒരു നിയമം അനുവദിക്കാൻ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടത്. സ്പെഷ്യല്‍ മാസ്റ്റര്‍ നിയമനം സർക്കാരിന്റെ ക്രിമിനൽ അന്വേഷണത്തെ കാര്യമായി തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് ട്രംപിന്റെ അഭിഭാഷകൻ ജെയിംസ് ട്രസ്റ്റി കോടതിയിൽ വാദിച്ചത്.

കഴിഞ്ഞദിവസം എസ്റ്റേറ്റ് വസതിയിലൊരുക്കിയ വിരുന്നിൽ കടുത്ത ക്രിസ്ത്യന്‍ വര്‍ഗീയവാദിയായ നിക്ക് ഫ്യൂന്റസിനൊപ്പം ട്രംപ് അത്താഴം കഴിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, വിഷയം പുറം ലോകം അറിഞ്ഞതോടെ ഫ്യൂന്റസ് ആരാണെന്നു തനിക്കറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത് ട്രംപിന്റെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ തിരിച്ചടി.

logo
The Fourth
www.thefourthnews.in