കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോര്‍ന്നത്; അമേരിക്കന്‍ ഇൻ്റലിജൻസ് വിഭാഗത്തിന്റെ പുതിയ പഠന റിപ്പോര്‍ട്ട്
കോവിഡ് 19 വൈറസ് ചൈനീസ് ലബോറട്ടറിയില്‍ നിന്ന് ചോര്‍ന്നതെന്ന് അമേരിക്കയിലെ ഉര്‍ജ്ജ ഡിപ്പാര്‍ട്ട്മെൻ്റിന്റെ പഠന റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് കോവിഡ് 19 വൈറസിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. ഇത് വൈറസ് എങ്ങനെ പുറത്ത് വന്നു എന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള കണ്ടെത്തലുകളെ പൊളിച്ചെഴുതുന്നതാണെന്നും അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്മെൻ്റ് വ്യക്തമാക്കുന്നു.
17 അമേരിക്കന്‍ ലബോറട്ടികളിലായും വിവിധ ജീവശാസ്ത്ര മേഖലകളില്‍ ഉള്‍പ്പെടെ പഠനം നടത്തിയുമാണ് പുതിയ വിലയിരുത്തലിലെത്തിയത്. കോവിഡ് വൈറസിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്. വൈറസ് മൃഗങ്ങളില്‍ നിന്നും പകര്‍ന്നതാവുമെന്ന വിലയിരുത്തലുകളും വുഹാനിലെ ചൈനീസ് ലബോറട്ടിയില്‍ നിന്നും അബദ്ധത്തില്‍ പുറത്തു വന്നതാവാമെന്ന വിലയിരുത്തലുകളുമെല്ലാം നിലവില്‍ ഉണ്ടായിരുന്നു. രോഗബാധിതനായ ഒരു മൃഗത്തില്‍ നിന്നുള്ള സ്വാഭാവിക സംക്രമണത്തിൻ്റെ ഫലമായാണ് പകര്‍ച്ചവ്യാധി ആരംഭിച്ചതെന്ന മറ്റ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ് നിലവിലെ റിപ്പോര്‍ട്ടെന്നാണ് അമേരിക്കയുടെ എനര്‍ജി ഡിപ്പാര്‍ട്ടമെൻ്റ് വ്യക്തമാക്കുന്നത്.
വിഷയത്തില്‍ പലതരത്തിലുള്ള വിലയിരുത്തലുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ തന്നെ ഉണ്ടെന്നാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവ് ജോക്ക സുള്ളിവാന്‍ വ്യക്തമാക്കുന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചില വിഭാഗങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വിലയിരുത്തലുകള്‍ ഒരു പക്ഷം മാത്രം കേന്ദ്രീകരിച്ചാണെന്നും അത് ഉറപ്പു വരുത്താന്‍ വേണ്ട വ്യക്തമായ വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും സുള്ളിവാന്‍ വ്യക്തമാക്കി. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സിലിന്റെ പഠനമനുസരിച്ച് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തു വന്നതാണെന്ന നിഗമനത്തില്‍ സിഐഎ ഉറച്ചു നില്‍ക്കുന്നില്ല. കോവിഡ് -19 ചൈനീസ് ജൈവായുധ പദ്ധതിയുടെ ഭാഗമല്ലെന്ന വിലയിരുത്തലിലായിരുന്നു സിഐഎ എത്തിചേര്‍ന്നത്.
വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരം കണ്ടെത്താൻ ഇന്റലിജന്‍സ് വിഭാഗം എല്ലാ വിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അതിനായി ബൈഡന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്നും സള്ളിവന്‍ പറഞ്ഞു. 2021 ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്,കോവിഡ് -19 ചൈനയിലെ വുഹാനിലാണ് ആദ്യമായി പ്രചരിച്ചത്. 2019 നവംബറിന് ശേഷമായിരുന്നു, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ - കൊറോണ വൈറസ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് എന്നിവിടങ്ങളില്‍ നിന്നോ കോവിഡ് -19 ലാബുകളില്‍ നിന്നോ ആവാം വൈറസ് ചോര്‍ന്നിരിക്കുക എന്ന വാര്‍ത്തയെ ചൈനീസ് ഉദ്യോഗസ്ഥര്‍ തിരസ്‌കരിച്ചു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് വൈറസിനെ 'ചൈന വൈറസ്' എന്ന് വിളിച്ചിരുന്നു. വൈറസിന്റെ വ്യാപനത്തോടെ ആഗോള തലത്തില്‍ ഏകദേശം 7 ദശലക്ഷം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.