ചൈന കോവിഡ് കണക്കുകൾ മൂടിവയ്ക്കുന്നതിൽ സത്യമുണ്ടോ? ലോകരാജ്യങ്ങളിലെ കണക്കുകളിങ്ങനെ
കോവിഡ് ലോകത്തെ കീഴടക്കാൻ തുടങ്ങിയപ്പോൾ തന്നെ കേൾക്കാൻ തുടങ്ങിയതാണ് ചൈന കോവിഡ് കണക്കുകൾ മൂടിവയ്ക്കുന്നു എന്നുളളത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടാകുമോ? ഒമിക്രോൺ ബിഎഫ്-7 ചൈനയിൽ പിടിമുറുക്കുമ്പോൾ കോവിഡ് കേസുകളുടെ കാര്യത്തിൽ ചൈന എവിടെ നിൽക്കുന്നു എന്നുളളത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്.
ഡിസംബറിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത 15 രാജ്യങ്ങളുടെ കണക്കെടുത്താല്‍, അഞ്ചെണ്ണം വീതം ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുളള രാഷ്ട്രങ്ങളാണ്. രണ്ട് വീതം രാജ്യങ്ങൾ ഓഷ്യാനിയയും തെക്കേ അമേരിക്കയിൽ നിന്നും ഒരെണ്ണം വടക്കേ അമേരിക്കയിൽ നിന്നുമാണ്. ഡിസംബറിലെ ആദ്യ 20 ദിവസങ്ങളിൽ രേഖപ്പെടുത്തിയ പുതിയ കേസുകളുടെ എണ്ണം എടുത്ത് നോക്കിയാൽ 2.58 ദശലക്ഷം കേസുകളുമായി ജപ്പാനാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുളള ദക്ഷിണ കൊറിയ 1.23 ദശലക്ഷം കേസുകളാണ് ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നിലുളള അമേരിക്കയില്‍ 1.19 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 3,600 കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കേസുകൾ റിപ്പോർട്ടുകൾ ചെയ്ത കാര്യത്തിൽ ചൈന ഒൻപതാം സ്ഥാനത്താണ്.
ഇതേസമയത്തെ, മരണനിരക്ക് പരിശോധിച്ചാൽ 7,500-ലധികം മരണങ്ങളുമായി യു എസാണ് പട്ടികയിൽ ഒന്നാമതുളളത്. 4,086 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ജപ്പാനും 2,165 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. അതേസമയം, ഇന്ത്യയിൽ 58 മരണങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ കോവിഡ് രൂക്ഷമായി തുടരുന്ന ചൈനയിൽ ഒൻപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബറിലെ കോവിഡ് കണക്കുകൾ പരിഗണിച്ചതിലുളള 15 രാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതും ചൈനയിൽ നിന്നുമാണെന്നത് വളരെ ശ്രദ്ധേയമാണ്. ഔദ്യോഗികമായി, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5,200 പേർ മാത്രമാണ് ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചത്. മാത്രവുമല്ല ഏറ്റവും കുറവ് കേസുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ത്യയേക്കാൾ കുറവ് മരണമാണ് ചൈനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ യാഥാർത്ഥ്യം ഇതൊന്നുമല്ല. ചൈനയുടെ തലസ്ഥാനം അടക്കം രോഗികളെക്കൊണ്ട് ആശുപത്രികളും മൃതദേഹങ്ങൾ കൊണ്ട് ശ്മശാന ഭൂമികളും നിറഞ്ഞപ്പോൾ മോർച്ചറികളിൽ സ്ഥലമില്ലാത്ത അവസ്ഥയാണ് ചൈനയിലേതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ബൂസ്റ്റര്‍ ഡോസായി മൂക്കിലൊഴിക്കുന്ന വാക്സിന്‍; ഭാരത് ബയോടെക്കിന്റെ വാക്സിന്‍ അടുത്തയാഴ്ച മുതല്‍
വാക്സിനേഷനിലും ചൈന ഒട്ടും മോശമല്ല. 89 ശതമാനം ആൾക്കാരാണ് ഇവിടെ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കുന്നത്. വാക്സിനേഷന്റെ കാര്യത്തിൽ ആറാം സ്ഥാനത്തുളള ജപ്പാൻ ജനസംഖ്യയുടെ 83 ശതമാനവും രണ്ട് ഡോസുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഡിസംബറിൽ മരണനിരക്കിൽ രണ്ടാം സ്ഥാനത്താണ് ജപ്പാനുളളത്. ജപ്പാനെ കൂടാതെ, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടാം സ്ഥാനത്തുളള ദക്ഷിണ കൊറിയയിലും 500-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തായ്വാനിലും സ്ഥിതി ഇതു തന്നെയാണ്. ഈ രണ്ട് രാജ്യങ്ങളിലും ജനസംഖ്യയുടെ 86 ശതമാനം ആളുകളും ആദ്യത്തെ രണ്ട് ഡോസുകളും എടുത്തിരുന്നു.
യുഎസ്, ജർമ്മനി, ഫ്രാൻസ് അടക്കമുളള രാജ്യങ്ങളിൽ തീവ്രപരിചരണ വിഭാഗങ്ങളടക്കം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. എന്നാൽ രണ്ട് ഡോസും സ്വീകരിച്ച് ആളുകളുടെ എണ്ണം 70 ശതമാനത്തിൽ താഴെയാണെന്നതും ശ്രദ്ദേയമാണ്. മൂന്നാം കോവിഡ് തരംഗവും ഇന്ത്യയെ തൊട്ടുപോയപ്പോൾ ധാരാളം പേരാണ് കോവിഡിന് കീഴ്പ്പെട്ടത്.
ചൈനയിൽ കോവിഡ് വ്യാപനം മൂർച്ഛിച്ചതോടെ ലോകം വീണ്ടും കോവിഡ് ആശങ്കയിലാണ്. ആഫ്രിക്ക ഒഴികെ 11 ദശലക്ഷം കോവിഡ് കേസുകളാണ് പുതുതായി ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡിസംബറിൽ ലോകത്താകമാനം വൈറസ് വ്യാപിക്കുമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടൽ.