ക്യൂബന്‍ കുടുംബ നിയമങ്ങളില്‍ ചരിത്രപരമായ മാറ്റം; സ്വവര്‍ഗ വിവാഹത്തെയും വാടകഗര്‍ഭധാരണത്തെയും അനുകൂലിച്ച്  ജനങ്ങള്‍

ക്യൂബന്‍ കുടുംബ നിയമങ്ങളില്‍ ചരിത്രപരമായ മാറ്റം; സ്വവര്‍ഗ വിവാഹത്തെയും വാടകഗര്‍ഭധാരണത്തെയും അനുകൂലിച്ച് ജനങ്ങള്‍

സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കത്തോലിക്കാ സഭ രംഗത്ത്
Updated on
1 min read

ക്യൂബയില്‍ കുടുംബ നിയമങ്ങളില്‍ ചരിത്രപരമായ മാറ്റം. ഹിതപരിശോധനയില്‍ സ്വവര്‍ഗ വിവാഹത്തെയും വാടകഗര്‍ഭധാരണത്തെയും അനുകൂലിച്ച് ജനങ്ങള്‍ വോട്ട് ചെയ്തതോടെ രാജ്യത്ത് പുതിയ കുടുംബ ബില്ലിന് അംഗീകാരമായി. സ്വവര്‍ഗ വിവാഹത്തിനും വാടകഗര്‍ഭ ധാരണത്തിനും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനും നിയമസാധുത നല്‍കുന്ന ബില്ലിലാണ് ജനഹിത പരിശോധന നടത്തിയത്. ഗവണ്‍മെന്റ് പിന്തുണയോടെ നടന്ന വോട്ടെടുപ്പില്‍ 66.9 ശതമാനം പേര്‍, അതായത് 3.9 ദശലക്ഷത്തിലധികം പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തുവെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്‌റോ ഗുട്ടറസ് പറഞ്ഞു.

നീതി നടപ്പായി എന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങള്‍ക്കും അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പ്രതികരിച്ചു. 1975ലെ കുടുംബ കോഡില്‍ അനിവാര്യമായ മാറ്റമാണ് ഇതിലൂടെ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കത്തോലിക്കാ സഭ രംഗത്തെത്തി. പുതുക്കിയ കുടുംബ കോഡ് അനുസരിച്ച് സ്വവര്‍ഗ വിവാഹവും സിവില്‍ യൂണിയനുകളും നിയമവിധേയമാകുകയും, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അനുവാദം ലഭിക്കുകയും കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള ഗാര്‍ഹിക അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തുല്യമായി പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ യോഗ്യരായ 8.4 ദശലക്ഷം ക്യൂബക്കാരില്‍ 74% പേര്‍ പങ്കെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഡയസ്-കാനലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഫലപ്രഖ്യാപനംനടത്തിയത്. കാനല്‍ തന്നെയാണ് കോഡ് സ്വീകരിക്കുന്നതിനുള്ള പ്രചാരണത്തിനും നേതൃത്വം നല്‍കിയത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യുബയില്‍ മുന്‍ റഫറണ്ടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 33% പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തതും ശ്രദ്ധേയമായി.

ക്യൂബയിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി തിരഞ്ഞെടുപ്പ് ഫലത്തെ കാണാമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2018-ല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിയമവിധേയമാക്കിയതിന് ശേഷം ഇത്തരത്തിലുള്ള ആദ്യ വോട്ടെടുപ്പ് കൂടിയായിരുന്നു ഞായറാഴ്ച നടന്നത്.

logo
The Fourth
www.thefourthnews.in