സിറില്‍ റാംഫോസ
സിറില്‍ റാംഫോസ

ദക്ഷിണാഫ്രിക്കയിൽ സഖ്യ സർക്കാറുമായി എഎൻസി; സിറില്‍ റാംഫോസയെ പ്രസിഡന്റായി തിരഞ്ഞെടുത്തു

നെൽസൺ മണ്ടേല സ്ഥാപിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടികളില്‍ ഒന്നാണ്
Updated on
1 min read

സിറില്‍ റാംഫോസയെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കൻ പാർലമെന്റ്. റംഫോസയുടെ പാർട്ടിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസും (എഎൻസി) പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസും (ഡിഎ) തമ്മിൽ ചരിത്രപരമായ കരാർ ഉണ്ടാക്കി മണിക്കൂറുകൾക്ക് ശേഷമാണ് സിറിൽ റാംഫോസയെ രണ്ടാമതും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി പാർലമെന്റ് തിരഞ്ഞെടുത്തത്.

സിറില്‍ റാംഫോസ
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ കൈവിട്ട് ദക്ഷിണാഫ്രിക്ക; തിരിച്ചടിക്ക് പിന്നിലെന്ത് ?

വിജയ പ്രസംഗത്തിൽ പുതിയ സഖ്യത്തെ അഭിനന്ദിച്ച റംഫോസ, രാജ്യത്തെ എല്ലാവരുടെയും നന്മയ്ക്കായി നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് 40 ശതമാനവും ഡെമോക്രാറ്റിക് അലയൻസ് 22 ശതമാനവും ആണ് വോട്ടു നേടിയത്. എഎൻസിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാതെ വന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് റംഫോസ അധികാരമേൽക്കുന്നത്.

ഇടത് പാര്‍ട്ടിയായ എക്കോണമിക് ഫ്രീഡം ഫൈറ്റേഴ്‌സ് പാർട്ടിയുടെ നേതാവ് ജൂലിയസ് മലേമയും റാംഫോസയും തമ്മിൽ നടന്ന വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിയും ഏറെ നേരം നീണ്ടുപോയിരുന്നു. മലേമ 44 വോട്ടു നേടിയപ്പോൾ റാംഫോസ 283 വോട്ടുകൾ നേടി. കരാറിന്റെ ഭാഗമായി റംഫോസക്ക് വോട്ടു ചെയ്യുമെന്ന് ഡിഎ നേരത്തെ പറഞ്ഞിരുന്നു.

സിറില്‍ റാംഫോസ
ജി7 ഉച്ചകോടിയില്‍ എന്തുകൊണ്ട് ഇന്ത്യ?

30 വർഷത്തിനിടെ ആദ്യമായാണ് എഎൻസിക്ക് രാജ്യത്ത് ഭൂരിപക്ഷം നഷ്ടപ്പെടുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് പാർട്ടി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിട്ടത്. നെൽസൺ മണ്ടേല സ്ഥാപിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടികളില്‍ ഒന്നാണ്.

എഎൻസി സെക്രട്ടറി ജനറൽ ഫിക്കിലെ എംബാലുല ഡി എയുമായുള്ള സഖ്യ കരാറിനെ ശ്രദ്ധേയമായ ചുവടുവെപ്പ് എന്നാണ് വിശേഷിപ്പിച്ചത്. പാർലമെന്റിൽ ക്യാബിനറ്റ് സ്ഥാനങ്ങൾ അനുവദിക്കുക എന്നതാണ് റാംഫോസയുടെ അടുത്ത ചുമതല. ഡി എ അംഗങ്ങളും കരാർ പ്രകാരം ക്യാബിനെറ്റിന്റെ ഭാഗമാകും.

അധിനിവേശ ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പുകൾ നടത്തുകയും വർണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തുകയും ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിൽക്കുകയും ചെയ്ത പാർട്ടിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. 1994 ൽ നെൽസൺ മണ്ടേല അധികാരമേറ്റതിന് ശേഷം ദേശീയ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വോട്ട് വിഹിതം ഒരിക്കലും 50ശതമാനത്തിൽ കുറഞ്ഞിട്ടില്ല. 2018 ലെ കടുത്ത അധികാര പോരാട്ടത്തെത്തുടർന്ന് ജേക്കബ് സുമയെ പുറത്താക്കിയാണ് എഎൻസി നേതാവായ റംഫോസ അധികാരത്തിൽ എത്തുന്നത്.

സിറില്‍ റാംഫോസ
ഒരു കിലോ ഉള്ളിക്ക് 70 ഡോളര്‍, വിശപ്പകറ്റാന്‍ ബ്രഡ് മാത്രം; ലോകം ബലി പെരുന്നാളിനൊരുങ്ങുമ്പോള്‍ ഗാസയില്‍ പട്ടിണിമാത്രം

ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ 55 ശതമാനം ദാരിദ്ര്യത്തിലാണ്. വെള്ളമോ വൈദ്യുതിയോ ശരിയായ പാർപ്പിടമോ ഇല്ലാതെ നിരവധി ആളുകളാണ് കഷ്ടപ്പെടുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർച്ചയിലാണ്. 33 ശതമാനം ആണ് രാജ്യത്തെ തൊഴിലില്ലായ്മ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വെല്ലുവിളികളില്ലാത്ത ഭരണത്തിന് പിന്നാലെ എഎൻസി നേതൃത്വം അനവധി അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in