'അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ'; പെന്റഗണ്‍ പേപ്പറുകള്‍ ചോർത്തിയ ഡാനിയല്‍ എല്‍സ്‌ബര്‍ഗ് അന്തരിച്ചു

'അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ'; പെന്റഗണ്‍ പേപ്പറുകള്‍ ചോർത്തിയ ഡാനിയല്‍ എല്‍സ്‌ബര്‍ഗ് അന്തരിച്ചു

പെന്റഗണ്‍ പേപ്പർ ചോര്‍ച്ചയിലൂടെ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് ദീര്‍ഘകാലമായി നിലനിന്നിരുന്ന സംശയങ്ങളും അമേരിക്കന്‍ സര്‍ക്കാരിന്റെ വഞ്ചനയെക്കുറിച്ചുമാണ് എല്‍സ്ബര്‍ഗ് പുറത്തുവിട്ടത്.
Updated on
2 min read

വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിനെ കുറിച്ച് തുറന്നുകാട്ടിയ വിസിൽബ്ലോവർ ഡാനിയൽ എൽസ്‌ബർഗ് അന്തരിച്ചു. 92 വയസായിരുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഡാനിയല്‍ എല്‍സ്‌ബര്‍ഗിന്റെ മരണം. മുൻ അമേരിക്കൻ മിലിട്ടറി അനലിസ്റ്റായ ഡാനിയൽ എൽസ്‌ബർഗ് 1971-ൽ നടത്തിയ പെന്റഗൺ പേപ്പേഴ്സ് ചോർച്ച അദ്ദേഹത്തെ "അമേരിക്കയിലെ ഏറ്റവും അപകടകരമായ മനുഷ്യൻ" എന്ന് വിളിക്കുന്നതിലേക്ക് നയിച്ചു. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട 7000 ത്തോളം സുപ്രധാന വിവരങ്ങളാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയതും യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയതും. 

അമേരിക്കയിലെ ഏറ്റവും 'അപകടകരമായ മനുഷ്യന്‍' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിന് ഈ വെളിപ്പെടുത്തൽ കാരണമായി

പതിറ്റാണ്ടുകളായി, അമേരിക്കൻ സർക്കാരിന്റെ അതിരുകടന്ന സൈനിക ഇടപെടലുകളുടെ വിമർശകനായിരുന്നു എൽസ്ബർഗ്. എഡ്വേർഡ് സ്നോഡനും വിക്കിലീക്സും സർക്കാർ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന് വളരെ മുൻപുതന്നെ, തങ്ങളുടെ സർക്കാർ തെറ്റിദ്ധരിപ്പിക്കാനും കള്ളം പറയാനും പ്രാപ്തമാണെന്ന് എൽസ്ബർഗ് അമേരിക്കക്കാരെ അറിയിച്ചു. വാഷിങ്ടൺ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും മാധ്യമപ്രവർത്തകർക്കൊപ്പമാണ് എൽസ്ബർഗ് നടത്തിയ വെളിപ്പെടുത്തലുകൾ നടത്തിയത്. 1971-ൽ വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിൽ എൽസ്‌ബർഗ് രഹസ്യമായി മാധ്യമങ്ങളെ കണ്ടു. പെന്റഗണ്‍ പേപ്പർ ചോര്‍ച്ചയിലൂടെ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് ദീര്‍ഘകാലമായി നിലനിന്നിരുന്ന സംശയങ്ങളും അമേരിക്കന്‍ സര്‍ക്കാരിന്റെ വഞ്ചനയെക്കുറിച്ചുമാണ് എല്‍സ്ബര്‍ഗ് പുറത്തുവിട്ടത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ ഇടപെടലുകളെക്കുറിച്ചുള്ള രഹസ്യങ്ങളാണ് ഇതോടെ പുറത്തായത്. ഇതോടെ റിച്ചാര്‍ഡ് നിക്‌സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന ഹെൻറി കിസിങർ അദ്ദേഹത്തെ "അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ" എന്ന് വിശേഷിപ്പിച്ചു.

പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയിലേക്കും പെന്റഗണ്‍ പേപ്പര്‍ വെളിപ്പെടുത്തലുകള്‍ നയിച്ചു

പെന്റഗണ്‍ പേപ്പറിനെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിലെ പ്രസിദ്ധീകരണം തടയാന്‍ നിക്‌സണ്‍ ഭരണകൂടം ശ്രമിച്ചതോടെയാണ് കേസ് സുപ്രീം കോടതിയിലേക്ക് എത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് സുപ്രീം കോടതി വിധിയുണ്ടായത്. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലേക്കും പെന്റഗണ്‍ പേപ്പര്‍ വെളിപ്പെടുത്തലുകള്‍ നയിച്ചു.

1971-ൽ ലോസ് ഏഞ്ചൽസിലെ ഫെഡറൽ കോടതിയിൽ എൽസ്ബർഗിനെതിരെ മോഷണം, ചാരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. എന്നാൽ നിയമവിരുദ്ധമായ വയർടാപ്പിങ് ഉൾപ്പെടെയുള്ള ഗുരുതരമായ സർക്കാർ കൃത്യവിലോപം ചൂണ്ടിക്കാട്ടി ജഡ്ജി കേസ് തള്ളുകയായിരുന്നു. കേസിന്റെ മധ്യത്തിൽ പ്രസിഡന്റ് നിക്‌സന്റെ ഉന്നത സഹായികളിൽ ഒരാൾ തനിക്ക് എഫ്ബിഐ ഡയറക്ടറുടെ ജോലി വാഗ്ദാനം ചെയ്തതായും ജഡ്ജി പിന്നീട് വെളിപ്പെടുത്തി. എൽസ്‌ബെർഗിന്റെ മനോരോഗ വിദഗ്ധന്റെ ഓഫീസിൽ സർക്കാർ അനുമതിയോടെ മോഷണം നടന്നതായും വെളിപ്പെട്ടു.

എൽസ്ബർഗ് നടത്തിയ പോരാട്ടം പിന്നീട് നിരവധി ചലച്ചിത്രങ്ങൾക്കും പ്രമേയമായി മാറിയിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ എല്‍സ്ബെര്‍ഗ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായും റാന്‍ഡ് കോര്‍പ്പറേഷനിലെ മിലിട്ടറി അനലിസ്റ്റായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്‍സള്‍ട്ടന്റായും ജോലി ചെയ്തിരുന്നു. പത്രസ്വാതന്ത്ര്യത്തിനും ആണവ വിരുദ്ധ പ്രസ്ഥാനത്തിനും വേണ്ടി വാദിച്ച് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനമാണ് എല്‍സ്‌ബര്‍ഗ് നയിച്ചത്.

logo
The Fourth
www.thefourthnews.in