ദുരന്തമൊഴിയാതെ തുർക്കിയും സിറിയയും; ഭൂചലനത്തില്‍ മരണസംഖ്യ 7800 കടന്നു; മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം

ദുരന്തമൊഴിയാതെ തുർക്കിയും സിറിയയും; ഭൂചലനത്തില്‍ മരണസംഖ്യ 7800 കടന്നു; മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം

റോഡുകൾ തകർന്നതിനാൽ ദുരന്തമേഖലയിലേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാൻ വൈകുന്നുണ്ട്
Published on

ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. ആകെ മരണസംഖ്യ 7800 കടന്നു. ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചതോടെ മരണസംഖ്യ ഗണ്യമായി ഉയരാനാണ് സാധ്യത. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിശൈത്യത്തിലും ഇവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. റോഡുകൾ തകർന്നതിനാൽ ദുരന്തമേഖലയിലേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാൻ വൈകുന്നുണ്ട്. ദുരന്തബാധിത മേഖലയായ 10 പ്രവിശ്യകളിൽ തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 14 ലക്ഷം കുട്ടികളാണ്. 20000ത്തിന് മുകളില്‍ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, പ്രതികൂല കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാക്കാനിടയുണ്ട്. തു‍ർക്കിയിലെ പൗരാണിക കെട്ടിടങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഫ്ലാറ്റുകൾ എന്നിവയുൾപ്പെടെ ആറായിരത്തിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

12 വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിലാണ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി തുടരുന്നത്. അലപ്പോ, ലതാകിയ, ഹാമ, ടാർട്ടസ് പ്രവിശ്യകളിലുടനീളം നാശനഷ്ടമുണ്ടായതായി സിറിയൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും വാര്‍ത്തകളും ദുരന്തബാധിത മേഖലയിൽ നിന്ന് പുറത്തുവരുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി പോയ പത്ത് വയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രവും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകള്‍, മെഡിക്കല്‍ ടീം, ഡ്രില്ലിങ് മെഷീനുകള്‍ എന്നിവയ്ക്കൊപ്പം ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചു

തുർക്കിക്കും സിറിയയ്ക്കും സഹായവുമായി നിരവധി ലോക രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. തിരച്ചിൽ സംഘങ്ങളും ദുരിതാശ്വാസ സാമഗ്രികളും വിമാനമാർഗം എത്തിത്തുടങ്ങി. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച രണ്ട് സ്ഥലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത് ചൂണ്ടിക്കാട്ടി സഹായം നൽകാൻ തയാറാണെന്ന് പറഞ്ഞ് യുനെസ്കോയും രംഗത്തെത്തിയിട്ടുണ്ട്. അലപ്പോയിലെ പഴയ നഗരത്തിനും തെക്കുകിഴക്കൻ തുർക്കി നഗരമായ ദിയാർബാകിറിലെ കോട്ടയ്ക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് പുറമേ, കുറഞ്ഞത് മൂന്ന് ലോക പൈതൃക സ്ഥാപനങ്ങളെയെങ്കിലും ഇത് ബാധിക്കുമെന്ന് യുനെസ്കോ അറിയിച്ചു.

തുര്‍ക്കിക്ക് ഇന്ത്യയുടെ പൂര്‍ണസഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തുർക്കി പ്രസിഡന്റ് എര്‍ദോഗാനെ ഫോണില്‍ വിളിച്ച് നാറ്റോ സഖ്യ കക്ഷികളുടെ സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യയും അമേരിക്കയുമടക്കം 45 രാജ്യങ്ങളാണ് രക്ഷാ പ്രവർത്തനത്തിന് സഹായ വാഗ്ദാനം ചെയ്തത്. പിന്നാലെ, തുര്‍ക്കിയിലേക്ക് ഇന്ത്യയുടെ ആദ്യ സംഘത്തെ അയച്ചു. എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകള്‍, മെഡിക്കല്‍ ടീം, ഡ്രില്ലിങ് മെഷീനുകള്‍ എന്നിവയ്ക്കൊപ്പം ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചതിൽ ഉൾപ്പെടുന്നു.

ദുരന്തമൊഴിയാതെ തുർക്കിയും സിറിയയും; ഭൂചലനത്തില്‍ മരണസംഖ്യ 7800 കടന്നു; മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം
രണ്ട് രാജ്യങ്ങളെ പിടിച്ചുലച്ച ദുരന്തം: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തിന് വഴിവച്ചത് എന്ത്?

തിങ്കളാഴ്ച പുലർച്ചെ 3.30 നായിരുന്നു തുർക്കിയിൽ ആദ്യ ചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ദക്ഷിണ തുര്‍ക്കിയില്‍ ഉണ്ടായത്. പിന്നീട് ശക്തമായ തുടർചലനങ്ങൾ ഉണ്ടാകുകയായിരുന്നു. ഗാസിയാന്‍ടെപ് പ്രവിശ്യയിലെ നുര്‍ഗാഡിയ്ക്ക് സമീപമാണ് ഭൂചലനത്തിന്‌റെ പ്രഭവകേന്ദ്രം. രണ്ടാമത്തെ ചലനത്തിന്റെ കേന്ദ്രം കഹ്‌റമൻമാരാഷ് പ്രവശ്യയിലെ എകിനോസുവിനടുത്തും മൂന്നാമത്തേത് ഗോക്‌സനും സമീപവുമാണുണ്ടായത്. ഈ പ്രദേശങ്ങള്‍ക്കിടയിലുള്ള കെട്ടിടങ്ങളുടെ മുഴുവന്‍ നിരയും തകർന്നു. ലോകത്തിലെ അപകടകരമായ ഭൂകമ്പ മേഖലകളിൽ ഒന്നായ തുർക്കിയിൽ, 1939 ലായിരുന്നു ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലില്‍ 7 .8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 33,000 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 1999 ല്‍ ഡൂസ് മേഖലയില്‍ അനുഭവപ്പെട്ട റിക്ടർ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,000 പേരും കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in