ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാന്‍; 2000 പേർ മരിച്ചതായി താലിബാൻ
പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 2000 കടന്നതായി മുതിർന്ന താലിബാൻ വക്താവ്. രണ്ട് ദശാബ്ദത്തിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്നിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമെന്നും ആശങ്കയുണ്ട്. ഹെറാത്ത് പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി ആളുകളെ കാണാതായിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ദുരന്തനിവാരണ സേനകൾ ബുദ്ധിമുട്ടുകയാണ്.
ശനിയാഴ്ചയുണ്ടായ ഒന്നിലധികം ഭൂചലനങ്ങൾ ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള നാല്പതോളം കിലോമീറ്റർ പ്രദേശത്തെ ബാധിച്ചു
ദുരന്തബാധിത പ്രദേശങ്ങളിൽ ടെന്റുകൾ, മരുന്നുകൾ , ഭക്ഷ്യവസ്തുക്കൾ എന്നിവ അടിയന്തരമായി ആവശ്യമാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. ആളുകളെ സഹായിക്കാൻ വ്യവസായികളും എൻജിഒകളും മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു. ഭൂചലനത്തിൽ ആറോളം ഗ്രാമങ്ങളാണ് ബാധിക്കപ്പെട്ടത്. നൂറോളം പേർ കൊല്ലപ്പെട്ടതായാണ് ദേശീയ ദുരന്ത നിവാരണ സേന ശനിയാഴ്ച രാവിലെ അറിയിച്ചതെങ്കിലും ഐക്യരാഷ്ട്ര സഭ പിന്നീടത് 320 ആയി ഉയർന്നുവെന്ന് അറിയിച്ചിരുന്നു.
ശനിയാഴ്ചയുണ്ടായ ഒന്നിലധികം ഭൂചലനങ്ങൾ ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള നാല്പതോളം കിലോമീറ്റർ പ്രദേശത്തെ ബാധിച്ചിരുന്നു. പ്രാദേശിക സമയം 11 മണിയോടെയായിരുന്നു ദുരന്തമുണ്ടായത്. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ ജാൻ ജില്ലയിലെ നാല് ഗ്രാമങ്ങളിൽ ഭൂചലനത്തിലും തുടർചലനങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദുരന്ത അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുല്ല ജാൻ പറഞ്ഞു. ഫറാ, ബാഡ്ജസ് പ്രവിശ്യകളിലെ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി സെൻഡ ജാനിലേക്ക് 12 ആംബുലൻസുകൾ അയച്ചതായി അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടന അറിയിച്ചു.
ദുരന്തത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കാനും വീട് നഷ്ടമായവർക്ക് അഭയം നൽകാനും പ്രാദേശിക സംഘടനകൾ മുന്നോട്ടുവരണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ അവരുടെ എല്ലാ വിഭവങ്ങളും സൗകര്യങ്ങളും ഉപയോഗിക്കണമെന്ന് അവർ പറഞ്ഞു.
2022 ജൂണിൽ കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ നടന്ന ഭൂചലനത്തിൽ ഏകദേശം ആയിരത്തോളം ആളുകൾ കൊല്ലപ്പെടുകയും 1500 പേർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. രണ്ടു ദശാബ്ദത്തിനിടയിൽ അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു അന്നത്തേത്.