തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 16,000 കടന്നു; ശക്തമായ ഭൂകമ്പത്തിൽ തുർക്കിക്ക് സ്ഥാനമാറ്റം സംഭവിച്ചെന്ന് ഗവേഷകർ

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 16,000 കടന്നു; ശക്തമായ ഭൂകമ്പത്തിൽ തുർക്കിക്ക് സ്ഥാനമാറ്റം സംഭവിച്ചെന്ന് ഗവേഷകർ

ദുരിതബാധിത കുടുംബങ്ങൾക്ക് സർക്കാർ 10,000 തുർക്കി ലിറ (532 ഡോളർ) നൽകുമെന്ന് ത്വയിബ് എർദോഗൻ വ്യക്തമാക്കി
Updated on
2 min read

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 16,000 കടന്നു. കൊടുംതണുപ്പിലും രക്ഷാപ്രവർത്തനം തുടരുകയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍. തുർക്കിയിൽ 12,873 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോ​ഗിക കണക്കുകൾ. 60,000ത്തിലധികം പേർക്ക് പരുക്കേറ്റതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. അതേസമയം സിറിയയില്‍ 3,162 പേർ മരിക്കുകയും 5,000ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് കണക്കുകള്‍. പതിനായിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെട്ടു.

അതേസമയം ദുരന്തബാധിത മേഖലകളിൽ സർക്കാരിന്റെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്ന വിമർശനങ്ങൾക്കിടയിൽ പ്രസിഡന്റ് റജബ് ത്വയിബ് എർദോഗൻ, ഭൂകമ്പം നാശം വിതച്ച ഗാസിയാൻടെപ്, ഒസ്മാനിയേ, കിലിസ് എന്നീ പ്രവിശ്യകൾ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവർത്തനത്തിൽ ചില പ്രശ്നമുണ്ടായിരുന്നെന്നും നിലവിൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും എർദോഗൻ വ്യക്തമാക്കി. ഇത്തരമൊരു ദുരന്തത്തിന് മുൻകൂട്ടി തയ്യാറാവുക എന്നത് സാധ്യമല്ല. ഒരു പൗരനെയും ഞങ്ങൾ ശ്രദ്ധിക്കാതെ പേവില്ല. മാന്യതയില്ലാത്ത ആളുകൾ സർക്കാരിന്റെ നടപടികളെക്കുറിച്ച് നുണകളും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും കനത്ത നാശനഷ്ടമുണ്ടായ ഹതായ് പ്രവിശ്യ സന്ദർശിച്ച ശേഷം എർദോഗൻ പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്ക് സർക്കാർ 10,000 തുർക്കി ലിറ (532 ഡോളർ) നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 16,000 കടന്നു; ശക്തമായ ഭൂകമ്പത്തിൽ തുർക്കിക്ക് സ്ഥാനമാറ്റം സംഭവിച്ചെന്ന് ഗവേഷകർ
രണ്ട് രാജ്യങ്ങളെ പിടിച്ചുലച്ച ദുരന്തം: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തിന് വഴിവച്ചത് എന്ത്?

അതിനിടെ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ തുർക്കി സ്ഥിതിചെയ്യുന്ന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് വലിയനിലയിൽ സ്ഥാനമാറ്റം സംഭവിച്ചെന്ന് റിപ്പോർട്ട്. തുർക്കി സ്ഥിതിചെയ്യുന്ന ടെക്റ്റോണിക് പ്ലേറ്റുകൾ മൂന്നടി വരെ നീങ്ങിയതായി കണ്ടെത്തിയെന്ന് ഇറ്റാലിയൻ ഭൂകമ്പ ശാസ്ത്രജ്ഞൻ പ്രൊഫസർ കാർലോ ഡോഗ്ലിയോണി ഒരു പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. സിറിയയുമായി താരതമ്യം ചെയ്യുമ്പോൾ തുർക്കി മുൻപ് നിന്നതിൽ നിന്നും ആറ് മീറ്റർ വരെ പടിഞ്ഞാറ് ഭാഗത്തേക്ക് വഴുതി നീങ്ങിയിരിക്കുകയാണെന്നാണ് ഡോഗ്ലിയോണി വ്യക്തമാക്കുന്നത്. എന്നാൽ ഇതെല്ലാം പ്രാരംഭ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കൂടുതൽ കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

തണുത്തുറഞ്ഞ കാലാവസ്ഥയില്‍ രക്ഷപ്രവര്‍ത്തനം കൂടുതല്‍ ദുസഹമായിക്കൊണ്ടിരിക്കുകയാണ്. ആശയവനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും കൊടും തണുപ്പും രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ദുരന്തത്തില്‍ നിന്ന് കരകയറിയവര്‍ തന്നെ, ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി നെട്ടോട്ടമോടുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുരന്ത ബാധിത പ്രദേശമായ സിറിയയില്‍ സ്ഥിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. അടിയന്തര സഹായത്തിനായി യൂറോപ്യന്‍ യൂണിയനോട് സിറിയ അഭ്യര്‍ത്ഥിച്ചതായി സിറിയന്‍ ബ്ലോക്ക് കമ്മീഷ്ണര്‍ ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് ജാനസ് ലെനാര്‍സിക് വ്യക്തമാക്കി. ഒരു ദശാബ്ദക്കാലത്തെ ആഭ്യന്തരയുദ്ധവും സിറിയന്‍-റഷ്യന്‍ വ്യോമാക്രമണവും ഇതിനകം സിറിയയിലെ ആശുപത്രികളെ തകര്‍ത്തുകഴിഞ്ഞു. സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും വൈദ്യുതി, ഇന്ധനം, വെള്ളം എന്നിവയുടെ ക്ഷാമത്തിന് കാരണമാവുകയും ചെയ്തിട്ടിണ്ട്. മെഡിക്കല്‍ സപ്ലൈകള്‍ക്കും ഭക്ഷണത്തിനുമുള്ള സിറിയയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അമേരിക്ക, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരച്ചില്‍ സംഘങ്ങളെയും ദുരിതാശ്വാസ സാമഗ്രികളും ഇതിനോടകം എത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in