അരനൂറ്റാണ്ടിനിടെ പ്രകൃതിദുരന്തങ്ങളില്‍ കൊല്ലപ്പെട്ടത് 20 ലക്ഷം പേരെന്ന് യുഎൻ; സാമ്പത്തികനഷ്ടം കുതിച്ചുയര്‍ന്നു
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്താകമാനം മരിച്ചത് 20 ലക്ഷം പേരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 1970 മുതൽ 2021 വരെയുള്ള കണക്കുകളാണ് യുഎന്നിന്റെ ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന (ഡബ്ല്യു എം ഒ) തിങ്കളാഴ്ച പുറത്തുവിട്ടത്.
ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 50 വർഷത്തിനിടെ 11,778 പ്രകുതി ദുരന്തങ്ങളാണ് ലോകത്തുണ്ടായത്. ഇതിന്റെ ഫലമായി 356 ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരണമുണ്ടായതിൽ 90 ശതമാനവും വികസ്വര രാജ്യങ്ങളിലാണെന്നും റിപ്പോർട്ടില്‍ കണ്ടെത്തലുണ്ട്. എന്നാല്‍ പല രാജ്യങ്ങളിലുമുള്ള ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനത്തോടെയുള്ള ദുരന്തനിവാരണവും മരണനിരക്ക് കുറയ്ക്കാനും സഹായകമായിട്ടുണ്ട്.
കൂടുതൽ സാമ്പത്തിക നഷ്ടം സംഭവിക്കുന്നത് സമ്പന്ന രാഷ്ട്രങ്ങളിലാണ്. 1970കളുടെ തുടക്കത്തിൽ 400 കോടി രൂപയുടെ പ്രതിദിന നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ അവസാന ദശാബ്ദത്തിൽ 3000 കോടിയായി ഉയര്‍ന്നു
ദരിദ്ര ജനതയാണ് ഈ ദുരന്തങ്ങളുടെയെല്ലാം പ്രധാന ഇരകളാകുന്നതെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെരി ടാലസ് പറഞ്ഞു. കഴിഞ്ഞയാഴ്ച മ്യാൻമറിലും ബംഗ്ലാദേശിലും നാശം വിതച്ച മോക്ക ചുഴലിക്കാറ്റ് ഈ യാഥാർഥ്യത്തിന്റെ ഉദാഹരണമാണെന്നും ടാലസ് പറഞ്ഞു. മോക്ക ചുഴലിക്കാറ്റ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്ക് മ്യാൻമറിലെ സൈനിക സർക്കാർ പുറത്തുവിട്ടിട്ടില്ലെന്നും നിലവിലേത് ശരിയായിട്ടുള്ളതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരണസംഖ്യയുടെ കണക്കുകൾ താഴേക്കാണെങ്കിലും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കുകൾ കുതിച്ചുയരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഏഴിരട്ടിയലധികം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍. കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് സമ്പന്ന രാഷ്ട്രങ്ങളിലാണ്. 1970കളുടെ തുടക്കത്തിൽ 400 കോടി രൂപയുടെ പ്രതിദിന നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ അവസാന ദശാബ്ദത്തിൽ 3,000 കോടിയായി അതുയർന്നിട്ടുണ്ട്.
1970 മുതൽ 2019 വരെയുള്ള ദുരന്തവുമായി ബന്ധപ്പെട്ട മരണങ്ങളും നാശനഷ്‌ങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് 2021ൽ പുറത്തിറക്കിയിരുന്നു. അതിൽ 1970കളുടെ തുടക്കത്തിൽ ഓരോ വർഷവും 50,000-ത്തിലധികം മരണം പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് ലോകത്തുണ്ടായി. എന്നാൽ 2010ലേക്ക് എത്തുമ്പോള്‍, മരണസംഖ്യ പ്രതിവർഷം 20,000മായി കുറഞ്ഞു. നിലവിലെ റിപ്പോർട്ടിൽ 2020ലും 2021ലും കൂടി ആഗോളതലത്തിൽ 22,608 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയതെന്ന് യുഎന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.
2027ഓടെ എല്ലാ രാജ്യങ്ങളിലും കാര്യക്ഷമമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി ആരംഭിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. നിലവിൽ പകുതിയോളം രാഷ്ട്രങ്ങളിൽ മാത്രമേ ഇത്തരം ആധുനിക സംവിധാനങ്ങളുള്ളൂവെന്നും ലോക കാലാവസ്ഥ നിരീക്ഷണ സംഘടന ചൂണ്ടിക്കാട്ടുന്നു.