പെഷവാര്‍ ഭീകരാക്രമണം: പങ്ക് നിഷേധിച്ച് പാക് താലിബാന്‍, മരണസംഖ്യ ഉയരുന്നു

പെഷവാര്‍ ഭീകരാക്രമണം: പങ്ക് നിഷേധിച്ച് പാക് താലിബാന്‍, മരണസംഖ്യ ഉയരുന്നു

ഭീതി വിതയ്ക്കാൻ ലക്ഷ്യമിട്ടാണ് രാജ്യം കാക്കുന്നവരെ ഉന്നം വയ്ക്കുന്നതെന്ന് പാക് പ്രധാനമന്ത്രി
Updated on
1 min read

പാകിസ്താനിലെ പെഷാവറില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ മരണം 87 ആയി. പെഷവാറിലെ പോലീസ് ആസ്ഥാനത്ത് പള്ളിയിലായിരുന്നു സ്ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിലെത്തിയ സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ മരിച്ചവരിലധികവും പോലീസ് ഉദ്യോഗസ്ഥരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താനി താലിബാൻ ആദ്യം ഏറ്റെടുത്തെങ്കിലും പിന്നീട് നിഷേധിച്ചു. ഭീതി വിതയ്ക്കാൻ ലക്ഷ്യമിട്ടാണ് രാജ്യം കാക്കുന്നവരെ ഉന്നം വെയ്ക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. ചൊവ്വാഴ്ച ദുഃഖാചരണ ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ
പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ
പെഷവാര്‍ ഭീകരാക്രമണം: പങ്ക് നിഷേധിച്ച് പാക് താലിബാന്‍, മരണസംഖ്യ ഉയരുന്നു
പാകിസ്താനില്‍ പള്ളിയില്‍ ചാവേറാക്രമണം; 44 പേര്‍ കൊല്ലപ്പെട്ടു, 157 പേര്‍ക്ക് പരുക്ക്

"കഴിഞ്ഞ 18 മണിക്കൂറുകളായി രക്ഷാപ്രവർത്തനം നടന്നു വരികയാണ്. 20 പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു, കൂടുതൽ പേരുടേത് ലഭിച്ചേക്കാം", പാക് വക്താവ് അറിയിച്ചു. 100ലധികം ആളുകൾക്ക് പരുക്കേറ്റതായിആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. 18 മണിക്കൂറിലേറെയായി പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 300നും 400 നും ഇടയിൽ പോലീസ് ഉദ്യോഗസ്ഥർ ആക്രമണ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായി പെഷവാർ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ വ്യക്തമാക്കിയിരുന്നു.

പോലീസ് ആസ്ഥാനവും ഇന്റലിജൻസ്, തീവ്രവാദ വിരുദ്ധ ബ്യൂറോകളും ഉൾപ്പെടുന്ന നഗരത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുള്ള പ്രദേശങ്ങളിലൊന്നിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിലുള്ളവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദ ഭീഷണിക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു.

logo
The Fourth
www.thefourthnews.in